- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
വീടു നിർമ്മാണത്തിനായി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പിഴുത മരം ദിശ തെറ്റി വീണു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; ബന്ധുവിന് ഗുരുതരപരുക്ക്: സംഭവം തിരുവല്ല കടപ്രയിൽ
തിരുവല്ല: വീടു നിർമ്മാണ പ്രവർത്തനത്തിനായി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പിഴുത മരം ദിശ തെറ്റി വീണ് വീട്ടമ്മ മരിച്ചു. ബന്ധുവിന് ഗുരുതര പരുക്കേറ്റു. കടപ്ര 15-ാം വാർഡിൽ വളഞ്ഞവട്ടം തുമ്മംതറ പുത്തൻ വീട്ടിൽ ലീലാമ്മ വർഗീസ് (56) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെ ആയിരുന്നു അപകടം. സഹോദരി ഭർത്താവ് കൂടൽ ഗ്രേസ് വില്ലയിൽ പാസ്റ്റർ തോമസ് സാമുവലിനും (68) അപകടത്തിൽ ഗുരുതരമായി പരുക്കേറ്റു.
ലീലാമ്മയുടെ പുതിയ വീടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി അതിരിനോട് ചേർന്ന് നിന്നിരുന്ന മരങ്ങൾ മുറിച്ചു മാറ്റുന്നതിനിടെയാണ് പനമരം ഇരുവരുടെയും ദേഹത്തേക്ക് വീണത്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് മരം പിഴുതു മാറ്റിയത്. എതിർഭാഗത്തേക്ക് മരം പിഴുതു മാറ്റാൻ ശ്രമിക്കുന്നതിനിടെ അപ്രതീക്ഷിതമായി ഇരുവരും നിന്നിരുന്ന ഭാഗത്തേക്ക് വീഴുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ലീലാമ്മയുടെ ജീവൻ രക്ഷിക്കാനായില്ല.
പാസ്റ്റർ തോമസ് സാമുവലിന് നട്ടെല്ലിനാണ് പരുക്ക്. വീട് നിർമ്മാണം നടക്കുന്നതിനാൽ ലീലാമ്മ ഇരവിപേരൂരിലുള്ള മേരിക്കുട്ടിയുടെ വീട്ടിലായിരുന്നു താമസം. മരങ്ങൾ മുറിച്ച് മാറ്റുന്നത് കാണാനായാണ് ബുധനാഴ്ച ഉച്ചയോടെ ലീലാമ്മ ഇവിടെ എത്തിയത്. ഭർത്താവ് ടി.എം. വർഗീസ് ക്യാൻസർ രോഗബാധയെ തുടർന്ന് കഴിഞ്ഞ ഏപ്രിൽ മാസമാണ് അന്തരിച്ചത്. മകൻ: ഫ്ളൈബി വർഗീസ് (യു.കെ.). മരുമകൾ: സ്നേഹ. പുളിക്കീഴ് പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്