തിരുവനന്തപുരം: രാജ്യസഭാ എംപി അബ്ദുൾ വഹാബിന്റെ മകനെ വസ്ത്രം ഉരിഞ്ഞ് പരിശോധിച്ചിട്ടില്ലെന്ന് കസ്റ്റംസ്. തിരുവനന്തപുരം വിമാനത്താവളത്തിൽ എംപിയുടെ മകനോട് മോശമായി പെരുമാറിയിട്ടില്ലെന്നാണ് കസ്റ്റംസ് പറയുന്നത്. എന്നാൽ പൊതു വേദിയിൽ തന്നെ ഗുരുതരമായ ആരോപണം വഹാബ് എംപി ഉന്നയിച്ചിട്ടുണ്ട്. തുണിയുരിപ്പിച്ചു പരിശോധിച്ചെന്നും അണ്ടർ വെയർ ഊരി പരിശോധിച്ചെന്നും വഹാബ് ആരോപിക്കുന്നു. എന്റെ മകന് കുറച്ചു താടിയുണ്ട്. അതുകൊണ്ടാകാം സംശയം തോന്നിയതെന്നും വഹാബ് പറയുന്നു. അണ്ടർ വെയറെല്ലാം ഊരുമ്പോൾ സോഷ്യൽ മീഡിയാ പ്രൊഫൈൽ പരിശോധിക്കേണ്ടതായിരുന്നുവെന്നും വഹാബ് കൂട്ടിച്ചേർത്തു. ഇതാണ് കസ്റ്റംസ് നിഷേധിക്കുന്നത്.

എന്റെ മകന് ഇതൊക്കെ സംഭവിക്കാമെങ്കിൽ മറ്റുള്ളവർക്ക് എന്തൊക്കെ സംഭവിക്കാമെന്ന സംശയമാണ് വഹാബ് പൊതു വേദിയിൽ തന്നെ ഉന്നയിച്ചത്. ഇതിനിടെയാണ് കസ്റ്റംസും കൂടുതൽ വിവരങ്ങൾ പുറത്തു വിടുന്നത്. ഹൃദയം സിനിമയുടെ നിർമ്മാതാവായ വൈശാഖ് സുബ്രഹ്‌മണ്യത്തിന്റെ വിവാഹത്തിനാണ് വഹാബിന്റെ മകൻ എത്തിയത്. പ്രമുഖ ബിൽഡിങ് ഗ്രൂപ്പായ എസ് എഫ് എസിന്റെ മകളായിരുന്നു വിവാഹം. മോഹൻലാലും ശ്രീനിവാസനും അടക്കമുള്ള മുൻനിര താരങ്ങളും ഈ വിവാഹത്തിൽ പങ്കെടുത്തിരുന്നു. അങ്ങനെ നക്ഷത്രത്തിളക്കമുള്ള വിവാഹത്തിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് വഹാബിന്റെ മകന് ദുരനുഭവം ഉണ്ടായത്. ശതകോടീശ്വരനാണ് വഹാബും മകനും. അത്തരമൊരു വ്യക്തിയെയാണ് കസ്റ്റംസ് പരിശോധനയ്ക്ക് വിധേയനാക്കിയത്.

ഒന്നാം തീയതി എയർ അറേബ്യേ വിമാനത്തിലാണ് ജാവിദ് അബ്ദുൾ വഹാബ് എത്തിയത്. ഓരോ വിമാനം എത്തുന്നതിന് മുമ്പും കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ യാത്രക്കാരുടെ വിശദാംശങ്ങളിൽ സംശയം തോന്നിയാൽ അത് കസ്റ്റംസിനെ അറിയിക്കും. ചിലരുടെ പേരിൽ പല വിധമുള്ള ലുക്ക് ഔട്ട് നോട്ടീസും വരും. വഹാബിന്റെ മകനെതിരേയും അത്തരത്തിൽ പരിശോധന നടത്തിയ ശേഷമേ വിടാവൂ എന്ന തരത്തിൽ ലുക്ക് ഔട്ട് നോട്ടീസ് ഉണ്ടായിരുന്നു. ഇതു കൊണ്ടാണ് പരിശോധിച്ചത്. വസ്ത്രം ഊരി പരിശോധിക്കാനുള്ള വിമാനത്താവളത്തിൽ ഇല്ല. സാധാരണ കള്ളക്കടത്ത് സംശയം ഉയർന്നാൽ അവരെ എക്േ്രസ പരിശോധനയ്ക്കാണ് വിധേയമാക്കുകയെന്നും കസ്റ്റംസ് പറയുന്നു. പരിശോധനയ്ക്ക ശേഷം വഹാബിന്റെ മകനെ വിട്ടയച്ചു.

