കോട്ടയം: തെരുവുനായ കടിച്ച് അഭിരാമിയെന്ന കുഞ്ഞ് മരിച്ച സംഭവത്തിൽ മകളുടെ മരണം മാതാപിതാക്കളെ വല്ലാതെ തളർത്തിയിട്ടുണ്ട്. പൊന്നോമന തങ്ങളെ വിട്ടുപോയത് സഹിക്കാൻ അവർക്ക് സാധിക്കുന്നില്ല. കണ്ണൂർക്കയത്തിന് നടുക്കാണ് അഭിരാമിയുടെ മാതാപിതാക്കൾ. മകൾ നഷ്ടമായ വേദനയിൽ അവർ പഴിച്ചത് നമ്മുടെ ആരോഗ്യ സംവിധാനങ്ങളെ തന്നെയാണ്.

വേണ്ടത്ര ചികിത്സ നൽകാത്തതുകൊണ്ടെന്ന് മകളെ നഷ്ടമായതെന്നാണ് കുടുംബം പറയുന്നത്. ആശുപത്രിയിൽ പരിമിതികളുണ്ടെന്ന് ജീവനക്കാർ പറഞ്ഞെന്നും മാതാപിതാക്കൾ ആരോപിച്ചു. പത്തനംതിട്ട റാന്നി പെരുനാട് ചേർത്തലപ്പടി ഷീനാ ഭവനിൽ അഭിരാമി (12) ആണ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചത്. പേവിഷബാധയ്ക്ക് മൂന്നു വാക്‌സീനും എടുത്തിരുന്നു.

''കുത്തിവയ്പ് എടുത്തതുകൊണ്ടാണ് കുട്ടി മയങ്ങി കിടക്കുന്നതെന്നാണ് ആശുപത്രിയിൽനിന്ന് പറഞ്ഞത്. ഇതിനു വേണ്ടി പ്രത്യേക മരുന്നില്ലെന്നും പറഞ്ഞു. ഞങ്ങളുടെ കുഞ്ഞിന്റെ പാർട്‌സുകൾ മൊത്തം വാക്‌സീൻ കമ്പനിക്കാർ കൊണ്ടുപോയെന്നാണ് എന്റെ വിശ്വാസം. ഇങ്ങനെ കളഞ്ഞല്ലോ എന്റെ കുഞ്ഞിനെ..എന്നാലും അവിടെനിന്ന് ഇവിടെവരെ വന്നതാണല്ലോ.. 12 വയസ്സു വരെ പൊന്നുപോലെ കൊണ്ടുനടന്നതാ..'' അഭിരാമിയുടെ മാതാപിതാക്കൾ പറഞ്ഞു.

ഓഗസ്റ്റ് 13നാണ് അഭിരാമിയെ തെരുവുനായ കടിച്ചത്. കൈയിലും കാലിനും കണ്ണിനടത്തുമായി മൂന്നിടത്താണ് ആക്രമണമേറ്റത്. ഇതിൽ കണ്ണിന് സമീപത്തേത് ആഴത്തിലുള്ള മുറിവാണ്. തെരുവുനായ അരമണിക്കൂറോളം കുട്ടിയെ ആക്രമിച്ചു എന്നാണ് വിവരം. പല്ലിനു പുറമേ നഖം കൊണ്ടുള്ള മുറിവുകളും ഉണ്ടായിട്ടുണ്ട്.

ആരോഗ്യനില വഷളായതോടെ വെള്ളിയാഴ്ചയാണ് കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ചത്. രാവിലെ പാലു വാങ്ങാൻ പോകുമ്പോഴാണ് അഭിരാമിയെ തെരുവുനായ ആക്രമിച്ചത്. വാഹനസൗകര്യം കുറവായ സ്ഥലത്തുനിന്ന് ബൈക്കിൽ കയറ്റിയാണ് കുട്ടിയെ 6 കിലോമീറ്ററോളം ദൂരെ പെരുനാട് കുടുംബാരോഗ്യകേന്ദ്രത്തിൽ എത്തിച്ചത്. രാവിലെ 7.30 കഴിഞ്ഞപ്പോൾ എഫ്എച്ച്‌സിയിൽ എത്തിയെങ്കിലും ഡോക്ടറുള്ള സമയമായിരുന്നില്ല. കുട്ടിക്ക് പെരുനാട് ആശുപത്രിയിൽ മതിയായ ചികിത്സ ലഭിച്ചിരുന്നില്ലെന്നും മാതാപിതാക്കൾ പറഞ്ഞു.

അതേസമയം തന്റെ പ്രിയപ്പെട്ട കുഞ്ഞ് തിരിച്ചുവരുന്നതിനായി പ്രാർത്ഥനയിൽകഴിഞ്ഞിരുന്ന അമ്മൂമ്മ കമലമ്മയെ മരണവാർത്ത അറിയിക്കാൻ കഴിയാതെ ബുദ്ധിമുട്ടുകയായിരുന്നു ബന്ധുക്കളെല്ലാം. ഇതോടെ, ഇവിടെ എത്തിയ ബന്ധുക്കളും, നാട്ടുകാരും മാധ്യമപ്രവർത്തകരും വീടിനകലെ മാറിനിന്നു. അഭിരാമിക്ക് അപകടമുണ്ടായതിനു ശേഷം അച്ഛനും അമ്മയും അവൾക്കൊപ്പം ആശുപത്രിയിലായിരുന്നു. ഹരീഷിന്റെ അമ്മ കമലമ്മയും അഭിരാമിയുടെ സഹോദരൻ ആറുവയസ്സുകാരൻ കാശിനാഥുമാണ് വീട്ടിലുണ്ടായിരുന്നത്.

രണ്ടെുദിവസമായി ബന്ധുമിത്രാദികൾ വീട്ടിലേക്ക് വിവരമറിയാൻ എത്തുന്നുണ്ടായിരുന്നു. അഭിരാമി ആരോഗ്യത്തോടെ എത്തുമെന്ന് എല്ലാവരും കമലമ്മയെ പറഞ്ഞ് ആശ്വസിപ്പിച്ചിരുന്നതായി ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി.ശ്രീകല പറഞ്ഞു. മൃതദേഹം മോർച്ചറിയിൽ വെച്ചശേഷം സന്ധ്യയോടെ ഹരീഷും രജനിയും വീട്ടിലെത്തിയതോടെ വീട്ടിൽ കൂട്ടക്കരച്ചിലായി. ഈ സമയത്താണ് അത്യാഹിതം സംഭവിച്ചകാര്യം അമ്മൂമ്മ അറിയുന്നത്.