കണ്ണൂർ: കണ്ണൂരിൽ ഒരു മാസത്തിനിടയിൽ കത്തിനശിച്ചത് മൂന്ന് ഇരുചക്രവാഹനങ്ങൾ. ആദ്യം നടന്ന മൂന്ന് തീപിടിത്തിലും യാത്രക്കാർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ജനുവരിയിലാണ് വാരത്ത് ഓടിക്കൊണ്ടിരുന്ന ബുള്ളറ്റ് കത്തി നശിച്ച അപകടത്തിൽ യുവാവ് തലനാരിഴക്ക് രക്ഷപ്പെട്ടത്. മുണ്ടേരി കാനച്ചേരിയിലെ ഷിജുവിന്റെ ബുള്ളറ്റാണ് കത്തി നശിച്ചത്. മേലേ ചൊവ്വയിൽ നിന്നും മുണ്ടേരി കാനച്ചേരിയിലുള്ള വീട്ടിലേക്ക് പോകുന്ന വഴി വാരം പെട്രോൾ പമ്പിനടുത്ത് വെച്ച് ബൈക്കിന് തീപിടിക്കുകയായിരുന്നു.

നാട്ടുകാരുടെയും ഫയർഫോഴ്സിന്റെയും സമയോചിതമായ ഇടപെടൽ കാരണമാണ് ദുരന്തം ഒഴിവായത്. റോയൽ എൻഫീൽഡാണ് അഗ്‌നിക്ക് ഇരയായത്. എഞ്ചിന്റെ ഭാഗത്ത് നിന്ന് സ്പാർക്കായി പുക വരുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് വാരം പെട്രോൾ പമ്പിനടത്ത് റോഡ് സൈഡിൽ ബൈക്ക് നിർത്തി ഷിജു ഇറങ്ങിയത്. ഇറങ്ങുമ്പോഴേക്കും തീ ആളിപടർന്നിരുന്നു. നാട്ടുകാരും വാരത്തെ പെട്രോൾ പമ്പ് ജീവനക്കാരും ഓടിയെത്തി പെട്ടന്ന് തന്നെ തീ അണക്കുകയായിരുന്നു.

ജനുവരിയിൽ തന്നെയാണ് ചക്കരക്കൽ മതുക്കോത്ത് ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് പൂർണ്ണമായും കത്തി നശിച്ചത്. ബൈക്ക് യാത്രികർ അത്ഭുതകരമായി രക്ഷപ്പെട്ടു. കണ്ണൂരിൽ നിന്ന് ഇരിട്ടിയിലേക്ക് പോകുന്ന സ്വകാര്യ ബസും കണ്ണൂർ ഭാഗത്തേക്ക് പോകുന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്. മട്ടന്നൂർ അഗ്‌നിരക്ഷാ സേന എത്തിയാണ് തീ അണച്ചത്. പട്ടാപ്പകൽ തന്നെയായിരുന്നു ഈ രണ്ട് സംഭവം.

മൂന്നാമത്തെ അപകടത്തിലാണ് രണ്ട് ജീവനുകൾ നഷ്ടമായത് നഷ്ടമായത്. റീഷെയുടെയും പ്രജിത്തിന്റെയും ജീവനെടുത്ത അപകടത്തിൽ കാർ പൂർണമായും കത്തി നശിക്കുകയായിരുന്നു. മറ്റു നാലുപേർ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. മാസങ്ങൾക്കു മുൻപ് കണ്ണൂരിൽ നാലിടങ്ങളിൽ നിർത്തിയിട്ട കാറുകൾ കത്തിനശിച്ചിട്ടുണ്ട്. ഇതിൽ യാത്രക്കാരില്ലാത്തതു കാരണമാണ് ആളപായമില്ലാഞ്ഞത്. പുതിയതെരു, വളപട്ടണം, താഴെചൊവ്വ, ചക്കരക്കൽ എന്നിവടങ്ങളിലാണ് കാർ കത്തിനശിച്ചത്. എന്നാൽ അഞ്ചാമത്തെ കാർ അപകടത്തിൽ ദമ്പതികൾ തീപിടിച്ചുമരിച്ചത് അതിദാരുണമായാണ്.

