കണ്ണൂർ: തുഴയെറിഞ്ഞ് പുഴയുടെ മാറിൽ ഉല്ലാസത്തോടെ സായാഹ്നത്തിൽ വഞ്ചിയിൽ പോയ രണ്ടുയുവാക്കളെ ചുഴി മരണക്കയത്തിലേക്ക് കൊണ്ടുപോയപ്പോൾ കണ്ണീര് പോലും വറ്റിയ വിതുമ്പലോടെ പുല്ലൂപ്പി ഗ്രാമം. തിങ്കളാഴ്‌ച്ച രാവിലെ നാടിനെ തേടിയെത്തിയ ദുരന്തവാർത്ത അത്രമാത്രം പുല്ലൂപ്പിയെയും അത്താഴകുന്ന് ഗ്രാമങ്ങളെ നടുക്കിയിരുന്നു. പുല്ലൂപ്പിക്കടവിലേക്ക് അതിരാവിലെ തന്നെ ചൂളംവിളിച്ചുകൊണ്ടു ഫയർഫോഴ്സും ആംബുലൻസും പൊലിസ് വാഹനങ്ങളുമെത്തിയപ്പോഴാണ് നാട്ടുകാരിൽ പലരും ദുരന്തവാർത്ത അറിയുന്നത്. പിന്നീട് നാടൊന്നാകെ പുല്ലൂപ്പിക്കടവ് കല്ലുകെട്ട് ചിറ തുരുത്തിയിലെ കടവിലേക്ക് നെഞ്ചിടിപ്പോടെ എത്തുകയായിരുന്നു.

മുങ്ങിമരിച്ച റമീസും അഷറുദ്ദീനും കാണാതായ സഹദും ഉറ്റസൃഹുത്തുക്കളായിരുന്നു. അവധിദിവസങ്ങളിൽ പുല്ലൂപ്പി പുഴയിൽ മീൻപിടിക്കാനായി വഞ്ചിയുമായി ഇറങ്ങുകയെന്നത് ഇവരുടെ വിനോദമായിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു. പതിവുപോലെ ഞായറാഴ്‌ച്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് മൂവരും പുഴയിലേക്ക് വഞ്ചിയുമായി ഇറങ്ങിയത്.

അഷറുദ്ദീന്റെ ബൈക്ക് കരയിൽ നിർത്തിയിട്ടുണ്ടായിരുന്നു. രാത്രി ഏറെവൈകിയും ഇവർ വീട്ടിലേക്ക് വരാത്തതിനെ തുടർന്നാണ് ബന്ധുക്കൾ തെരച്ചിൽ തുടങ്ങിയത്. ഇതിനിടയിൽ തോണിമറിയുന്നതിന് തൊട്ടുമുൻപ് മൊബൈലിൽ ഇവർ പകർത്തി വാട്സ് ആപ്പിലിട്ട ചിത്രങ്ങൾ കണ്ടെത്തിയതോടെ അപകടം നടന്നുവെന്ന സംശയം ബലപ്പെടുകയായിരുന്നു. ഇവർ പുഴയിലേക്ക് ഇറങ്ങിയതായുള്ള സി.സി.ടി.വി ദൃശ്യവും കണ്ടെത്തിയിട്ടുണ്ട്.

ഇന്ന് രാവിലെ എട്ടുമണിയോടെ പുഴയിൽ മത്സ്യബന്ധനത്തിന് പോയ റിയാസ് തുരുത്തി, സഹദ് എന്നിവരുടെ വലയിൽ കുടുങ്ങിയ നിലയിലാണ് റമീസിന്റെ മൃതദേഹം കണ്ടെത്തിയത്.തുടർന്ന് അഗ്നിരക്ഷാ സേനയും വളപട്ടണം പൊലീസും സ്ഥലത്തെത്തി മൃതദേഹം കരക്കെത്തിച്ചു. പുഴയോട് ചേർന്ന് കരയിലായി അഷറിന്റെ കെ എൽ 13 എ ക്യൂ 3472 നമ്പർ ബുള്ളറ്റും മൂവരുടെയും പാദരക്ഷകളും കണ്ടെത്തിയതോടെ മറ്റുരണ്ടുപേർക്കായി തിരച്ചിൽ തുടരുകയായിരുന്നു. തുടർന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് അഷറിന്റെ മൃതദേഹവും കോസ്റ്റ് ഗാർഡുകൾ നടത്തിയ തെരച്ചിലിൽ കണ്ടെത്തിയത്.

കാണാതായ സഹദിന് വേണ്ടി രാത്രി ഏറെ വൈകിയും കോസ്റ്റുഗാർഡും ഫയർഫോഴ്സും ആയിക്കരയിലെ വിദഗ്ദ്ധരും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. പുല്ലൂപ്പി പുഴ ജീവനുകൾ കവർന്നെടുക്കുന്നത് പുല്ലൂപ്പി കടവിൽ ഇതു ആദ്യസംഭവമല്ല. വർഷങ്ങൾക്ക് മുൻപ് ഇതുപോലെ പുല്ലൂപ്പിക്കടവിൽ തോണിമറിഞ്ഞ് നാലുപേർ മരണമടഞ്ഞിരുന്നു. ചാണകവുമായി പോവുകയായിരുന്ന തോണിയിൽ സഞ്ചരിച്ച മൂന്നുപേരാണ് മുപ്പതുവർഷങ്ങൾക്കു മുൻപ് മുങ്ങിമരിച്ചത്. 18വർഷം മുൻപ് തിരുവോണ നാളിൽ തോണിമറിഞ്ഞ് ഒരു പെൺകുട്ടി മരിച്ചതും നാട്ടുകാർ ഓർക്കുന്നുണ്ട്. മാതാപിതാക്കളോടൊപ്പം തോണിയിൽ സഞ്ചരിക്കുമ്പോഴായിരുന്നു അപകടം.

ദുരന്തവാർത്തയറിഞ്ഞ് പുഴയോരത്ത് നൂറുകണക്കിനാളുകളാണ് എത്തിയത്. സംഭവസ്ഥലത്തുണ്ടായിരുന്ന വളപട്ടണം പൊലിസ് റവന്യൂവകുപ്പിനെ വിവരമറിയിക്കാൻ വൈകിയെന്നു കണ്ണൂർ കോർപറേഷൻ മേയർ ടി.ഒ മോഹനൻ വിമർശിച്ചു. കലക്ടർ എസ്. ചന്ദ്രശേഖർ, കെ.വി സുമേഷ് എംഎൽഎ, ഡെപ്യൂ.മേയർ ഷബീന ടീച്ചർ, കൗൺസിലർമാരായ ഷമീമ,ടി.രവീന്ദ്രൻ, കൂക്കിരി രാജേഷ്, ബ്േളാാക്ക് പഞ്ചായത്ത് പ്രസി. കെ.സി ജിഷ, ചിറക്കൽ പഞ്ചായത്ത് പ്രസി. ശ്രുതി എന്നിവർ സ്ഥലത്തെത്തിയിരുന്നു.