പത്തനംതിട്ട: ഭൂമി വാങ്ങലും വിൽപ്പനയും വഴി തട്ടിപ്പ് പതിവാക്കിയ കേരളാ കോൺഗ്രസ് നേതാവും വ്യവസായിയുമായ മൗണ്ട് സിയോൺ ഗ്രൂപ്പ് ചെയർമാൻ ഏബ്രഹാം കലമണ്ണിലിന് ഒടുവിൽ തിരിച്ചടി. പരിസ്ഥിതിലോല മേഖലയിലും റെഡ് സോണിലും ഉൾപ്പെട്ട ക്വാറി നൽകി 15 കോടി തട്ടിയെന്ന ഹർജിയിൽ മൗണ്ട് സിയോൺ ഗ്രൂപ്പിന്റെ സ്ഥാവര ജംഗമ വസ്തുക്കൾ ജപ്തി ചെയ്യാൻ കോടതി ഉത്തരവ്. മൗണ്ട് സിയോൺ ഗ്രൂപ്പ് ചെയർമാൻ ഏബ്രഹാം കലമണ്ണിലിനും കുടുംബാംഗങ്ങൾക്കുമെതിരേ അടൂർ ആമ്പാടിയിൽ ന്യൂ ബംഗ്ലാവ് പട്ടയിൽ കെ. സദാനന്ദൻ നൽകിയ ഹർജിയിൽ മുൻസിഫ് കോടതിയുടേതാണ് ഉത്തരവ്. വിധി നടപ്പാക്കുന്നതിന് അടുത്ത മാസം വരെ സാവകാശം അനുവദിച്ചിട്ടുണ്ടെന്ന് സദാനന്ദൻ അറിയിച്ചു.

ഏബ്രഹാം കലമണ്ണിലിന്റെയും കുടുംബാംഗങ്ങളുടെയും ഉടമസ്ഥാവകാശത്തിലുണ്ടായിരുന്ന മീനച്ചിൽ മൂന്നിലവിലെ പി.വി ഗ്രാനൈറ്റ് എന്ന ക്വാറി പ്രവർത്തിപ്പിക്കുന്നതിനാണ് സിവിൽ, പരിസ്ഥിതി, പ്രാദേശിക എതിർപ്പുകളും കേസുകളും ഇല്ലെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയത്. റെഡ് സോണിൽപ്പെട്ടതും വനം പരിസ്ഥിതി ബഫർ സോണിൽപ്പെട്ടു കിടന്നതുമായ ക്രഷർ യൂണിറ്റ് വിലയ്ക്കു തന്ന് എഏബ്രഹാം കലമണ്ണിൽ കോടികൾ തട്ടിയെടുക്കുകയായിരുന്നുവെന്ന് കെ. സദാനന്ദൻ പറഞ്ഞു.

കാലാവധി കഴിയാറായിരുന്ന ക്വാറിയുടെ ലൈസൻസുകൾ പുതുക്കി തരാമെന്ന് വിശ്വസിപ്പിച്ച് കരാറുണ്ടാക്കി പണം കൈപ്പറ്റിയ ശേഷം കബളിപ്പിക്കുകയായിരുന്നുവെന്ന് സദാനന്ദൻ പറഞ്ഞു. കബളിപ്പിച്ചതു കാരണം മൂന്നര വർഷമായി പി.വി ഗ്രാനൈറ്റ് എന്ന കമ്പനി പ്രവർത്തനരഹിതമായി കിടക്കുകയാണ്. ഇതു കാരണം ഭീമമായ നഷ്ടം സംഭവിച്ചു കൊണ്ടിരിക്കുകയാണ്. 17 കോടിയോളം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്. സ്ഥലത്ത് ആദ്യം കുറെ പണികൾ നടത്തുകയുണ്ടായി. നീതി ലഭിക്കുന്നതിനു വേണ്ടി പല ജനപ്രതിനിധികളോടും പരാതിപ്പെട്ടത് അനുസരിച്ച് ഏബ്രഹാമിനോട് സംസാരിച്ചെങ്കിലും പണം തിരികെ നൽകിയില്ല. ഇതേ തുടർന്ന് പത്തനംതിട്ട സബ് കോടതിയിൽ ഹർജി ഫയൽ ചെയ്തു.

