അടിമാലി: ഇടുക്കിയിൽ വാളറയ്ക്ക് സമീപവും രാജാക്കട് തേക്കും കാനത്തും വാഹാനപകടം. രണ്ട് മരണം .നിരവധി പേർക്ക് പരിക്കേറ്റു. വാളറയിലെ അപകടത്തിലാണ് രണ്ട് യുവാക്കൾ മരിച്ചത്.

രാവിലെ 8.30 കൊച്ചി -ധനുഷ്‌കോടി ദേശീയ പാതയിലെ വാളറ കോളനിപ്പാലത്ത് ടൂറിസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ചതാണ് ആദ്യ അപകടം. കോട്ടയം കാഞ്ഞിരപ്പിള്ളി എരുമേലി സൗത്ത് മുട്ടപ്പിള്ളി വെള്ളാപ്പിള്ളിൽ ഷാജിയുടെ മകൻ അരവിന്ദ്(23)തൃശൂർ ആമ്പല്ലൂർ വെളിയത്ത്പറമ്പിൽ കാർത്തിക് (20)എന്നിവരാണ് മരണപ്പെട്ടത്.

എറണാകുളത്തെ ഹോട്ടലിലെ ജീവനക്കാരായ ഇവർ മറ്റ് സുഹൃത്തുക്കൾക്കൊപ്പം രണ്ട് ബൈക്കുകളിലായി പുലർച്ചെ 1 മണിയോടെ മൂന്നാറിന് തിരിക്കുകയായിരുന്നു. 4 മണിയോടെ മൂന്നാറിൽ എത്തി. ഇതിന് ശേഷം പരിസരപ്രദേശങ്ങൾ ചുറ്റിക്കറങ്ങി. തിരിച്ച് എറണാകുളത്തേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം.

മൂന്നാർ ഭാഗത്തേയ്ക്ക് വരികയായിരുന്ന ടൂറിസ്റ്റ് ബസിൽ ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ ഇവർ തൽക്ഷണം മരിച്ചു. ഇരുവരെയും ഓടിക്കൂടിയവർ ഉടൻ ഇരുമ്പുപാലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഇവിടുത്തെ ഡോക്ടർ മരണം സ്ഥിരീകരിച്ചു.

കാർത്തിക് ഹോട്ടൽ മാനേജ്മെന്റ് കോഴ്സിൽ ചേർന്ന് പഠിച്ചുവരികയായിരുന്നു.പാർട്ട് ടൈമായിട്ടാണ് ഹോട്ടലിൽ ജോലിയെടുത്തിരുന്നത്.അടിമാലി പൊലീസ് മേൽനടപടികൾ സ്വീകരിച്ചുവരുന്നു. രാജക്കാട് തേക്കുംകാനത്ത് ഉച്ചയ്ക്ക് 2 മണിയോടടുത്താണ് രണ്ടാമത്തെ അപകടം.

വിനോദസഞ്ചാരികളുമായി പോകുകയായിരുന്ന ടെമ്പോട്രാവലർ ഇവിടെ വട്ടംമറിഞ്ഞു. യാത്രക്കാരായ 4 പേർക്ക് പരിക്കേറ്റതായിട്ടാണ് പ്രാഥമീകമായി ലഭിച്ചിട്ടുള്ള വിവരം. രാജാക്കാട് പൊലീസ് സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.