തിരുവനന്തപുരം: മാതൃഭൂമി സീനിയർ റിപ്പോർട്ടർ ആയിരുന്ന വി.ബി. ഉണ്ണിത്താനെ ക്വട്ടേഷൻ കൊടുത്ത് വധിക്കാൻ ശ്രമിച്ച കേസിൽ പ്രതിയായിട്ടുള്ള എൻ. അബ്ദുൾ റഷീദിന് ഐപിഎസിന് പരിഗണിക്കരുതെന്ന് കാട്ടി കേന്ദ്രസർക്കാരിന് തിരുവനന്തപുരം യൂണിറ്റ് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. കേന്ദ്ര ആഭ്യന്തര വകുപ്പിനും ഇന്റലിജൻസിനുമെല്ലാമായി അയച്ച ഈ റിപ്പോർട്ട് ഒന്നു പരിശോധിക്കുക പോലും ചെയ്യാതെയാണ് ഇയാൾക്ക് ഐപിഎസ് കൊടുത്തത് എന്ന ഞെട്ടിക്കുന്ന വിവരമാണ് പുറത്തു വരുന്നത്. ഇതിനായി കേന്ദ്ര-കേരള സർക്കാരുകൾ വഴിവിട്ടു പ്രവർത്തിച്ചുവെന്നാണ് സൂചന.

രണ്ടു തവണ കേന്ദ്രം അൺഫിറ്റെന്ന് വിധി എഴുതിയ അബ്ദുൾ റഷീദിനെ ഒരു സുപ്രഭാതത്തിൽ ഫിറ്റാക്കിയത് വഴി വിട്ട ഇടപെടലുകൾ തന്നെയാണ്. ഇത്രയും കേസുകളും വിവാദങ്ങളും ഉണ്ടായിട്ടും റഷീദിനെ ഐപിഎസ് പട്ടികയിൽ നിന്നൊഴിവാക്കാൻ തയാറാകാതിരുന്നതും കേന്ദ്ര-കേരള സർക്കാരുകളുടെ ഒത്തുകളിയായിരുന്നു. ഉണ്ണിത്താൻ വധശ്രമക്കേസിൽ സിബിഐ കോടതി വിചാരണ കൂടാതെ കുറ്റവിമുക്തനാക്കിയതാണ് റഷീദിനെ. ഇതിന് പിന്നിൽ ഗുഢാലോചന നടന്നുവെന്ന സംശയത്തെ തുടർന്ന് ഈ കേസിൽ സാക്ഷിപ്പട്ടികയിൽ ഉണ്ടായിരുന്ന കൊല്ലത്ത് നിന്നുള്ള മാധ്യമപ്രവർത്തകർ ഉപേന്ദ്രൻ ഹൈക്കോടതിയിൽ റിവിഷൻ പെറ്റിഷൻ നൽകി.

ആക്രമിക്കപ്പെട്ട ഉണ്ണിത്താനോ കേസ് അന്വേഷിച്ച സിബിഐ തിരുവനന്തപുരം യൂണിറ്റോ പോലും ചെയ്യാതിരുന്ന കാര്യമാണ് ഉപേന്ദ്രൻ ചെയ്തത്. കോടതിയിൽ ഹർജി വന്ന സ്ഥിതിക്ക് തങ്ങൾ സംശയിക്കപ്പെടുമെന്ന് വന്നപ്പോഴാണ് ഉണ്ണിത്താനും സിബിഐ തിരുവനന്തപുരം യൂണിറ്റും റിവിഷൻ പെറ്റീഷനുമായി ഹൈക്കോടതിയെ സമീപിച്ചത്. പക്ഷേ, ഇതിനിടയിലുള്ള സമയം റഷീദിന് ധാരാളമായിരുന്നു. അയാൾ കേരളാ പൊലീസിൽ തിരിച്ചു കയറി. ഒരിക്കലും കിട്ടില്ലെന്ന് കരുതിയിരുന്ന പ്രമോഷൻ പിടിച്ചു വാങ്ങി എസ്‌പിയായി. ഒടുവിൽ ഐപിഎസിലുമെത്തി. ഇതെല്ലാം തെളിയിക്കുന്നത് റഷീദിന്റെ അപ്രമാദിത്വവും പിടിപാടുമാണ്.

റഷീദ് ഐപിഎസിലേക്ക് വന്നത് ഇങ്ങനെ:

ഐപിഎസ് കൺഫർ ചെയ്തവരുടെ ലിസ്റ്റ് പുറത്തു വരുന്നതിന് അഞ്ചു ദിവസം മുൻപ് വരെ കേന്ദ്രകേരള സർക്കാരുകൾ അൺഫിറ്റ് എന്ന് റിപ്പോർട്ട് ചെയ്ത അബ്ദുൾ റഷീദ് എങ്ങനെയാണ് അവസാന നിമിഷം പട്ടികയിൽ വന്നത്.

