- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജധാനി എക്സ്പ്രസ് ചങ്ങല വലിച്ചു നിർത്തിയ കേസ്; പ്രതിയെ വിചാരണ കൂടാതെ കുറ്റവിമുക്തനാക്കിയത് ചോദ്യംചെയ്ത് അപ്പീൽ വന്നത് എട്ടു വർഷത്തിന് ശേഷം; ഫയലിൽ സ്വീകരിച്ച് ഹൈക്കോടതി: ട്രാഫിക് എസ് പി അബ്ദുൾ റഷീദിന് തിരിച്ചടി
കൊച്ചി: സ്റ്റോപ്പില്ലാത്ത സ്ഥലത്ത് രാജധാനി എക്സ്പ്രസ് ചങ്ങല വലിച്ചു നിർത്തിയെന്ന കേസിൽ വിചാരണ കൂടാതെ പ്രതിയെ കുറ്റവിമുക്തനാക്കിയ ഉത്തരവ് ചോദ്യം ചെയ്ത് എട്ടു വർഷത്തിന് ശേഷം നൽകിയ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. ട്രാഫിക് എസ്പിയായ എൻ. അബ്ദുൾ റഷീദിനെതിരേ കൊല്ലം സ്വദേശി സന്തോഷ്കുമാർ നൽകിയ ഹർജി ഫയലിൽ സ്വീകരിച്ച് ഹൈക്കോടതി തുടർ നടപടികളുമായി മുന്നോട്ടു പോകുമ്പോൾ നീതിന്യായ വ്യവസ്ഥിതിയിൽ തന്നെ ഒരു ചരിത്രമാവുകയാണ്. വിധി വന്ന് എട്ടു വർഷത്തിന് ശേഷം ഒരു അപ്പീൽ കോടതി പരിഗണിക്കുന്നുവെന്ന അപൂർവതയാണ് ഈ കേസിനുള്ളത്.
2010 ഡിസംബർ 28 നാണ് കൊല്ലം റെയിൽവേ സ്റ്റേഷനിൽ രാജധാനി എക്സ്പ്രസ് ചങ്ങല വലിച്ചു നിർത്തിയത്. കൊല്ലത്ത് ട്രെയിനിന് സ്റ്റോപ്പില്ല. കേസിൽ സാക്ഷിയായ സന്തോഷ് കുമാർ അന്ന് കൊല്ലം ഡിവൈ.എസ്പിയായിരുന്ന എൻ. അബ്ദുൾ റഷീദാണ് ട്രെയിൻ ചങ്ങല വലിച്ചു നിർത്തിയതെന്ന് റെയിൽവേ പൊലീസിന് മൊഴി കൊടുത്തു. അബ്ദുൾറഷീദിനെ പ്രതി ചേർത്ത് റെയിൽവേ എസ്ഐ 2013 മെയ് 10 ന് റെയിൽവേ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. കേസ് 2014 ൽ പരിഗണനയ്ക്ക് വന്നപ്പോൾ നടപടി ക്രമങ്ങളിലെ കാലതാമസം ചൂണ്ടിക്കാട്ടി കേസ് റദ്ദാക്കണമെന്ന് എൻ. അബ്ദുൾ റഷീദ് ആവശ്യപ്പെട്ടു. എന്നാൽ, കോടതി ഹർജി തള്ളി. തുടർന്ന് അബ്ദുൾ റഷീദ് കൊല്ലം സെഷൻസ് കോടതിയെ ഇതേ ആവശ്യമുന്നയിച്ച് സമീപിച്ചു. 2015 ഒക്ടോബർ 20 ന് സെഷൻസ് കോടതി റഷീദിന്റെ വാദഗതികൾ അംഗീകരിച്ച് കേസിൽ നിന്ന് വിചാരണ കൂടാതെ കുറ്റവിമുക്തനാക്കി വിധി പ്രഖ്യാപിച്ചു. ഈ വിധി ചോദ്യം ചെയ്താണ് സന്തോഷ്കുമാർ അഡ്വ. ഡി. അനിൽകുമാർ മുഖേനെ എട്ടു വർഷത്തിന് ശേഷം ഹൈക്കോടതിയെ സമീപിച്ചത്. സെഷൻസ് കോടതി വിധി റദ്ദാക്കണമെന്നും റെയിൽവേ കോടതിയിലെ കേസിൽ വിചാരണ തുടരണമെന്നുമാണ് ആവശ്യം.
