- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആറാം തവണയും റഹീമിന്റെ കേസ് മാറ്റിവെച്ചു; 18 വര്‍ഷമായി സൗദി ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ മോചനം നീളും; പ്രോസിക്യൂഷന്റെ വാദം കേള്‍ക്കലും പ്രതിഭാഗത്തിന്റെ മറുപടി പറച്ചിലുമായി സിറ്റിംഗ് നീണ്ടെങ്കിലും കേസ് മാറ്റിവെക്കുന്നതായി അറിയിപ്പ്
ആറാം തവണയും റഹീമിന്റെ കേസ് മാറ്റിവെച്ചു
റിയാദ്: സൗദി ബാലന്‍ കൊല്ലപ്പെട്ട കേസില്‍ 18 വര്‍ഷമായി റിയാദിലെ ജയിലില്‍ കഴിയുന്ന റഹീമിന്റെ മോചനം നീളും. കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുല്‍ റഹീമിന്റെ മോചനകാര്യത്തില്‍ ഇന്നും തീരുമാനമായില്ല. ആറാം തവണയും കേസ് റിയാദ് കോടതി മാറ്റിവെച്ചു. ഇന്ന് രാവിലെ എട്ടിന് റിയാദ് ക്രിമിനല്‍ കോടതിയില്‍ ആരംഭിച്ച സിറ്റിങ് ഒരു മണിക്കൂറിലേറെ നീണ്ടു. ഓണ്‍ലൈന്‍ സിറ്റിങ്ങില്‍ ജയിലില്‍നിന്ന് റഹീമും റഹീമിന്റെ അഭിഭാഷക സംഘവും ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന്‍ യൂസഫ് കാക്കാഞ്ചേരിയും സഹായ സമിതി സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങളും സന്നിഹിതരായിരുന്നു.
പ്രോസിക്യൂഷന്റെ വാദം കേള്‍ക്കലും പ്രതിഭാഗത്തിന്റെ മറുപടി പറച്ചിലുമായി കുറച്ചധികം നീണ്ട സിറ്റിങ് നടപടികള്‍ ഒരു തീര്‍പ്പിലെത്തും എന്ന പ്രതീക്ഷയുണ്ടായിരുന്നെങ്കിലും കേസ് മാറ്റിവെക്കുന്നതായി അറിയിപ്പാണ് ഒടുവില്‍ വന്നത്. കേസ് പരിഗണിക്കുന്ന അടുത്ത തീയതി ഉടന്‍ അറിയാം. മോചനകാര്യത്തില്‍ തീരുമാനമെടുക്കാനുള്ള ആറാമത്തെ കോടതി സിറ്റിങ്ങാണ് ഇന്ന് നടന്നത്. ഡിസംബര്‍ 30നായിരുന്നു കഴിഞ്ഞ സിറ്റിങ്.
ഒന്നര കോടി സൗദി റിയാല്‍ (34 കോടിയിലേറെ ഇന്ത്യന്‍ രൂപ) ദിയാധനം നല്‍കുകയും കോടതി വധശിക്ഷ ഒഴിവാക്കുകയും ചെയ്‌തെങ്കിലും പബ്ലിക് റൈറ്റ് പ്രകാരമുള്ള കേസില്‍ തീര്‍പ്പുണ്ടാവാത്തതിനാല്‍ മോചന കാര്യത്തില്‍ അനിശ്ചിതത്വം തുടര്‍ന്നിരുന്നു. ഇതിനുവേണ്ടിയുള്ള ആദ്യ സിറ്റിങ് ഒക്‌ടോബര്‍ 21നാണ് നടന്നത്. എന്നാല്‍ ബഞ്ച് മാറിയെന്നും വധശിക്ഷ ഒഴിവാക്കിയ ബഞ്ച് തന്നെയാണ് മോചന കാര്യത്തിലും തീരുമാനമെടുക്കേണ്ടതെന്നും അറിയിച്ച് കോടതി കേസ് മാറ്റിവെക്കുകയായിരുന്നു.
തുടര്‍ന്ന് കഴിഞ്ഞ നവംബര്‍ 17 ന് വധശിക്ഷ ഒഴിവാക്കിയ അതേ ബഞ്ച് കേസ് പരിഗണിച്ചു. എന്നാല്‍ വിഷയം സൂക്ഷ്മമായി പരിശോധിക്കേണ്ടതുള്ളതിനാല്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് കോടതി ഡിസംബര്‍ എട്ടിലേക്ക് മാറ്റി. ആ തീയതിയില്‍ നടന്ന സിറ്റിങ്ങിലും തീരുമാനമായില്ല. എന്നാല്‍ പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ട വിശദീകരണം പ്രതിഭാഗത്തിന് നല്‍കാനായി. അത് കൂടി പരിശോധിച്ചുള്ള തീരുമാനമെടുക്കുന്നതിന് ഡിസംബര്‍ 12ന് സിറ്റിങ് നടത്താന്‍ കോടതി തീരുമാനിച്ചിരുന്നു. എന്നാല്‍ സാങ്കേതികകാരണങ്ങളാല്‍ അന്ന് കോടതി കൂടിയില്ല.
തുടര്‍ന്ന് ഡിസംബര്‍ 30ലേക്ക് സിറ്റിങ് മാറ്റിവെക്കുകയായിരുന്നു. അത് വീണ്ടും ജനുവരി 15 ലേക്ക് മാറ്റുകയായിരുന്നു. ഇതിലെങ്കിലും ഒരു തീര്‍പ്പുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു എല്ലാവരും. റിയാദ് ഇസ്‌കാനിലെ ജയിലിലാണ് അബ്ദുല്‍ റഹീമുള്ളത്.