കോന്നി: കിഴവള്ളൂർ സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളിക്ക് സമീപത്തെ വളവിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് മൂന്നു പേർക്ക് ഗുരുതര പരുക്ക്. ഇരു വാഹനങ്ങളുടെയും ഡ്രൈവർമാർ, ബസിൽ മുൻ സീറ്റിൽ ഉണ്ടായിരുന്ന സ്ത്രീ എന്നിവർക്കാണ് പരുക്ക്. ബസിലെ മറ്റു യാത്രികർക്കും പരുക്കുണ്ട്.

ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് അപകടം. പത്തനംതിട്ടയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോയ കെ.എസ്ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസും കോന്നിയിൽ നിന്ന് പത്തനംതിട്ടയിലേക്ക് വന്ന കാറുമാണ് കൂട്ടിയിടിച്ചത്.

ബസ് മുന്നിൽ പോയ വാഹനത്തെ മറികടക്കുന്നതിനിടെ, എതിരെ വന്ന കാറിൽ ഇടിച്ച് നിയന്ത്രണം വിട്ട് പള്ളിയുടെ സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളിയുടെ കുരിശടിയിലക്ക് ഇടിച്ചുകയറുകയായിരുന്നു. കുരിശടി പൂർണമായും തകർന്നു.

പരുക്കേറ്റവരെ കോന്നി താലൂക്കാശുപത്രി, പത്തനംതിട്ട ജനറൽ ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു.

കെ.എസ്.ആർ.ടി്സി ബസിന്റെ മുൻവശം പൂർണമായും തകർന്നു. കാറും പൂർണമായി തകർന്ന നിലയിലാണ്. പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കോന്നി-കുമ്പഴ റീച്ചിന്റെ പണി പൂർത്തിയായിട്ടുണ്ട്.

റോഡിലൂടെ അമിത വേഗതയിലാണ് വാഹനങ്ങൾ പായുന്നത്. പതിവായി അപകടം നടക്കുന്ന ഭാഗത്താണ് ഇപ്പോൾ വാഹനങ്ങൾ കൂട്ടിയിടിച്ചിരിക്കുന്നത്.