പത്തനംതിട്ട: പേവിഷ ബാധയ്ക്കുള്ള വാക്‌സീൻ എടുത്തിട്ടും ഗുരുതരാവസ്ഥയിലായ പെരുനാട് ചേർത്തലപ്പടി ഷീനാ ഭവനിൽ അഭിരാമി (12) വെന്റിലേറ്ററിൽ നിരീക്ഷണത്തിൽ.പേ വിഷബാധ ഉണ്ടോ എന്ന് അറിയുന്നതിനു പുണെ വൈറോളജി ലാബിലേക്കും തിരുവനന്തപുരത്തെ സർക്കാർ ലാബിലേക്കും സാംപിൾ അയച്ചു. കോട്ടയം മെഡിക്കൽ കോളജിലെ കുട്ടികളുടെ ആശുപത്രിയിലുള്ള അഭിരാമിയുടെ ചികിത്സയ്ക്കായി മന്ത്രി വീണാ ജോർജിന്റെ നിർദ്ദേശ പ്രകാരം പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിച്ചു.

തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിൽ കഴിയുന്ന കുട്ടിയുടെ നില അതീവ ഗുരുതരമാണ്. കുട്ടിയുടെ തലച്ചോറിൽ വൈറസ് ബാധിച്ചിട്ടുണ്ട്. എന്നാൽ അത് പേപ്പട്ടി വിഷബാധയാണോയെന്നു കണ്ടെത്തണമെന്ന് മെഡിക്കൽ ബോർഡ് അംഗം ഡോ. ആർ. സജിത്കുമാർ അറിയിച്ചു. എത്രയും വേഗം കൃത്യമായ പരിശോധനാ ഫലം ലഭിക്കുന്നതിനു വേണ്ടിയാണ് ആരോഗ്യവകുപ്പ് ഇടപെട്ട് സാംപിൾ ലാബിലേക്ക് അയച്ചത്. പേ വിഷ ബാധ ഏറ്റിട്ടുണ്ടെങ്കിൽ അത് ചികിൽസയെ ബാധിക്കും.

പരിശോധനാഫലം കാത്തു നിൽക്കാതെ ലഭ്യമായ എല്ലാ ചികിത്സകളും കുഞ്ഞിന് ലഭ്യമാക്കുന്നതായി കുട്ടികളുടെ ആശുപത്രി സൂപ്രണ്ട് ഡോ. കെ.പി.ജയപ്രകാശ് പറഞ്ഞു. 2 തവണ മെഡിക്കൽ ബോർഡ് ചേർന്ന് ചികിത്സാ പുരോഗതി വിലയിരുത്തി. നില ഗുരുതരമായതിനെ തുടർന്നു വെള്ളിയാഴ്ച വൈകിട്ടാണു പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചത്. സ്ഥിതി മോശമായതോടെ കോട്ടയത്തേക്കു മാറ്റുകയായിരുന്നു. പേ വിഷബാധയ്ക്ക് എതിരെ 3 ഡോസ് വാക്‌സീൻ എടുത്തിട്ടും കുട്ടി അതീവ ഗുരുതരാവസ്ഥയിലായി. വൈറസ് തലച്ചോറിലേക്കു വ്യാപിച്ചിട്ടുണ്ടാകാമെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ. ഇത് ഉറപ്പാക്കിയ ശേഷം മറ്റ് ചികിൽസയിലേക്ക് പോകാനാണ് തീരുമാനം.

കുട്ടികളുടെ ആശുപത്രിയുടെ തീവ്രപരിചരണ വിഭാഗത്തിന് മുന്നിൽ അഭിരാമിയുടെ മാതാപിതാക്കളായ ഹരീഷും രജനിയും കാത്തിരിക്കുകയാണ്. എങ്ങനെയെങ്കിലും അവൾ രക്ഷപ്പെടണം എന്ന പ്രാർത്ഥന മാത്രമേ ഞങ്ങൾക്കുള്ളൂ. അവൾ രക്ഷപ്പെടും. ഉറപ്പുണ്ട്'-അവർ പറയുന്നു. അഭിരാമി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് കുട്ടികളുടെ ആശുപത്രി സൂപ്രണ്ട് ഡോ. ജയപ്രകാശ് പറഞ്ഞു. രണ്ടാംവാർഡിലെ തീവ്രപരിചരണ യൂണിറ്റിലാണ് ഇപ്പോൾ. കടിയേറ്റ ഉടൻതന്നെ സമീപത്തെ ആശുപത്രിയിലും തുടർന്ന് പത്തനംതിട്ട ആശുപത്രിയിലും എത്തിച്ചു. ചികിത്സയും കുത്തിവെയ്പുകളും നടക്കുന്നതിനിടെ, വെള്ളിയാഴ്ച ആറു മണിയോടെയാണ് ശാരീരികപ്രശ്നങ്ങൾ ഉണ്ടായത്. ഓഗസ്റ്റ് 13ന് രാവിലെ പാലു വാങ്ങാൻ പോകുമ്പോഴാണ് തെരുവുനായ ആക്രമിച്ചത്. വാഹനസൗകര്യം കുറവായ സ്ഥലത്തുനിന്ന് ബൈക്കിൽ കയറ്റിയാണ് കുട്ടിയെ 6 കിലോമീറ്ററോളം ദൂരെ പെരുനാട് കുടുംബാരോഗ്യകേന്ദ്രത്തിൽ എത്തിച്ചത്.

പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രാഥമിക ചികിത്സകൾ നടത്തി. വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് കുട്ടികളുടെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇവിടെ മികച്ച പരിചരണമാണ് കിട്ടുന്നതെന്ന് മാതാപിതാക്കൾ പറഞ്ഞു. ഒരുതരം വിവാദങ്ങൾക്കുമില്ല. കുഞ്ഞിന്റെ ആരോഗ്യം തിരിച്ചുകിട്ടണമെന്ന പ്രാർത്ഥന മാത്രമേ തങ്ങൾക്കുള്ളൂവെന്നും അവർ പറഞ്ഞു. അഭിരാമിയുടെ തിരിച്ചുവരവിനായി മന്ദപ്പുഴ ഗ്രാമവും പ്രാർത്ഥനയിലാണ്. മുത്തശ്ശിയും സഹോദരനുമാണ് വീട്ടിലുള്ളത്.ഓഗസ്റ്റ് 13-നാണ് പെരുനാട് മന്ദപ്പുഴ ചേർത്തലപ്പടി ഷീനാഭവനിൽ അഭിരാമിക്ക് തെരുവുനായയുടെ കടിയേറ്റത്. രാവിലെ പാൽ വാങ്ങാൻ പോകുമ്പോഴായിരുന്നു സംഭവം. ഓടിരക്ഷപ്പെടാൻ ശ്രമിച്ച അഭിരാമിയുടെ പിന്നാലെ എത്തി നായ കൈകാലുകളിലും മുഖത്തും വലതുകണ്ണിനോട് ചേർന്നഭാഗത്തും കടിച്ചു. ഏഴ് മുറിവുകളുണ്ടായിരുന്നു.

കരച്ചിൽകേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് നായയുടെ കണ്ണിൽ മണ്ണുവാരിയിട്ട് കുട്ടിയെ രക്ഷിച്ചത്. ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച അഭിരാമിക്ക് ആദ്യഡോസ് വാക്‌സിനും ഹീമോഗ്ലോബിനും നൽകി. രണ്ടുദിവസത്തെ കിടത്തിച്ചികിൽസയ്ക്കുശേഷം 15-ന് വിട്ടിലേയ്ക്ക് അയച്ചു. തുടർന്ന് മൂന്നാംദിവസവും ഏഴാംദിവസവും പെരുനാട് കുടുംബാരോഗ്യ കേന്ദ്രത്തിൽനിന്ന് പ്രതിരോധ കുത്തിവെയ്പെടുത്തു. അടുത്തത് 28-ാം ദിവസമാണ് എടുക്കേണ്ടതെന്ന് പെരുനാട് ആശുപത്രി മെഡിക്കൽ ഓഫീസർ ആര്യ എസ്.നായർ പറഞ്ഞു. കണ്ണിന് സമീപത്ത് ആഴത്തിൽ മുറിവുണ്ടെന്നും ഡോക്ടർ പറഞ്ഞു.

പട്ടി ആക്രമിച്ചപ്പോൾ അഭിരാമി ധൈര്യത്തോടെ പൊരുതി നിന്നെന്നും കുഞ്ഞിന് സംഭവിച്ച ഈ അവസ്ഥയ്ക്ക് കാരണം ആശുപത്രിക്കാരുടെ പിഴയാണോ എന്നൊന്നും അറിയില്ലെന്നും കുട്ടിയുടെ അച്ഛമ്മ പറയുന്നു. നെഞ്ചത്ത് കയറി നിന്ന പട്ടിയെ അവൾ ചവിട്ടി മാറ്റിയെന്നും ധൈര്യശാലിയാണ് അഭിരാമിയെന്നും അച്ഛമ്മ പറയുന്നു.