പത്തനംതിട്ട: സിഗ്‌നൽ ചുവപ്പായിരിക്കേ അത് ലംഘിച്ച് അമിതവേഗതയിൽ പാഞ്ഞ സ്വകാര്യ ബസ് സ്‌കൂട്ടർ യാത്രക്കാരിയെ ഇടിച്ചു വീഴ്‌ത്തി. ബസിന് അടിയിൽപ്പെട്ട യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന യുവതിക്ക് നേരെ ബസുടമയുടെയും ജീവനക്കാരുടെയും ഭീഷണി.

കോഴഞ്ചേരി കുരിശു മുക്കിലാണ് സ്വകാര്യ ബസിന്റെ മരണപ്പാച്ചിൽ അപകടം ഉണ്ടാക്കിയത്. സിഗ്നൽലൈറ്റ് ചുവപ്പ് കത്തി നിൽക്കവേ പൊയ്യാനിൽ ജങ്ഷനിൽ നിന്നും ടി.കെ റോഡിലൂടെ തെക്കേമലയിലേക്ക് അതിവേഗം വന്ന സ്റ്റാർ ബസിടിച്ച് നാരങ്ങാനം ഗുരുചൈതന്യത്തിൽ ബിന്ദു (43)വിനാണ് പരുക്കേറ്റത്.നാരങ്ങാനം റോഡിൽ നിന്നും മുഖ്യപാതയിലേക്ക് കടന്നു പോകാനായുള്ള പച്ച വെളിച്ചം കത്തി നിൽക്കേയാണ് ഇവർ സ്‌കൂട്ടറിൽ ഇവിടേക്ക് പ്രവേശിച്ചത്. ഈ സമയം സിഗ്നൽ തെറ്റിച്ച് അതി വേഗതയിൽ വന്ന ബസ് ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ ബസിനടിയിലേക്ക് വീണ ഇവരെ മറ്റ് വാഹനങ്ങളിൽ വന്നവരും നാട്ടുകാരും ചേർന്ന് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. വാഹനം പെട്ടെന്ന് നിർത്തിയതിനാൽ പിന്നിലെ ടയർ കയറാതെ രക്ഷപ്പെടുകയായിരുന്നു. കൈക്കും തോളിനും കാര്യമായ പരുക്കും ശരീരമാസകലം മുറിവുകളുമുള്ള ബിന്ദു ചികിത്സയിലാണ്. വ്യവസായകേന്ദ്രം ജങ്ഷനിലെ മൊത്ത വ്യാപാര ശാലയിൽ ജോലി നോക്കുന്ന ഇവർ അവിടേക്ക് പോകുമ്പോഴായിരുന്നു അപകടം.

ഓടിക്കൂടിയവർ ബസ് ഡ്രൈവർക്ക് നേരെയും തിരിഞ്ഞു. വാക്കേറ്റം സംഘർഷത്തിലേക്ക് നീങ്ങുകയും ബസ് ജീവനക്കാരെ മർദിക്കുകയും ചെയ്തതായി പറയുന്നു. അപകടവും ജീവനക്കാർക്കേറ്റ മർദനവും ബിന്ദുവിന്റെ കുറ്റമാണെന്ന് ആരോപിച്ചാണ് ബസുടമയും സംഘവും ആശുപത്രിയിൽ എത്തി ഇവരെ ഭീഷണിപ്പെടുത്തിയതായി പരാതിയുള്ളത്. ആശുപത്രിയിൽ ഭീഷണി മുഴക്കിയ ശേഷം ഇവർ പൊലീസ് സ്റ്റേഷനിലും പ്രശ്നങ്ങൾ ഉണ്ടാക്കിയത്രേ. ഇതോടെ ഉടമയ്ക്ക് ഒപ്പം വന്ന ആളെ പൊലീസ് സ്റ്റേഷനിൽ തടഞ്ഞു വച്ചു.എന്നാൽ പരുക്കേറ്റ് ആശുപത്രിയിൽ കിടക്കുന്ന യുവതിയെ ഭീഷണിപ്പെടുത്തിയവർക്കെതിരെ കേസ് എടുത്തിട്ടില്ല. അപകടം ഉണ്ടാക്കിയ ബസിനും ജീവനക്കാർക്കും എതിരെ ഇതിന്റെ പേരിൽ കേസ് എടുത്തിട്ടുള്ളതായി പൊലീസ് പറഞ്ഞു.