സംശയം തോന്നിയാൽ ഏത് യാത്രക്കാരനേയും പരിശോധിക്കണം. അവിടെ ആരുടേയും സോഷ്യൽ പ്രൊഫൈൽ നോക്കാറില്ല. ജനപ്രതിനിധികൾക്ക് മാത്രമേ അത്തരം ഇളവുകൾ കിട്ടാറുള്ളൂ. വഹാബിന്റെ മകനേയും അതുകൊണ്ട് തന്നെ സാധാരണ യാത്രക്കാരനെ പോലെ പരിശോധിച്ചെന്നും കസ്റ്റംസ് വിശദീകരിക്കുന്നു. അണ്ടർ വെയർ ഊരി പരിശോധനയെന്ന വാദം കസ്റ്റംസ് തള്ളുകയാണ്. മകനെ കസ്റ്റംസ് വിവസ്ത്രനാക്കി പരിശോധിച്ചെന്ന പരാതി അബ്ദുൽ വഹാബ് നൽകിയിട്ടുണ്ട്. എംപിയുടെ മകനാണെന്നു വ്യക്തമാക്കിയിട്ടും മജിസ്‌ട്രേട്ടിന്റെ അനുമതിയില്ലാതെ ആശുപത്രിയിൽ കൊണ്ടുപോയി എക്‌സ്‌റേ പരിശോധന നടത്തുകയായിരുന്നു.

ഇതുസംബന്ധിച്ച് അബ്ദുൽ വഹാബ് എംപി കസ്റ്റംസ് കമ്മീഷണർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം തുടങ്ങി. ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എംപി കേന്ദ്ര സർക്കാരിനും പരാതി നൽകിയിട്ടുണ്ട്. കസ്റ്റംസ് പരിശോധനയ്ക്കിടെയാണ് സ്വർണക്കടത്തുകാരനാണെന്ന് സംശയിച്ച് ഉദ്യോഗസ്ഥർ ഇയാളെ കസ്റ്റഡയിലെടുത്ത് വിശദമായി പരിശോധിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തത്. എംപിയുടെ മകനാണെന്ന് ആവർത്തിച്ച് പറഞ്ഞെങ്കിലും ഉദ്യോഗസ്ഥർ അത് കണക്കിലെടുത്തില്ലെന്നാണ് പരാതി.

സ്വർണ കണ്ടെടുക്കാനുള്ള ദേഹപരിശോധനയുമായി അധികൃതർ മുന്നോട്ടുപോയി. ശരീരത്തിനുള്ളിൽ സ്വർണം ഒളിപ്പിച്ചിട്ടുണ്ടോയെന്ന് കണ്ടെത്താനുള്ള എക്‌സറേ പരിശോധനയ്ക്കായി ആശുപത്രിയിലേക്കു കൊണ്ടു പോയി. തുടർന്ന് കുറ്റക്കാരനല്ല എന്നു കണ്ടെത്തിയതോടെ പോകാൻ അനുവദിക്കുകയായിരുന്നു. അതേസമയം കസ്റ്റംസിന് ലഭിച്ച തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എംപിയുടെ മകനെ വിവസ്ത്രനാക്കി പരിശോധിച്ചതെന്നാണ് സൂചന. എക്‌സ്‌റേ പരിശോധനക്ക് യാത്രക്കാരന്റെ അനുമതിയോ മജിസ്‌ട്രേറ്റിന്റെ അനുമതിയെ വേണമെന്നാണ് നിയമം. എന്നാൽ ഇതൊന്നും പാലിച്ചില്ലെന്നും അബ്ദുൽ വഹാബ് എംപി നൽകിയ പരാതിയിൽ പറയുന്നു.