കണ്ണൂർ ജില്ലാ ആശുപത്രിക്കു സമീപം കുറ്റിയാട്ടൂർ സ്വദേശി പ്രജിത്തും ഭാര്യ റീഷയും കത്തിയമർന്നത് ഉറ്റവർ നോക്കി നിൽക്കെയാണ്. സംഭവം കണ്ട നാട്ടുകാർ ഇരുവരെയും രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും തീ ആളിപ്പടർന്നതിനാൽ നിസ്സഹായരായി. മുൻവശത്തെ ഡോറുകൾ ലോക്കായതിനാൽ തീനാളങ്ങൾക്കിടയിൽ നിന്ന് ഇരുവരെയും രക്ഷിക്കാനായില്ല. റീഷയുടെ മാതാപിതാക്കളും മകളും നിസ്സഹായരായി നോക്കിനിൽക്കെയാണ് ഇരുവരും മരണത്തിന് കീഴടങ്ങിയത്. കാറിനകത്തു നിന്ന് ഇരുവരുടെയും നിലവിളി ഉയർന്നെങ്കിലും ആർക്കും ഒന്നും ചെയ്യാനായില്ല. ഓടിക്കൂടിയവർ കണ്ടത് കത്തിക്കൊണ്ടിരിക്കുന്ന പ്രജിത്തിനെയാണ്.

റീഷ നിലവിളിച്ച് ഗ്ലാസ്സിനിടയിലൂടെ രക്ഷപ്പെടാൻ ശ്രമിക്കുന്നുണ്ടായിരുന്നു. ഹൃദയഭേദകമായ കാഴ്ചയ്ക്കാണ് ഇന്നലെ ജില്ലാ ആശുപത്രി പരിസരം സാക്ഷിയായത്. കാറിൽ നിന്ന് രക്ഷപ്പെട്ട ആശ്വാസത്തിൽ പുറത്തിറങ്ങിയ നാലുപേരും കണ്ടത് തങ്ങളുടെ ജീവനായ രണ്ടുപേർ ജീവനോടെ കത്തുന്നതാണ്.വീട്ടിലേക്ക് പുതിയ ഒരംഗം കൂടി വരുന്നുവെന്ന് കാത്തിരുന്ന കുടുംബത്തിലേക്കാണ് വൻ ദുരന്തം തീയായി വീണത്. കാർ കത്തിയതിലൂടെ പൊലിഞ്ഞത് ശരിക്കും മൂന്ന് ജീവനുകളാണ്. മരണപ്പെട്ട റീഷ പൂർണ്ണ ഗർഭിണിയായിരുന്നു. തികഞ്ഞ പ്രതീക്ഷയിലും സന്തോഷത്തിലും റീഷയുടെ പ്രസവാവശ്യത്തിന് ജില്ലാ ആശുപത്രിയിലേക്ക് പോകുന്ന വഴിയാണ് ആശുപത്രിക്ക് തൊട്ടടുത്ത് വെച്ച് മരണത്തിന് കീഴടങ്ങിയത്. ഓടിക്കൂടിയ നാട്ടുകാർക്ക് കാറിന്റെ അടുത്തെത്താൻ പോലും സാധിച്ചില്ല. കൂട്ടക്കരച്ചിലിനിടയിൽ ഫയർഫോഴ്‌സിനെ വിളിക്കുവെന്ന ആൾകൂട്ടത്തിന്റെ അലറൽ കേൾക്കാമായിരുന്നു. എന്നാൽ ഒരു വിളിപ്പാടകലെ നിന്ന് ഫയർഫോഴ്‌സ് എത്തി തീയണയ്ക്കുമ്പോഴേക്കും എല്ലാം അവസാനിച്ചിരുന്നു.