കോടതി വിധി പ്രകാരം ഏബ്രഹാം കലമണ്ണിലിന്റെ ഉടമസ്ഥതയിലുള്ള മെഡിക്കൽ കോളജും മറ്റെല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും താമസിക്കുന്ന വീടും ഉൾപ്പെടെയുള്ള സ്വത്തുക്കളെല്ലാം ജപ്തി ചെയ്യാൻ കഴിഞ്ഞ മാസം വിധി വന്നു. ജപ്തിയിലായിരിക്കുന്ന മെഡിക്കൽ കോളജിന്റെയും നഴ്സിങ് കോളജിന്റെയും മറ്റെല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സർക്കാർ അംഗീകാരം റദ്ദു ചെയ്യണമെന്നാവശ്യപ്പെട്ടു കൊണ്ട് ഫാർമസി കൗൺസിൽ ചെയർമാർ, നാഷണൽ മെഡിക്കൽ കമ്മിഷൻ, നഴ്സിങ് കൗൺസിൽ ചെയർമാൻ എന്നിവർക്ക് പരാതി നൽകിയെന്ന് സദാനന്ദൻ പറഞ്ഞു.

ആറന്മുളയിൽ എയർ സട്രിപ്പ് തുടങ്ങാനെന്ന പേരിൽ ചുളുവിലയ്ക്ക് വയൽ വാങ്ങിക്കൂട്ടുകയു അവിടെ മണ്ണിട്ട് നികത്തുകയും ചെയ്ത് പിന്നീട് ദക്ഷിണേന്ത്യയിലെ പ്രമുഖരായ കെജിഎസ് ഗ്രൂപ്പിന് എയർപോർട്ടിനായി സ്ഥലം മറിച്ചു വിൽക്കുകയാണ് ഏബ്രഹാം കലമണ്ണിൽ ചെയ്തത്. എയർപോർട്ടിനെതിരേ നാട്ടുകാർ സമരം ആരംഭിച്ചപ്പോൾ കലമണ്ണിൽ മുങ്ങി. കെജിഎസിന് കോടികളുടെ നഷ്ടമാണ് കച്ചവടത്തിൽ വന്നത്. ഭൂമി പഴയപടിയാക്കാൻ കലമണ്ണിലിന് താലൂക്ക് ലാൻഡ് ബോർഡ് നിർദ്ദേശം നൽകിയെങ്കിലും പൂർത്തിയാക്കിയിട്ടില്ല.

ആഫ്രിക്കൻ രാജ്യമായ റുവാണ്ടയിൽ മെഡിക്കൽ കോളജ് തുടങ്ങാൻ പോയ കലമണ്ണിലിന് അവിടെ നിന്ന് മുട്ടൻ പണി കിട്ടി. ദരിദ്ര രാഷ്ട്രമായ അവിടെ ചുരുങ്ങിയ കാശിന് മെഡിക്കൽ കോളജ് തുടങ്ങി സർക്കാരിന്റെ കണ്ണിൽ പൊടിയിടാനായിരുന്നു നീക്കം. ഇതിനായി ഇവിടെ നിന്ന് കിട്ടാവുന്ന പഴയ ആശുപത്രി ഉപകരണങ്ങളെല്ലാം വാങ്ങി അവിടെ എത്തിച്ചു. പക്ഷേ, റുവാണ്ടൻ സർക്കാരിനെ പറ്റിക്കാമെന്ന കലമണ്ണിലിന്റെ മോഹം വ്യർഥമായി.

പഴകിയ ഉപകരണങ്ങളുമെടുത്ത് സ്ഥലം വിട്ടോളാൻ സർക്കാർ അന്ത്യശാസനം നൽകി. ഒടുവിൽ മെഡിക്കൽ കോളജ് ബിലീവേഴ്സ് ഈസ്റ്റേൺ സഭയ്ക്ക് കൈമാറി സ്ഥലം വിടുകയാണ് കലമണ്ണിൽ ചെയ്തത്.