മാധ്യമപ്രവർത്തകനായ വി.ബി. ഉണ്ണിത്താനെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതിയായി ജയിൽ വാസം അനുഷ്ഠിച്ചിട്ടുള്ള അബ്ദുൾ റഷീദിനെ സിബിഐ കോടതി വിചാരണ കൂടാതെ കുറ്റവിമുക്തനാക്കിയിട്ടുള്ളത് ചോദ്യം ചെയ്തുള്ള നാല് അപ്പീലുകൾ ഹൈക്കോടതിയിൽ നിലവിലുണ്ട്. ഇതിനൊപ്പം ചേർത്ത് സന്തോഷ്കുമാർ നൽകിയ ഹർജിയും പരിഗണിക്കാനാണ് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ ഉത്തരവിട്ടത്.
തെളിവായി ചിത്രം: പ്രസിദ്ധീകരിച്ച പത്രത്തിനെതിരേ കള്ളക്കേസും കൊടുത്തു
കൊല്ലം സ്വദേശി സന്തോഷ് കുമാറും, അന്ന് ക്രൈംബ്രാഞ്ച് ഡിവൈ.എസ്പിമാരായിരുന്ന അബ്ദുൽ റഷീദും സന്തോഷ് നായരും ചേർന്ന് ഉണ്ണിത്താനെ വകവരുത്താൻ ഗോവയിൽ വച്ചാണ് ഗൂഢാലോചന നടത്തിയത് എന്നാണ് സിബിഐ യുടെ കുറ്റപത്രത്തിൽ പറഞ്ഞിരുന്നത്. സന്തോഷ് കുമാറും അബ്ദുൽ റഷീദും ഗോവായിലെ ഒരു ഹോട്ടൽ മുറിയിൽ ഇരിക്കുന്ന ചിത്രം കേരളകൗമുദി ഫ്ളാഷ് പത്രത്തിൽ അക്കാലത്ത് പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ സന്തോഷ് കുമാറും താനുമായി യാതൊരു ബന്ധവുമില്ലെന്നു കാണിക്കാൻ പത്രത്തിൽ വന്ന ചിത്രം മോർഫ് ചെയ്തതാണെന്നു കാട്ടി അബ്ദുൽറഷീദ് കേരള കൗമുദിക്കെതിരേ പേട്ട പൊലീസിൽ പരാതി നൽകിയിയിരുന്നു.
പേട്ട അസിസ്റ്റന്റ് പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിൽ ഇതു സംബന്ധിച്ച് അന്വേഷണം നടന്നു. ഫോറൻസിക് സയൻസ് ലാബിൽ നടത്തിയ ശാസ്ത്രീയ പരിശോധനയിൽ ഫോട്ടോ ഒറിജിനലാണെന്ന് തെളിഞ്ഞു. തുടർന്ന് അബ്ദുൾ റഷീദിന്റെ പരാതി വ്യാജമാണെന്ന് കാണിച്ച് അന്ന് അസി. കമ്മിഷണർ ആയിരുന്ന ഷാനിഹാൻ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ക്ള്ളക്കേസാണെന്ന് കാട്ടി റഫർ റിപ്പോർട്ട് നൽകി.
ഗോവയിൽ നിന്ന് സന്തോഷ് കുമാറുമായി രാജധാനി എക്സ്പ്രസിൽ മടങ്ങുമ്പോൾ കൊല്ലത്ത് ഇറങ്ങാൻ വേണ്ടി അബ്ദുൾറഷീദ് ചങ്ങല വലിച്ചു നിർത്തുകയായിരുന്നു. ഇതിന് സാക്ഷിയായ സന്തോഷ്കുമാറിന്റെ മൊഴി ഉണ്ടായിട്ടും നടപടി ക്രമങ്ങളിലെ കാലതാമസം ചൂണ്ടിക്കാട്ടിയാണ് കൊല്ലം സെഷൻസ് കോടതി അബ്ദുൾ റഷീദിനെ കേസിൽ നിന്നൊഴിവാക്കിയത്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്