- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പഞ്ച് ചെയ്ത ശേഷം അരമണിക്കൂറിലേറെ മാറി നിന്നാൽ ജീവനക്കാരുടെ ഹാജറിനെ ബാധിക്കും; ഉദ്യോഗസ്ഥരെ പൂർണമായും സെൻസർ വലയത്തിലാക്കുന്ന ആക്‌സസ് കൺട്രോൾ സിസ്റ്റം; ഇനി സെക്രട്ടറിയേറ്റിൽ ഉഴപ്പ് നടക്കില്ല; ജോലി സമയം മുഴുവൻ ജീവനക്കാർക്ക് സീറ്റിൽ ഇരിക്കേണ്ടി വരും
തിരുവനന്തപുരം: ഇനി സെക്രട്ടറിയേറ്റിൽ ഉഴപ്പ് നടക്കില്ല. ജോലി സമയം മുഴുവൻ ജീവനക്കാർക്ക് സീറ്റിൽ ഇരിക്കേണ്ടി വരും. സംഘടനാ നേതാക്കളുടെ സമ്മർദ്ദത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ വഴങ്ങുന്നില്ല. ജീവനക്കാർക്കു സെക്രട്ടേറിയറ്റിലേക്കു പ്രവേശിക്കുന്നതിനും പുറത്തു പോകുന്നതിനും ഏപ്രിൽ ഒന്നു മുതൽ ആക്‌സസ് കൺട്രോൾ സിസ്റ്റം നിലവിൽ വരും.
2 മാസത്തേക്കു പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ ശേഷം ബയോമെട്രിക് ഹാജർ സംവിധാനവുമായി ബന്ധിപ്പിക്കും. ഭാവിയിൽ എല്ലാ സർക്കാർ ഓഫിസുകളിലേക്കും ഇതു വ്യാപിപ്പിക്കും. 1.97 കോടി രൂപയ്ക്കാണ് ഉപകരണങ്ങൾ വാങ്ങിയത്. കെൽട്രോണാണു നടത്തിപ്പുകാർ. എന്നാൽ കെൽട്രോൺ എങ്ങനെയാണ് ഈ സംവിധാനം വാങ്ങിയതെന്നും നിർണ്ണായകമാണ്. ഇതിന് പിന്നിലും ഉപകരാർ അഴിമതി ജീവനക്കാരുടെ സംഘടനകൾ കാണുന്നുണ്ട്.
ജീവനക്കാരെ സീറ്റിലിരുത്തി ജോലി ചെയ്യിക്കാനാണ് പുതിയ സംവിധാനം എന്നു സർക്കാർ വിശദീകരിക്കുന്നു. ഇതോടെ സെക്രട്ടേറിയറ്റിലേക്ക് സന്ദർശകർക്കുള്ള പ്രവേശനം കർശനമായി നിയന്ത്രിക്കപ്പെടും. മാധ്യമ പ്രവർത്തകർക്ക് അടക്കം നിയന്ത്രണം കൂടും. അതിനിടെ ഇതും അഴിമതിക്ക് വേണ്ടിയുള്ള സംവിധാനമാണെന്ന ആക്ഷേപം ശക്തമാണ്. എന്നാൽ അങ്ങനെ അല്ലെന്നും ജീവനക്കാരെ പണിയെടുപ്പിക്കലാണ് ലക്ഷ്യമെന്നും സർക്കാർ പറയുന്നു. കെട്ടിക്കിടക്കുന്ന ഫയലുകളുടെ എണ്ണം കുറയ്ക്കുകയാണ് ഉദ്ദേശമെന്നും വിശദീകരിക്കുന്നു. ഏതായാലും പദ്ധതി കൃത്യമായി നടപ്പാക്കിയാൽ ജീവനക്കാർക്ക് ഓഫീസിൽ തന്നെ ഇരിക്കേണ്ടി വരും.
പഞ്ച് ചെയ്ത ശേഷം അരമണിക്കൂറിലേറെ മാറി നിന്നാൽ ജീവനക്കാരുടെ ഹാജറിനെ ബാധിക്കും. ഉദ്യോഗസ്ഥരെ പൂർണമായും സെൻസർ വലയത്തിലാക്കുന്ന ആക്‌സസ് കൺട്രോൾ സിസ്റ്റത്തെ സിപിഎം അനുകൂല സംഘടനകൾ ഉൾപ്പെടെ എതിർത്തിരുന്നു. മുഖ്യമന്ത്രിയെ അവർ എതിർപ്പും അറിയിച്ചു. ഇതോടെ നടപ്പാക്കുന്നത് നീട്ടി വച്ചു. എന്നാൽ പല വിധ വിവാദങ്ങൾ ഉയർന്നതോടെ വീണ്ടും വീണ്ടും സർക്കാർ പുനരാലോചനയ്ക്ക് തയ്യാറായി. ഇതോടെ സംവിധാനം നടപ്പാക്കാനും തീരുമാനിച്ചു.
രാവിലെ ഓഫിസിൽ എത്തി പഞ്ച് ചെയ്തു മുങ്ങുന്നവരെ കയ്യോടെ പിടികൂടാനാണ് സംവിധാനം. ജീവനക്കാർ സെൻസർ അധിഷ്ഠിതമായ വാതിലിലൂടെ ഓഫിസിലേക്ക് കടക്കുമ്പോൾ ഹാജർ രേഖപ്പെടുത്തും. ഓഫിസിൽ നിന്ന് ഓരോ തവണ പുറത്തു പോകുമ്പോഴും സമയം രേഖപ്പെടുത്തും. മടങ്ങിയെത്താൻ അരമണിക്കൂറിലധികമായാൽ അവധിയായി കണക്കാക്കും. ശമ്പള സോഫ്റ്റ്‌വെയറായ സ്പാർക്കുമായി ബന്ധിപ്പിച്ചായിരിക്കും അവധി ഉൾപ്പെടെയുള്ള കാര്യങ്ങൾ രേഖപ്പെടുത്തുക.
സെക്രട്ടറിയേറ്റ് ജീവനക്കാരോട് നിഷ്‌കർഷിച്ചിട്ടുള്ളത് ഏഴുമണിക്കൂർ ജോലി ചെയ്യണമെന്നാണ്. എന്നാൽ നിലവിൽ ജോലികൾ പൂർണമായും നിർവഹിക്കാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. അതുകൊണ്ട് തന്നെ ഈ ഏഴ് മണിക്കൂറും സീറ്റിൽ ഇരുന്ന് ജോലി ചെയ്യുന്നു എന്ന് ഉറപ്പു വരുത്തുന്നതിന് വേണ്ടിയാണ് പുതിയ സംവിധാനം. മറ്റു ആവശ്യങ്ങൾക്ക് വകുപ്പുകളിലേക്കും മറ്റും പോവുകയാണെങ്കിൽ അത് ഔദ്യോഗിക ആവശ്യമാണെന്ന് രേഖപ്പെടുത്തിയാൽ മാത്രമേ അവധി എന്ന നിബന്ധന ഒഴിവായിക്കിട്ടൂ.
ജീവനക്കാർക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന സംവിധാനമാണ് ഇത് എന്നാണ് സംഘടനകൾ ചൂണ്ടിക്കാട്ടുന്നത്. നിലവിൽ പഞ്ചിംങ് സിസ്റ്റം മാത്രമാണ് സെക്രട്ടറിയേറ്റിൽ ഉള്ളത്.
മറുനാടന് മലയാളി ബ്യൂറോ