പത്തനംതിട്ട: തെരുവു നായുടെ കടിയേറ്റ പെരുനാട് സ്വദേശിനി അഭിരാമി(12) മരിക്കാനിടയായ സംഭവത്തിൽ സർക്കാരിനും ആരോഗ്യമന്ത്രിക്കുമെതിരേ ആഞ്ഞടിച്ച് എസ്എൻഡിപി യൂണിയനുകളുടെ നേതാക്കൾ. ഈ ജില്ലക്കാരിയായ ആരോഗ്യമന്ത്രി ഇതുവരെയും അഭിരാമിയുടെ വീട് സന്ദർശിക്കാൻ തയാറായിട്ടില്ലെന്ന് എസ്എൻഡിപി യോഗം അസിസ്റ്റന്റ് സെക്രട്ടറി പി.എസ്. വിജയൻ, റാന്നി യൂണിയൻ അഡ്‌മിനിസ്ട്രേറ്റർ അഡ്വ. മണ്ണടി മോഹനൻ, പത്തനംതിട്ട യൂണിയൻ സെക്രട്ടറി അനിൽകുമാർ, അടൂർ യൂണിയൻ ചെയർമാൻ അഡ്വ. എം. മനോജ് കുമാർ, തിരുവല്ല . യൂണിയൻ സെക്രട്ടറി അനിൽ എസ്. ഉഴത്തിൽ, അഭിരാമിയുടെ വല്യച്ഛൻ പി. കെ. ശശി എന്നിവർ പറഞ്ഞു.

സംസ്‌കാര ചടങ്ങിൽ മന്ത്രി പങ്കെടുത്തില്ല. ആരോഗ്യവകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ പോലും കുടുംബം സന്ദർശിക്കാൻ തയാറായില്ല. ജില്ലാ കലക്ടറും ഡിഎംഓയും തിരിഞ്ഞു നോക്കിയില്ല. കുറ്റക്കാരായ മുഴുവൻ ഉദ്യോഗസ്ഥരെയും മാറ്റി നിർത്തി അന്വേഷണം നടത്തണം. അന്വേഷണം പ്രഹസനമാകരുത്. കുറ്റക്കാരെ സസ്പെൻഡ് ചെയ്യണം. നടപടിയുണ്ടായില്ലെങ്കിൽ മുഖ്യമന്ത്രിക്ക് നിവേദനം നൽകുമെന്നും സമരപരിപാടികൾ ആരംഭിക്കുമെന്നും അവർ പറഞ്ഞു.

ആരോഗ്യവകു്പ്പിന്റെ അനാസ്ഥ കാരണമാണ് അഭിരാമി മരിച്ചതെന്നും ഇത് സംബന്ധിച്ച് അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ജില്ലയിലെ എസ്എൻഡിപി യോഗം യൂണിയൻ ഭാരവാഹികൾ ആവശ്യപ്പെട്ടു. നിർധനകുടുംബത്തിന് സർക്കാർ സാമ്പത്തിക സഹായം നൽകണം.

റാന്നി പെരുനാട് മന്ദപ്പുഴ ഷീലാഭവനിൽ ഹരിഷ്‌കുമാറിന്റേയും രജനിയുടേയും മകളായ അഭിരാമിയെ ഓഗസ്റ്റ് 13 ന് രാവിലെ വീടിന് സമീപം വച്ചാണ് പാലു വാങ്ങാൻ പോകും വഴി തെരുവുനായ് കടിക്കുന്നത്. നിലത്തുവീണ കുട്ടിയുടെ മുഖത്തും കഴുത്തിലും കണ്ണിലും നായ കടിച്ചു. കണ്ണിന് സമീപം ആഴത്തിൽ നഖം കൊണ്ടുള്ള മുറിവേൽക്കുകയും ചെയ്തു. മാതാപിതാക്കൾ പെരുനാട് പ്രൈമറി ഹെൽത്ത് സെന്ററിൽ ആദ്യംഎത്തിച്ചു. എന്നാൽ അവിടെ ആരും ഇല്ലാതിരുന്നതിനാൽ വിവരം അറിഞ്ഞെത്തിയ പെരുനാട് പൊലീസാണ് പത്തനംതിട്ട ജനറൽആശുപത്രിയിൽ എത്തിക്കുന്നതിനു വേണ്ട വാഹനസൗകര്യം ചെയ്തു കൊടുത്തത്.

