- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാചക ചരിത്രം വളച്ചൊടിക്കരുത്, ചെറുപ്പക്കാരിൽ ക്രിമിനൽ മനോഭാവം വളർത്തരുത്; യഥാർത്ഥ മുസ്ലീമിന്റെ ചരിത്രം മറ്റുള്ളവർക്ക് പറഞ്ഞ് കൊടുത്ത് ഇസ്ലാമിനോട് മതിപ്പുണ്ടാക്കുന്ന തരത്തിലാണ് നമ്മൾ പ്രസംഗിക്കേണ്ടത്; പോപ്പുലർ ഫ്രണ്ട് റാലിയിലെ അഫ്സൽ ഖാസിമിയുടെ പ്രസംഗത്തിനെതിരെ അബ്ദുസമദ് പൂക്കോട്ടൂർ
കോഴിക്കോട്: പോപ്പുലർ ഫ്രണ്ടിന്റെ കോഴിക്കോട് നടന്ന റാലിയിൽ അഫ്സൽ ഖാസിമി നടത്തിയ വിവാദ പ്രസംഗത്തിനെതിരെ സമസ്ത പ്രചരണവുമായി രംഗത്തുണ്ട്. നിരവധി നേതാക്കൾ പോപ്പുലർ ഫ്രണ്ട് പ്രവാചകനിന്ദ നടത്തിയെന്ന് ആരോപിച്ചാണ് ഇവർ രംഗത്തുവരുന്നത്. അതേസമയം അഫ്സൽ ഖാസിമി പ്രവാചക ചരിത്രം തെറ്റായി ഉദ്ധരിച്ചെന്ന ആരോപണവുമായി സമസ്ത നേതാവ് അബ്ദുസമദ് പൂക്കോട്ടൂർ രംഗത്തുവന്നു.
വിദ്വേഷപ്രചാരണത്തിന് പോപ്പുലർ ഫ്രണ്ട് പ്രവാചകചരിത്രം വളച്ചൊടിച്ചെന്ന് അബ്ദുസമദ് ചൂണ്ടിക്കാണിച്ചു. ഇസ്ലാമിക ചരിത്രത്തിന്റെ ഒരു ഭാഗം മാത്രം അടർത്തി തെറ്റിദ്ധാരണ സൃഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. പ്രവാചകചരിത്രം ഉദ്ധരിക്കുമ്പോൾ യഥാർത്ഥ വശമാണ് ഉദ്ധരിക്കേണ്ടത്. ഭാഗികമായോ വളച്ചൊടിച്ചോ പറയുമ്പോൾ അതുകൊണ്ട് ഉണ്ടാകുന്ന അപകടങ്ങൾ മനസിലാക്കണമെന്നും അബ്ദുസമദ് പൂക്കോട്ടൂർ പറഞ്ഞു.
അബ്ദുസമദ് പൂക്കോട്ടൂർ പറഞ്ഞത്: ''ചരിത്രത്തിന്റെ ഒരു ഭാഗം മാത്രം അടർത്തി തെറ്റിദ്ധാരണ സൃഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. പ്രവാചകചരിത്രം ഉദ്ധരിക്കുമ്പോൾ യഥാർത്ഥ വശമാണ് ഉദ്ധരിക്കേണ്ടത്. ഭാഗികമായോ വളച്ചൊടിച്ചോ പറയുമ്പോൾ അതുകൊണ്ട് ഉണ്ടാകുന്ന അപകടങ്ങൾ മനസിലാക്കണം. ജീവിതത്തിൽ ഏറ്റവും നല്ല മാർഗമാണ് നബി സ്വീകരിച്ചത്. എന്നിട്ട് പറഞ്ഞൊരു വാക്കുണ്ട്. നിനക്കൊരാളെ സുഹൃത്താക്കാൻ കഴിയില്ലെങ്കിലും അവനെ ശത്രുവാക്കരുത്. ഞാൻ പറഞ്ഞത് ഹദീസിലുള്ള വചനങ്ങളാണ്. മഹാന്മാർ രേഖപ്പെടുത്തി വച്ചതാണ്. ആ പ്രസംഗത്തിന്റെ ക്ലിപ്പ് കേട്ട് നോക്കൂ. അതിൽ തെറ്റിദ്ധാരണപരമായ വശങ്ങളുണ്ട്.''
''ഈ സന്ദേശം സമൂഹത്തിലെ ചെറുപ്പക്കാരിലെത്തിയാൽ ക്രിമിനൽ മനോഭാവം സമൂഹത്തിൽ വളരുമോയെന്ന് ആരെങ്കിലും സന്ദേഹിച്ചാൽ തെറ്റല്ലല്ലോ. ഇസ്ലാമിലെ സമാധാനസന്ദേശമാണ് നമ്മൾ സമൂഹത്തിന് നൽകേണ്ടത്. ഇന്ത്യയിലെ മുസ്ലീങ്ങൾക്ക് പ്രതിസന്ധിയുണ്ട്. പ്രയാസങ്ങളുണ്ട്. അതിന് നമുക്ക് ഏറ്റവും പ്രധാനപ്പെട്ട മാർഗം വിദ്യാഭ്യാസ വിപ്ലവത്തിലൂടെ നമ്മുടെ സമൂഹത്തെ ഉയർത്തി കൊണ്ടുവരണം. ജനാധിപത്യമാർഗത്തിലൂടെ മുന്നോട്ട് പോകണം.
യഥാർത്ഥ മുസ്ലീമിന്റെ ചരിത്രം മറ്റുള്ളവർക്ക് പറഞ്ഞ് കൊടുത്ത് ഇസ്ലാമിനോട് മതിപ്പുണ്ടാക്കുന്ന തരത്തിലാണ് നമ്മൾ പ്രസംഗിക്കേണ്ടത്. ഞാനതിന്റെ വസ്തുതകൾ ഉദ്ധരിച്ചെന്ന് മാത്രം. ആർക്കെങ്കിലും മറുപടിയായോ ആക്ഷേപമായോ അല്ല. വസ്തുത അങ്ങനെയാണെന്ന് തെറ്റിദ്ധരിക്കപ്പെട്ട ആളുകൾക്ക് ബോധ്യപ്പെടുന്നതിന് വേണ്ടി ഇത് പരിശോധിക്കാൻ അവസരമുണ്ടല്ലോ. ആർക്കും പരിശോധിക്കാം. കിതാബുകളിൽ രേഖപ്പെടുത്തിയ സംഭവങ്ങളാണ്. പണ്ഡിതന്മാരോട് ചോദിച്ചാൽ മനസിലാകുന്ന ഒന്നാണ്.''
മറുനാടന് മലയാളി ബ്യൂറോ