തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിമുഖമവുമായി ബന്ധപ്പെട്ട് ഹിന്ദു ദിനപത്രം നല്‍കിയ വിശദീകരണത്തിന് പിന്നാലെ പത്രത്തിനും, കെയ്സന്‍ ഗ്ലോബല്‍ പി.ആര്‍ ഏജന്‍സിക്കുമെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കി. വളരെ നിര്‍ണ്ണായകമായ പരാതിയാണ് ഇത്. അതുകൊണ്ട് തന്നെ പോലീസ് മേധാവിയുടെ തുടര്‍നീക്കം നിര്‍ണ്ണായകമാകും.

സെപ്റ്റംബര്‍ 30 ന് ഹിന്ദു ദിനപത്രത്തിന് മുഖ്യമന്ത്രി നല്‍കിയ അഭിമുഖത്തിന്റെ ചില ഭാഗങ്ങള്‍ വര്‍ഗീയമായി ചിത്രീകരിക്കുന്ന പരാമര്‍ശങ്ങള്‍ ഉള്‍ക്കൊള്ളുന്നതായിരുന്നു. 30 മണിക്കൂറിന് ശേഷം മുഖ്യമന്ത്രി പ്രസ്തുത പരാമര്‍ശങ്ങള്‍ നിഷേധിച്ചു. ഒരു പി.ആര്‍ ഏജന്‍സിയുടെ നിര്‍ദ്ദേശപ്രകാരമാണ് അഭിമുഖം എടുത്തതെന്നും അവര്‍ എഴുതി നല്‍കിയ ഭാഗങ്ങളാണ് ഉള്‍ക്കൊള്ളിച്ചത് എന്നുമായിരുന്നു ഇതിനു പിന്നാലെ ഹിന്ദു ദിനപത്രം നല്‍കിയ വിശദീകരണത്തില്‍ പറയുന്നത്.

ഇതേ തുടര്‍ന്ന് നിരവധി സമരങ്ങള്‍ ഉണ്ടാവുകയും, അവര്‍ക്കെതിരെ കേസുകള്‍ എടുക്കുന്ന സാഹചര്യവുമാണ്ടായി. ആയതിനാല്‍ കേരളത്തില്‍ കലാപന്തരീക്ഷം ഉണ്ടാക്കാന്‍ ശ്രമിച്ചു എന്നത് വ്യക്തമായതായും അതിനാല്‍ ഹിന്ദു പത്രത്തിനും കെയ്സന്‍ ഗ്ലോബല്‍ പി.ആര്‍ ഏജന്‍സിക്കുമെതിരെ വ്യാജവാര്‍ത്തകള്‍ നല്‍കി കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ചതിന് കേസെടുക്കണമെന്നാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.അബിന്‍ വര്‍ക്കി നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നത്. പരാതിയില്‍ കേസെടുത്തില്ലെങ്കില്‍ അബിന്‍ കോടതിയെ സമീപിച്ചേക്കും.

ദ് ഹിന്ദു ദിനപത്രത്തില്‍ സിപിഎമ്മിന്റെ ഉള്‍പ്പെടെ ഇടതുപക്ഷ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ലേഖികയ്ക്ക് അഭിമുഖം നല്‍കാനും മുഖ്യമന്ത്രി പിണറായി വിജയനു പിആര്‍ ഏജന്‍സിയുടെ സഹായം വേണ്ടിവന്നത് വന്‍ വിവാദത്തിലേക്ക് നീങ്ങിയിരുന്നു. ഈ പി ആര്‍ ഏജന്‍സിക്ക് ആരാണ് പണം നല്‍കുന്നതെന്ന ചര്‍ച്ചയും സജീവം. വരും ദിവസങ്ങളില്‍ വിവരാവകാശ ചോദ്യമായി ഇത് സര്‍ക്കാരിന് മുന്നിലെത്തും. പി ആര്‍ ഏജന്‍സിയുമായി സര്‍ക്കാരിന് ബന്ധമില്ലെന്ന മറുപടി വന്നാല്‍ അത് വിവാദത്തെ പുതിയ തലത്തിലെത്തിക്കും. ഇതിനിടെയാണ് അബിന്‍ വര്‍ക്കിയുടെ നിര്‍ണ്ണായക നീക്കം.