വധശ്രമം അടക്കം ക്രിമിനൽ കേസുകളിൽ പ്രതിയായ അബ്ദുൾ റഷീദ് കേരളാ പൊലീസിൽ എസ്‌പിയായി സ്ഥാനക്കയറ്റം നേടിയതും ഇങ്ങനെയായിരുന്നു. ഡിവൈഎസ്‌പിമാരുടെ പ്രമോഷൻ ലിസ്റ്റ് വന്നപ്പോൾ ആദ്യം റഷീദിന്റെ പേരില്ലായിരുന്നു. വേറെ എട്ടു പേർക്കായിരുന്നു പ്രമോഷൻ. എന്നാൽ അവസാന നിമിഷം 8 (എ) എന്ന ഉപനമ്പർ സൃഷ്ടിച്ചു ഇയാളെ തിരുകി കയറ്റുകയായിരുന്നു. സിപിഎം നേതൃത്വത്തിലുള്ള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ പ്രസിഡന്റായിരിക്കുന്ന സമയത്താണ് ഇയാൾ ഉണ്ണിത്താൻ വധശ്രമക്കേസിൽ അകപ്പെട്ടത്. അതിന് ശേഷം ജയിൽവാസവും സസ്പെൻഷനുമൊക്കെയായി കഴിഞ്ഞിരുന്ന ഇയാൾക്ക് തുണയായതും സിപിഎം ബന്ധമായിരുന്നുവെന്ന് പറയുന്നു.

2020 മെയ്‌ 30 നാണ് ഇയാൾ തിരുവനന്തപുരം യൂണിറ്റിൽ നിന്ന് ക്രൈംബ്രാഞ്ച് എസ്‌പിയായി വിരമിച്ചത്. ഉണ്ണിത്താൻ വധശ്രമക്കേസിൽ അഞ്ചാം പ്രതിയായിരുന്നു. 2018 ൽ ഉണ്ണിത്താൻ കേസിൽ തിരുവനന്തപുരം സിബിഐ കോടതിയിൽ നിന്ന് ഡിസ്ചാർജ് വാങ്ങി. കേസിൽ മാപ്പുസാക്ഷിയായ കണ്ടെയ്നർ സന്തോഷ് എന്ന സന്തോഷ്‌കുമാറിന്റെ മൊഴി നിലനിൽക്കുമ്പോഴാണ് റഷീദിനെ വിചാരണ കൂടാതെ വിട്ടയച്ചത്. ഇതിനെതിരേ ഹൈക്കോടതിയിൽ സിബിഐ, വി.ബി. ഉണ്ണിത്താൻ, ജി.വിപിനൻ, എസ്. സന്തോഷ് എന്നിവർ നൽകിയ ഹർജികൾ നിലനിൽക്കുമ്പോഴാണ് റഷീദിനെ കുറ്റമുക്തനാക്കിയത്.

ക്രിമിനൽ പശ്ചാത്തലവും നിരോധിത സംഘടനകളുമായി ബന്ധമുള്ളയാളുമായ അബ്ദുൾ റഷീദിന് ഐപിഎസ് കൊടുക്കരുതെന്നാവശ്യപ്പെട്ട് കേസിലെ മാപ്പുസാക്ഷി സന്തോഷ്‌കുമാർ കഴിഞ്ഞ വർഷം മെയ്‌ 25 ന് യുപിഎസ് സി ചെയർമാന് കത്തയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ യുപിഎസ് സി സംസ്ഥാനത്തോട് റിപ്പോർട്ട് തേടി. എറണാകുളം ടൗൺ സൗത്ത് സ്റ്റേഷൻ അസി. കമ്മിഷണറോട് അന്വേഷിച്ചു റിപ്പോർട്ട് കൊടുക്കാൻ സംസ്ഥാന സർക്കാർ ഉത്തരവിട്ടു.

എന്നാൽ പരാതിക്കാരനായ സന്തോഷിനെയും ഭാര്യ ഷൈനിയെയും ജൂലൈ രണ്ടിന് സ്റ്റേഷനിൽ വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തുകയാണ് പൊലീസ് ഇൻസ്പെക്ടർ ആയിരുന്ന ശശിധരൻ പിള്ള ചെയ്തത്. ഇതിനെതിരേ ജൂലൈ മൂന്നിന് ഷൈനി സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകുകയും ജൂലൈ ഏഴിന് ഹൈക്കോടതിയിൽ റിട്ട് പെറ്റീഷൻ ഫയൽ ചെയ്യുകയും ചെയ്തു. ശശിധരൻ പിള്ളയ്ക്കെതിരേ വകുപ്പു തല നടപടിയെടുത്തെങ്കിലും റഷീദിനെതിരേ കൊടുത്ത പരാതി കളവാണെന്ന് സിറ്റി പൊലീസ് കമ്മിഷണർ റിപ്പോർട്ട് നൽകി.

