ശ്രീകണ്ഠാപുരം: പിതാവും മകളും സഞ്ചരിച്ച സ്‌കൂട്ടറിന് പിന്നിൽ ലോറിയിടിച്ചു മകൾ ദാരുണമായി മരിച്ചത് കണ്ണൂർ ജില്ലയിലെ മലയോര ഗ്രാമമായ വളക്കൈയെ കണ്ണീരിലാഴ്‌ത്തി. ശ്രീകണ്ഠാപുരം- ഇരിട്ടി സംസ്ഥാന പാതയിൽ ചെങ്ങളായി ടൗണിന് സമീപം സ്‌കൂട്ടറിൽ ലോറിയിടിച്ച് യുവതി മരിച്ച സംഭവത്തിൽ ശ്രീകണ്ഠാപുരം പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

വളക്കൈ അടിച്ചിക്കാമലയിലെ ജലീൽ - സൗദത്ത് ദമ്പതികളുടെ മകൾ കുന്നുംപുറത്ത് വീട്ടിൽ ജസീലയാണ് ( 23) മരിച്ചത്. ശനിയാഴ്‌ച്ച രാത്രി ഒൻപത് മണിയോടെയാണ് അപകടം. ശ്രീകണ്ഠാപുരത്ത് നിന്നും ജസീലയും പിതാവും സ്‌കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ അമിത വേഗതയിൽ വന്ന ലോറി പുറകിലിടിച്ചു തെറിപ്പിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ ജസീലയെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

ഗൾഫിൽ ജോലി ചെയ്യുന്ന ശ്രീകണ്ഠാപുരം നിടുവാലൂർ സ്വദേശി റമീസാണ് ജസീലയുടെ ഭർത്താവ്. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് ഏതാനും വർഷങ്ങൾ മാത്രമേയായിട്ടുള്ളൂ.

സഹോദരങ്ങൾ: സഹദ്, ഫാത്തിമ, ഷമീൽ.

മൃതദേഹം പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ ശ്രീകണ്ഠാപുരം പൊലിസ് ലോറി ഡ്രൈവർക്കെതിരെ കേസെടുത്തു അന്വേഷണമാരംഭിച്ചിട്ടുണ്ട്. കണ്ണൂർജില്ലയിൽ നിരന്തരം അപകടമുണ്ടാകുന്ന റോഡാണ് ശ്രീകണ്ഠാപുരം- ഇരിട്ടി സംസ്ഥാനപാത. ഇതിലൂടെ ടിപ്പർ ലോറികൾ ഉൾപ്പെടെയുള്ളവ മരണപ്പാച്ചിൽ നടത്തുകയാണെന്ന് നാട്ടുകാർ ആരോപിച്ചു.

നിരവധി അപകടങ്ങളാണ് ഈ റൂട്ടിൽ നടക്കുന്നത്. ഒട്ടനവധി പേർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു.വാഹനങ്ങളുടെ അമിത വേഗത നിയന്ത്രിക്കാൻ പൊലിസ് നടപടിയെടുക്കാത്തതിൽ നാട്ടുകാരിൽ പ്രതിഷേധം ശക്തമാണ്. പൊലീസ് അനാസ്ഥയുടെ ഏറ്റവും ഒടുവിലത്തെ ഇരയാണ് ജസീല. എണ്ണമറ്റ ചെങ്കൽ കരിങ്കൽ ക്വാറികൾ പ്രവർത്തിക്കുന്ന ശ്രീകണ്ഠാപുരത്ത് ടോറസ് അടക്കമുള്ള വൻകിട വാഹനങ്ങൾ പരക്കംപായുന്നത് പതിവാണ്. ഇതുതടയുന്നതിനായി ശക്തമായ നടപടി പൊലിസ് സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.