ഇന്ത്യയിലും വിദേശത്തും സാന്നിധ്യമുള്ള 'കെയ്സന്‍ ഗ്ലോബല്‍' എന്ന പബ്ലിക് റിലേഷന്‍സ്ഡിജിറ്റല്‍ മാര്‍ക്കറ്റിങ് കമ്പനിയുടെ ഇടപാടുകാരില്‍ വേദാന്ത, നാസ്‌കോം ഫൗണ്ടേഷന്‍ തുടങ്ങി ഒട്ടേറെ സ്ഥാപനങ്ങളുണ്ട്. മാര്‍ക്കറ്റിങ്, പിആര്‍ രംഗങ്ങളില്‍ അനുഭവപരിചയമുള്ള വിനീത് ഹാണ്ഡയുടെ നേതൃത്വത്തില്‍ 2008 ല്‍ ആരംഭിച്ച കമ്പനി ഇന്ത്യയിലെ വമ്പന്‍ കമ്പനിയാണ്. കമ്പനി പ്രസിഡന്റും മലയാളിയുമായ നിഖില്‍ പവിത്രന്‍ മുംബൈ കേന്ദ്രീകരിച്ചാണു പ്രവര്‍ത്തിക്കുന്നത്. 2018 ല്‍ വൈസ് പ്രസിഡന്റ് പദവിയില്‍ കെയ്സനിലെത്തിയ നിഖില്‍, കഴിഞ്ഞവര്‍ഷം ഫെബ്രുവരിയിലാണു പ്രസിഡന്റായത്. ഈ കമ്പനിയാണ് മുഖ്യമന്ത്രിയുടെ 'പിആര്‍ വിവാദത്തില്‍' കുടുങ്ങുന്നത്.

ഹിന്ദു പത്രത്തിലെ 'മലപ്പുറം' പരാമര്‍ശമാണ് വിവാദമായത്. ഇത് താന്‍ പറഞ്ഞതല്ലെന്ന് പറഞ്ഞ് ഹിന്ദു പത്രത്തെ മുഖ്യമന്ത്രിയുടെ ഓഫീസ് തള്ളി പറഞ്ഞു. പിന്നാലെ ഹിന്ദു എല്ലാം പി ആര്‍ എജന്‍സിയുടെ തലയിലിട്ട് മാപ്പും പറഞ്ഞു. എന്നിട്ടും പിആര്‍ ഏജന്‍സിയെ തള്ളി പറയാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് തയ്യാറായിട്ടില്ല. ഇതും ചര്‍ച്ചകളില്‍ നിറയുന്നു. മലപ്പുറത്തെ വിവാദത്തിലേക്ക് കൊണ്ടു വന്നത് എന്തിനെന്ന ചോദ്യമാണ് ഉയരുന്നത്. ബിജെപിക്കായാണ് ഈ വാദം കൊണ്ടു വന്നതെന്ന ചര്‍ച്ചയാണ് പ്രതിപക്ഷം കൊണ്ടു വരുന്നത്.

മലപ്പുറം ജില്ലയിലെ സ്വര്‍ണക്കടത്തും ദേശവിരുദ്ധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട പരാമര്‍ശമാണ് മുഖ്യനെ വെട്ടിലാക്കിയത്. എന്നാല്‍ ഈ അഭിമുഖപരാമര്‍ശത്തെ തന്നെ തള്ളിപ്പറഞ്ഞാണ് സിഎം രംഗത്തത്തിയത്.താന്‍ പറയാത്ത കാര്യങ്ങളാണ് അഭിമുഖത്തില്‍ ഉള്‍പ്പെടുത്തിയതെന്നാണ് പ്രസ് സെക്രട്ടറി വിശദീകരിച്ചത്. അതേസമയം പിആര്‍ ഏജന്‍സി ഇങ്ങോട്ട് വാഗ്ദാനം ചെയ്തതു പ്രകാരമായിരുന്നു അഭിമുഖമെന്നും വിവാദപരാമര്‍ശം അവര്‍ പറഞ്ഞതുപ്രകാരമായിരുന്നുവെന്നും പത്രം വ്യക്തമാക്കിയതോടെ സിഎം ശരിക്കും പെട്ടു.

ബിജെപിയെ സന്തോഷിപ്പിക്കാന്‍ മലപ്പുറത്തെയും മുസ്ലിം സമൂഹത്തെയും ദേശവിരുദ്ധരായി മുദ്ര കുത്തുന്നുവെന്ന വിമര്‍ശനം ഈ വിവാദഅഭിമുഖത്തോടെ ഉയര്‍ന്നുകഴിഞ്ഞു. ബിജെപി ദേശീയ നേതൃത്വം ശ്രദ്ധിക്കാനാണ് ഡല്‍ഹിയില്‍ ഇംഗ്ലിഷ് പത്രത്തിനു അഭിമുഖം നല്‍കിയതെന്നും പ്രതിപക്ഷം ആരോപിച്ചു. എന്നാല്‍ പിആര്‍ ഏജന്‍സിയുടെ സഹായത്തോടെയാണ് കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി അഭിമുഖം നല്‍കുന്നതെന്നത് കൂടി ചര്‍ച്ചയായതോടെ കേരളരാഷ്ട്രീയം ചൂട് പിടിക്കുകയാണ്.