- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഴീക്കോട് അടുക്കളയിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചതിന് പിന്നാലെ കണ്ണപുരത്ത് റേഡിയോ പൊട്ടിത്തെറിച്ചു; വീടിന് തീപിടിച്ചതോടെ കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; വീടിന്റെ ഒരുഭാഗം പൂർണായി കത്തി നശിച്ചു; അറിവില്ലായ്മ അപകടങ്ങൾ ക്ഷണിച്ചുവരുത്തുന്നുവെന്ന് വിദഗ്ദ്ധർ
കണ്ണൂർ: കണ്ണൂരിൽ വീണ്ടും ഇലക്ട്രോണിക്‌സ് ഉപകരണം കത്തി വീടിനു തീപ്പിടിച്ചു. ഇക്കുറി റേഡിയോയാണ് വില്ലനായത്. കണ്ണപുരം യോഗശാലയ്ക്കു സമീപം ചുണ്ടിൽ ചാലിൽ റേഡിയോ പൊട്ടിത്തെറിച്ചാണ് വീടിനു തീപിടിച്ചത്. സ്‌ഫോടനത്തോടെയുണ്ടായ തീപ്പിടിത്തത്തിൽ വീടിന്റെ ഒരു ഭാഗം പൂർണമായി കത്തി നശിച്ചിട്ടുണ്ട്.
കണ്ണപുരം സർവിസ് റൂറൽ ബാങ്ക് ജീവനക്കാരൻ എലിയൻ രാജേഷിന്റെ വീട്ടിലെ റേഡിയോയാണ് പൊട്ടിത്തെറിച്ചത്. ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം. കുടുംബവുമായി പുറത്തുപോയി തിരിച്ചെത്തിയപ്പോഴാണ് വീട്ടിൽ നിന്നും തീയും പുകയും ഉയരുന്നത് കണ്ടത്. ഉടൻ രാജേഷും സമീപ വാസികളും ചേർന്ന് തീയണയ്ക്കുകയായിരുന്നു. വൈദ്യുതിയിൽ പ്രവർത്തിക്കുന്ന റേഡിയോയിലേക്ക് അമിതമായ വൈദ്യുതി പ്രവാഹമുണ്ടായതാണ് തീപിടിത്തത്തിന് കാരണമെന്ന് ഫയർഫോഴ്‌സ് സംശയിക്കുന്നു.
ബാങ്കിലേക്ക് കളക്ഷനായി എടുത്തു വെച്ച 18,500 രൂപയും നിരവധി രേഖകളും മെഡലുകളും ട്രോഫികളും പൂർണമായി കത്തിനശിച്ചു. ഇതിനു സമീപത്തെ നിരവധി വീടുകളിലെ ഇലക്ട്രോണിക്‌സ് ഉപകരണങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. വിവരമറിഞ്ഞ് കല്യാശേരി ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി ഷാജിർ,ബാങ്ക് പ്രസിഡന്റ് ഇ. മോഹനൻ, സിപിഎം പാപ്പിനിശേരി ഏരിയാ സെക്രട്ടറി ടി. ചന്ദ്രൻ എന്നിവർ വീടു സന്ദർശിച്ചു.
കഴിഞ്ഞ ദിവസം അഴീക്കോട് അടുക്കളയിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചിരുന്നു അപകടത്തിൽ കനത്ത നാശനഷ്ടമാണ് സംഭവിച്ചത്. അഴീക്കോട് മീൻകുന്നിൽ ചൊവ്വാഴ്‌ച്ച രാവിലെ ഒൻപതുമണിയോടെയാണ് അപകടം. മീൻകുന്ന് സ്‌കൂൾ ഗ്രൗണ്ടിനടുത്തെ എഴുത്താണി ബാബുവിന്റെ വീട്ടിലെ ഫ്രിഡ്ജാണ് വൻശബ്ദത്തോടെ പൊട്ടിത്തെറിച്ചു തീപടർന്നത്. വീട്ടിലെ അടുക്കളയിലെ പാത്രങ്ങളും തട്ടുകളും പൂർണമായി കത്തിയ നിലയിലാണ്. അപകടത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല.
