പത്തനംതിട്ട: ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് ദാരുണാന്ത്യം. ഞായറാഴ്ച പുലര്‍ച്ചെ 4.30ന് പത്തനംതിട്ട കൂടല്‍ മുറിഞ്ഞകല്ലിലുണ്ടായ അപകടത്തില്‍ കാര്‍ യാത്രികാരയ മല്ലശേരി സ്വദേശികളായ മത്തായി ഈപ്പന്‍, അനു, നിഖിന്‍, ബിജു പി ജോര്‍ജ് എന്നിവരാണ് മരിച്ചത്. അനുവിനെയും നിഖിലിനേയും വിളിച്ച് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും മടങ്ങുകയായിരുന്നു കാര്‍ എന്നാണ് പോലീസ് പറഞ്ഞത്. മല്ലശ്ശേരി സ്വദേശികളാണ് മരിച്ചത്.

മലേഷ്യയില്‍ നിന്ന് എത്തിയ അനുവും നിഖിലുമായി വീട്ടിലേക്ക് പോകുന്നതിനിടെയാണ് ദാരുണ സംഭവം ഉണ്ടായത്. അപകടം നടന്ന ഉടന്‍ തന്നെ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആന്ധ്രാപ്രദേശില്‍ നിന്ന് എത്തിയ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസിലേക്ക് കാര്‍ ഇടിച്ചു കയറുകയായിരുന്നു. അനുവിന്റെ ഭര്‍ത്താവാണ് നിഖില്‍. നിഖിലിന്റെ അച്ഛനാണ് മത്തായി. അനുവിന്റെ അച്ഛനാണ് ബിജു പി ജോര്‍ജ്. അതായത് ഭാര്യയും ഭര്‍ത്താവും അവരുടെ അച്ഛന്മാരുമാണ് അപകടത്തില്‍ മരിച്ചത്. അതിനിടെ അനുവും നിഖിലും ഈയിടെയാണ് വിവാഹിതരായതെന്നും ഇവര്‍ രണ്ടു പേരും വിദേശത്ത് നിന്നും മടങ്ങി വന്നവരാണെന്നും സൂചനകളുണ്ട്.

അപകടത്തെ തുടര്‍ന്ന് കാറില്‍ കുടുങ്ങിയവരെ വാഹനം വെട്ടിപ്പൊളിച്ച് പുറത്ത് എടുക്കുകയായിരുന്നു. കാര്‍ ബസിനുള്ളിലേക്ക് ഇടിച്ചു കയറിയ നിലയിലായിരുന്നു. പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്ത് എത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. അശാസ്ത്രീയമായ റോഡ് നിര്‍മാണമാണ് അപകടത്തിനു കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. അപകടമുണ്ടായി നാട്ടുകാര്‍ ഓടിയെത്തിയപ്പോള്‍ അനുവിന് ജീവനുണ്ടായിരുന്നു. ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടു പോയി. അവിടെ എത്തിയ ശേഷമാണ് അനു മരിച്ചത്. ബാക്കിയുള്ളവര്‍ കാറില്‍ കുടുങ്ങി. പോലീസും ഫയര്‍ ഫോഴ്‌സും എത്തി വെട്ടി പൊളിച്ചു. അപ്പോഴേക്കും നാലു പേരും മരിച്ചു.

കാര്‍ ഓടിച്ചിരുന്നത് ബിജുവായിരുന്നു എന്നാണ് സൂചന. ഡ്രൈവര്‍ ഉറങ്ങി പോയതാണ് മരണ കാരണമെന്നാണ് വിലയിരുത്തല്‍. അടുത്ത സമയത്താണ് നിഖിലും അനുവിന്റേയും വിവാഹം നടന്നതെന്ന് കോന്നി എംഎല്‍എ ജിനേഷ് കുമാറാണ് അറിയിച്ചത്. രണ്ടു പേരും വിദേശത്ത് നിന്നും മടങ്ങി വന്നുവെന്ന സൂചനയും എംഎല്‍എയാണ് പങ്കുവച്ചത്. കാര്‍ അമിത വേഗതയിലായിരുന്നു എന്നും റിപ്പോര്‍ട്ടുണ്ട്. ഉറങ്ങി പോയതാകും മരണ കാരണമെന്ന് പോലീസ് പറഞ്ഞതെന്നും എംഎല്‍എ വിശദീകരിച്ചു. അപകടം നടക്കാനുള്ള സാഹചര്യം അവിടെ ഇല്ലെന്നാണ് എംഎല്‍എ പറയുന്നത്.

നവംബര്‍ 30നായിരുന്നു നിഖിലിന്റേയും അനുവിന്റേയും വിവാഹം. ഇതിന് ശേഷം ഇവര്‍ ഹണിമൂണിന് മലേഷ്യയിലേക്ക് പോയി. ഇവരെ വിളിക്കാനായിരുന്നു രണ്ടു പേരുടേയും അച്ഛന്മാര്‍ കാറുമായി തിരുവനന്തപുരത്തേക്ക് പോയത്.