പെരുനാട് ആശുപത്രിയിൽ ആംബുലൻസ് ഉണ്ടായിട്ടും ഡ്രൈവർ ഇല്ലായിരുന്നു. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തി പ്രാഥമിക ചികിത്സ നൽകുന്നതിന് മൂന്നു മണിക്കൂറിലധികം കാത്തിരിക്കേണ്ടി വന്നു. മുറിവ് വൃത്തിയാക്കുവാനുള്ള സോപ്പ് വാങ്ങാൻ മാതാപിതാക്കളെ പുറത്ത് പറഞ്ഞു വിട്ടു. പിന്നീട് മാതാപിതാക്കളെ കൊണ്ടാണ് മുറിവ് കഴുകിച്ചത്. ആരോഗ്യ പ്രവർത്തകർ ഗുരുതരമായ കൃത്യവിലോപമാണ് കാണിച്ചത് . പേവിഷബാധയുള്ള നായയാണ് കടിച്ചതെന്ന് സംശയിക്കുന്നതായി ഡ്യൂട്ടിയിലുള്ള ഡോക്ടറോട് പറഞ്ഞിട്ടും ഗൗനിച്ചില്ല. കുട്ടിയെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് അയക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ ഇവിടെ എല്ലാ സംവിധാനങ്ങളും ഉണ്ടെന്ന് മാതാപിതാക്കളെയും ബന്ധുക്കളെയും പറഞ്ഞു വിശ്വസിപ്പിച്ചു.

തുടർന്ന് കുട്ടിക്ക് ആദ്യ വാക്സിൻ നൽകി. മറ്റ് വിഷയങ്ങൾ ഒന്നുമില്ലെന്ന് പറഞ്ഞ് കുട്ടിയെ 15 ന് ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് വിട്ടു. ഡോക്ടറുടെ നിർദ്ദേശമനുസരിച്ച് 16 നും 20 നും പെരുനാട് പ്രൈമറി ഹെൽത്ത് സെന്ററിലെത്തി വാക്സിൻ എടുത്തു. എന്നാൽ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് സെപ്റ്റംബർ രണ്ടിന് കുട്ടിയെ വീണ്ടുംപത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിക്കുകയും അവിടെ നിന്ന് കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റുകയുമായിരുന്നു. ചികിത്സയിലിരിക്കെ അഞ്ചിന് ഉച്ചയ്ക്ക് 1.30 നാണ് അഭിരാമി മരിച്ചത്.

തെരുവുനായ കടിച്ച് ഒരു മണിക്കൂറിനകം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചിട്ടും യഥാസമയം പ്രാഥമിക ചികിത്സ നൽകുന്നതിനോ വിദഗ്ധ ചികിത്സയ്ക്കായി ബന്ധുക്കളുടെ അഭ്യർത്ഥന മാനിച്ച് കോട്ടയം മെഡിക്കൽ കോളജിലേക്ക് അയക്കുന്നതിനോ ജീവനക്കാർ തയാറായില്ല. ജനറൽ ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടർ അടക്കമുള്ള ആരോഗ്യ പ്രവർത്തകരുടെ അനാസ്ഥമൂലമാണ് കുട്ടിക്ക് മരണം സംഭവിച്ചത്. ആരോഗ്യപ്രവർത്തകരുടെ അനാസ്ഥ സംബന്ധിച്ച് അടിയന്തിര അന്വേഷണം നടത്തി കുറ്റ ക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും റാന്നി , പത്തനംതിട്ട, അടൂർ, പന്തളം,തിരുവല്ല, കോഴഞ്ചേരി എസ്.എൻ.ഡി.പി. യൂണിയൻ ഭാരവാഹികൾ ആവശ്യപ്പെട്ടു. കുറ്റക്കാർക്കെതിരെ നടപടി എടുക്കുന്നതിൽ അലംഭാവമുണ്ടായാൽ ശക്തമായ നിയമ നടപടികൾക്കും സമരപരിപാടികൾക്കും എസ്.എൻ.ഡി.പി. യൂണിയനുകൾ നേതൃത്വം കൊടുക്കുമെന്ന് നേതാക്കൾ പറഞ്ഞു.