തിരുവനന്തപുരം: പി.വി. അന്‍വര്‍ എം.എല്‍.എയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് മുഖ്യമന്ത്രിക്കെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിനിടെ അബിന്‍ വര്‍ക്കിയെ തല്ലി ചതച്ചത് അതിക്രൂരമായി. അബിന്‍ വര്‍ക്കിയെ തള്ളി മാറ്റി പ്രവര്‍ത്തകരില്‍ നിന്നും അകറ്റി. അതിന് ശേഷമായിരുന്നു ക്രൂര മര്‍ദ്ദനം. തലയ്ക്കും കാലിനും മുതുകിനുമെല്ലാം നല്ല അടികൊടുത്തു. പ്രതികാര മനോഭാവത്തോടെയായിരുന്നു തല്ലി ചതയ്ക്കല്‍. അടികൊണ്ട അബിന്‍ ആശുപത്രിയിലേക്ക് പോകാന്‍ കൂട്ടാക്കിയില്ല. അടിച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടു. തലയ്ക്ക് പരിക്കേറ്റ അബിന്‍ ആശുപത്രിയിലേക്ക് പോയത് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എത്തിയ ശേഷമാണ്.

അബിനെ ആശുപത്രിയിലേക്ക് മാറ്റാന്‍ പോലീസ് തന്നെ ആംബുലന്‍സ് കൊണ്ടു വ്ന്നു. എന്നാല്‍ അബിന്‍ വഴങ്ങിയില്ല. പിന്നാലെ കെപിസിസിയുടെ സംഘടനാ ജനറല്‍ സെക്രട്ടറി എം ലിജുവെത്തി. ലിജു പറഞ്ഞിട്ടും അബിന്‍ പ്രതിഷേധം തുടര്‍ന്നു. ഇതോടെയാണ് കെപിസിസി അധ്യക്ഷന്‍ എത്തിയത്. അബിനെ മര്‍ദ്ദിച്ച പോലീസുകാരെ വ്യക്തിപരമായി കൈകാര്യം ചെയ്യുമെന്ന് സുധാകരന്‍ പറഞ്ഞു. ഹേമാ കമ്മറ്റിയിലെ ആദ്യ പരാതിക്കാരനാണ് അബിന്‍. അതിന്റെ പ്രതികാരമാണ് അബിന് നേരെ തീര്‍ത്തതെന്നും പറഞ്ഞു.

അബിന്‍ വര്‍ക്കിയെ പൊലീസ് വളഞ്ഞിട്ട് തല്ലുകയായിരുന്നു. നാല് പോലീസുകാരാണ് ഓടിച്ചിട്ടു തല്ലിയത്. ആക്രമണത്തില്‍ അബിന്‍ വര്‍ക്കിയുടെ തലയ്ക്ക് പരിക്കേറ്റു. പരിക്ക് വകവെക്കാതെയും പ്രതിഷേധത്തിനൊപ്പം നിലയുറപ്പിച്ചു അബിന്‍ വര്‍ക്കി. അതിനിടെ, അബിന്‍ വര്‍ക്കിയേയും രാഹുല്‍ മാങ്കൂട്ടത്തിനെയും പൊലീസ് ബസ്സില്‍ കയറ്റിയെങ്കിലും ബസ്സില്‍ നിന്നിറങ്ങുകയായിരുന്നു. അബിന്‍ വര്‍ക്കിയെ കൂടാതെ മറ്റു പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്. കൈയൊടിഞ്ഞ 2 പ്രവര്‍ത്തകരെ ആംബുലന്‍സില്‍ കൊണ്ടുപോയി. ഒരു അബിന്‍ വര്‍ക്കിയെ അടിച്ചു വീഴ്ത്തിയാല്‍ സര്‍ക്കാരിനെതിരെ പ്രതികരിക്കാന്‍ ആയിരം അബിന്‍ വര്‍ക്കിമാര്‍ വരുമെന്നാണ് കെപിസിസി അധ്യക്ഷന്‍ പ്രതികരിച്ചത്. സിപിഎം പശ്ചാത്തലമുള്ള ആളുകളാണ് തന്നെ ആക്രമിച്ചതെന്ന് അബിന്‍ വര്‍ക്കി പ്രതികരിച്ചു. അബിന്‍ വര്‍ക്കിയെ തല്ലിയതില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ എംജി റോഡില്‍ കുത്തിയിരുന്നു. മണിക്കൂറുകള്‍ തിരുവനന്തപുരത്ത് ഗതാഗതം തടസ്സെപ്പെട്ടു.

മാര്‍ച്ചില്‍ മുഖ്യമന്ത്രി രാജി വെക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. നേതാക്കളായ രാഹുല്‍ മാങ്കൂട്ടത്തില്‍, അബിന്‍ വര്‍ക്കി എന്നിവരുടെ നേതൃത്വത്തിലാണ് യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തിയത്. ബാരിക്കേഡുകള്‍ മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് ലാത്തി വീശുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. ഏഴുതവണ പൊലീസ് ജല പീരങ്കി പ്രയോഗിച്ചു. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കാന്‍ പോലീസ് ശ്രമിച്ചതുമില്ല. കെപിസിസി അധ്യക്ഷന്‍ എത്തിയ ശേഷമാണ് പ്രവര്‍ത്തകര്‍ പിരിഞ്ഞു പോയത്.

എ.ഡി.ജി.പി അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കുമെതിരെ പി.വി. അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ വിവാദമായതോടെ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് എസ്.പി ഓഫിസുകളിലേക്കും ജില്ലാ ആസ്ഥാനത്തേക്കും യൂത്ത് കോണ്‍?ഗ്രസ് മാര്‍ച്ചിന് ആഹ്വാനം ചെയ്തിരുന്നു. തൃശൂരിലും പത്തനംതിട്ടയിലും മാര്‍ച്ച് സംഘടിപ്പിച്ചു. കേരളത്തിലെ നമ്പര്‍ വണ്‍ ക്രിമിനലാണ് എ.ഡി.ജി.പി അജിത് കുമാറെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. അധോലോക സംഘത്തിന് എതിരായി അധോലോക കേന്ദ്രത്തിലേക്ക് മാര്‍ച്ച് നടത്തുന്നു.

'ശശിസേന'യിലെ എമ്പോക്കികള്‍ സമരം തടയുന്നു. താനൂരിലെ കൊലയ്ക്ക് പിന്നില്‍ സുജിത് ദാസ് ആണ്. സുജിത് ദാസിന് നിര്‍ദേശം നല്‍കിയത് അജിത് കുമാര്‍ ആണ്. ആര്‍.എസ്.എസുമായുള്ള കൂടിക്കാഴ്ചക്ക് പിണറായി പറഞ്ഞുവിട്ട രാഷ്ട്രീയ മൂന്നാമനാണ് അജിത് കുമാറെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ആരോപിച്ചു.