തീപിടിച്ചതിനെ തുടർന്ന് വീടിന്റെ കോൺക്രീറ്റ് തേപ്പുൾപ്പെടെ പൊളിഞ്ഞുവീണു. ഈസമയം ബാബുവിന്റെ മകളാണ് വീട്ടിലുണ്ടായിരുന്നത്. മകളുടെ പിഞ്ചുകുട്ടി സംഭവത്തിനെ കുറച്ചു സമയങ്ങൾക്കു മുൻപേ തൊട്ടടുത്ത വീട്ടിൽ പോയിരുന്നു. ഇതുകാരണം അടുക്കളയിൽ ആരുമുണ്ടാകാത്തത് വൻ ദുരന്തമൊഴിവാക്കി. കണ്ണൂരിൽ നിന്നെത്തിയ അഗ്നിശമന രക്ഷാസേന നാട്ടുകാരുടെ തീപൂർണമായും അണച്ചു. കെ.വി സുമേഷ് എംഎൽഎ ഉൾപെടെയുള്ള ജനപ്രതിനിധികൾ അപകടം നടന്ന വീട് സന്ദർശിച്ചു.
ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് ഫയർഫോഴ്‌സിന്റെ പ്രാഥമിക നിഗമനം. വീടുകളിലും സ്ഥാപനങ്ങളിലും വൈദ്യുതോപകരണങ്ങൾ കത്തുന്നതിന്റെ പ്രധാന കാരണം ഉപഭോക്താവിന്റെ അറിവില്ലായ്മയാണെന്നാണ് ഫയർഫോഴ്‌സ് പറയുന്നത്. വയറുകൾ പഴകിയതും മിന്നൽ ഏൽക്കുമ്പോൾ ഓവർലോഡ് ഉണ്ടാകുന്നതുമാണ് ഉപകരണങ്ങൾ നശിച്ചു പോകാൻ കാരണമാകുന്നത്. ഫ്രിഡ്ജ്, വാഷിങ് മെഷീൻ , ടി.വി, റേഡിയോ എന്നിവടയടക്കം കത്തി പോകുന്നത് ഉപഭോക്താവിന് കടുത്ത സാമ്പത്തിക ബാധ്യതയാണ് വരുത്തി വയ്ക്കുന്നത്.
എന്നാൽ വൈദ്യുതിയെ കുറിച്ചു ചെറിയ അവബോധമുണ്ടായാൽ ഇത്തരം കാര്യങ്ങളിൽ നിന്നും രക്ഷപെടാൻ കഴിയുമെന്നാണ് ഈ രംഗത്തെ വിദഗദ്ധർ ചുണ്ടിക്കാട്ടുന്നത്. മുൻപ് വീടുകളിൽ കറന്റ് ലീക്ക് ചെയ്താൽ അപകടമൊഴിവാക്കുന്നതിനായി ബ്രേകിങ് സിസ്റ്റമാണുണ്ടായിരുന്നത്. ഈ സംവിധാനം കാരണം അമിത വൈദ്യുതി പ്രവാഹമുണ്ടായാൽ വൈദ്യുതി ബന്ധം നിലയ്ക്കുമായിരുന്നു ഇപ്പോൾ റെഫ്യുസ കറന്റ് ബ്രയ്ക്കിങ് സിസ്റ്റമാണ് നിലവിലുള്ളത്. ഇതു ഘടിപ്പിച്ചാൽ മാത്രമാണ് കെ.എസ്.ഇ.ബി കണക്ഷൻ നൽകുക. എന്നാൽ ഇതിനെയെല്ലാം മറികടന്ന് റോട്ടറി ഫിറ്റിങ് സംവിധാനം വീടുകളിലും ഹോട്ടലുകളിലും വീടുകളിലും കൂൾബാറുകളിലും സ്ഥാപിക്കുന്നതാണ് മിക്കവാറും അപകടങ്ങൾക്ക് കാരണമാകുന്നതെന്ന് അംഗീകൃത വയർമെൻ മാർ പറയുന്നു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്