പന്തളം: എം.സി റോഡിൽ കുരമ്പാലയ്ക്ക് സമീപം മഹീന്ദ്ര ഥാർ ജീപ്പിടിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞ യുവാവ് മരിച്ചു. തിരുവല്ല താലൂക്ക് സപ്ലൈ ഓഫീസിലെ അറ്റൻഡർ കൊല്ലം കൈപ്പറ്റ ചിതര സീനത്ത് മൻസിൽ എസ്. സലീമിന്റ മകൻ മിലാസ് ഖാൻ(24) യാണ് മരിച്ചത്.

ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെ എം.സി റോഡിൽ കുരമ്പാല പാറമുക്ക് ജങ്ഷനിൽ കാറിലും രണ്ട് സ്‌കൂട്ടറിലും ഇടിച്ച ശേഷം നിയന്ത്രണം വിട്ട ജീപ്പ് കടയിലേക്ക് ഇടിച്ചുകയറിയിരുന്നു. ജമ്മു കാശ്മീരിൽ സൈനിക ആശുപത്രിയിലെ ഡോക്ടറായ തിരുവനന്തപുരം സ്വദേശി ആനന്ദ് ഓടിച്ച ജീപ്പ് ആണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ സ്‌കൂട്ടറിൽ യാത്ര ചെയ്തിരുന്ന കുളനട മാന്തുക മേമന മോടിയിൽ ആര്യ (32)യ്ക്ക് സാരമായി പരുക്കേറ്റിരുന്നു. ഇവർ അപകടനില തരണം ചെയ്തു. കല്ലിശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിഞ്ഞിരുന്ന മിലാസ്ഖാൻ ബുധനാഴ്ച രാവിലെയാണ് മരിച്ചത്. നാലു മാസംമുമ്പ് ജോലി ലഭിച്ച മിലാസ് തിരുവല്ലയിൽ തന്നെ താമസിച്ചു ജോലി ചെയ്തു വരികയായിരുന്നു.

എറണാകുളത്തു നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു ഡോ. ആനന്ദ്. നിയന്ത്രണം വിട്ട് ജീപ്പ് ആദ്യം കാറിലും ആര്യ ഓടിച്ചിരുന്ന സ്‌കൂട്ടറിലും ഇടിക്കുകയായിരുന്നു. പിന്നീട് ജോലിക്ക് പോകുകയായിരുന്ന മിലാസ് ഖാന്റെ ബൈക്കിലും ഇടിച്ച ശേഷം നിയന്ത്രണം വിട്ട് സമീപത്തെ ഡി.എസ് ഫാഷൻ തുണിക്കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അടച്ചിട്ടിരുന്ന കടയുടെ മുൻഭാഗം പൂർണ്ണമായും തകർന്നു. അപകടത്തിൽപ്പെട്ട കാറിൽ ഉണ്ടായിരുന്ന അടൂർ നെടുമൺ, ബോബി ഭവനിൽ മറിയാമ്മ രാജു (65)വിനെ പ്രാഥമിക ശുശ്രൂഷ ചെയ്ത് വിട്ടയച്ചു. മിലാസിന്റെ മാതാവ്: സീനത്ത്. സഹോദരിമാർ: ബീഗം ഫർഹാന, ബീഗം സുൽത്താന.