യുപിഎസ് സി രണ്ടു പ്രാവശ്യം റഷീദിനെ അൺഫിറ്റ് ആണെന്ന് കണ്ട് ഐപിഎസ് ലിസ്റ്റിൽ നിന്നൊഴിവാക്കിയിരുന്നു. സംസ്ഥാനത്ത് നിന്ന് വെരി ഗുഡ് എന്ന യുപിഎസ് സി ഇന്റഗ്രിറ്റി സർട്ടിഫിക്കറ്റ് കൊടുത്തതുമില്ല. ഇതിനിടെ റഷീദ് സെൻട്രൽ അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചു. തന്നെയും ഐപിഎസിന് പരിഗണിക്കണം എന്നതായിരുന്നു ആവശ്യം. ഇക്കഴിഞ്ഞ ജൂൺ 17 ന് വന്ന ട്രിബ്യൂണലിന്റെ ഉത്തരവിൽ ഈ പരാതിയിൽ നടപടി എടുക്കുന്നതിന് പരിമിതിയുണ്ടെന്നും സംസ്ഥാന സർക്കാർ തീരുമാനിക്കട്ടെ എന്നും പറഞ്ഞ് പരാത തീർപ്പാക്കി.

ജൂൺ 17 വരെ സംസ്ഥാന സർക്കാരും യുപിഎസ് സിയും അൺഫിറ്റ് ആണെന്ന് റിപ്പോർട്ട് ചെയ്ത, സംസ്ഥാന സർക്കാർ ഇന്റഗ്രിറ്റി സർട്ടിഫിക്കറ്റ് നൽകാത്ത ഇയാൾക്ക് ട്രിബ്യൂണൽ വിധി വന്നതിന് ശേഷം സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്നും അതിവേഗം അനുകൂല തീരുമാനമുണ്ടായി. സർക്കാർ ഇയാൾക്ക് ഇന്റഗ്രിറ്റി സർട്ടിഫിക്കറ്റ് നൽകി. ജൂൺ 25 ന് ഇതുമായി ഇയാൾ നേരിട്ട് ഡൽഹിയിലേക്ക് പോയി. 27 വരെ ഡൽഹിയിലുണ്ടായിരുന്നു. ജൂൺ 27 ന് നടന്ന യുപിഎസ് സി ബോർഡ് മീറ്റിങിൽ കഴിവുള്ള മറ്റ് ഓഫീസർമാരെ കടത്തി വെട്ടി ഇയാൾ ഐപിഎസ് സ്വന്തമാക്കുകയും ചെയ്തു. ഇവിടെയാണ് ബിജെപി നേതാവിന്റെ പങ്ക് ആരോപിക്കപ്പെടുന്നത്.

ഉണ്ണിത്താൻ വധശ്രമക്കേസിൽ 2017 ൽ ജാമ്യത്തിൽ ഇറങ്ങിയ ഇയാൾ രണ്ടു വർഷത്തോളം സസ്പെൻഷനിലായിരുന്നു. തുടർന്ന് എൽഡിഎഫ് സർക്കാരാണ് എസ്‌പിയാക്കി സ്ഥാനക്കയറ്റം നൽകിയതും സർവീസിൽ തിരിച്ചെടുത്തതും. ഇതിനിടെ കൊല്ലത്ത് യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ കേസിൽ പ്രതികളായ രണ്ടു യുവസൈനികരെ ഇയാൾ രക്ഷപ്പെടുത്തി ഇയാൾ ഭീകരർക്ക് കൈമാറിയെന്നൊരു വാർത്തയും വന്നിരുന്നു. ഈ കേസിൽ കേന്ദ്രരഹസ്യാന്വേഷണ വിഭാഗം ഇയാളെ ചോദ്യം ചെയ്തിരുന്നു.

കൊല്ലം അയലമണ്ണിൽ നടന്ന കൂട്ടക്കൊലയിൽ പ്രതികളായ ബി. ദിവിൽ കുമാർ(27), പി. രാജേഷ് (34) എന്നിവരെ വിദേശജോലിക്കെന്ന മട്ടിൽ നാടുകടത്തി ഭീകരസംഘടനയ്ക്ക് കൈമാറിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ. ഇയാൾക്ക് മനുഷ്യക്കടത്ത് റാക്കറ്റുമായി ബന്ധമുണ്ടെന്ന് കേരളാ പൊലീസിന്റെ ഇന്റേണൽ സെക്യൂരിറ്റി വിഭാഗം റിപ്പോർട്ട് ചെയ്തിരുന്നു. അന്ന് പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റായിരുന്ന റഷീദ് ആ സ്വാധീനം വച്ച് റിപ്പോർട്ട് മരവിപ്പിച്ചു രക്ഷപ്പെട്ടു. അയലമൺ കേസ് അന്വേഷിച്ച ്രൈകംബ്രാഞ്ച് ടീമിൽ ഡിറ്റക്ടീവ് ഇൻസ്പെക്ടറായിരുന്നു റഷീദ്.