കണ്ണൂർ: കണ്ണൂർനഗരത്തിൽ വാഹനാപകടത്തിൽ യുവാവ് അതിദാരുണമായി കൊല്ലപ്പെട്ടത് ഒരു ഗ്രാമത്തെ കണ്ണീരിലാഴ്‌ത്തി. കനത്തമഴയ്ക്കിടെ ഉണ്ടായ ദുരന്ത വാർത്ത പള്ളിപ്രം ഗ്രാമത്തെ നടുക്കിയിരിക്കുകയാണ്.

പള്ളിപ്രം കോളനിയിലെ മണ്ടേൻ ഹൗസിലെ അമൃത് കൃഷ്ണനാണ് മരിച്ചത്. കുടുംബാംഗങ്ങളും ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും അക്ഷരാർത്ഥത്തിൽ ഞെട്ടലോടെയാണ് അമൃത് കൃഷ്ണൻ ജില്ലാ ആശുപത്രി റോഡിൽ അപകടത്തിൽ മരിച്ച വാർത്ത കേട്ടത്. ജില്ലാ ആശുപത്രിയിലെ അഗ്‌നിരക്ഷാ നിലയത്തിന് സമീപം സ്‌കൂട്ടറിൽ ബസിടിച്ചാണ് അമൃത് കൃഷ്ണൻ അതിദാരുണമായി കൊല്ലപ്പെടുന്നത്.

സ്‌കൂട്ടറിന്റെ പിന്നിലിരുന്ന് സഞ്ചരിച്ച സുഹൃത്ത് ആദിത്യൻ നിസാര പരുക്കുകളോടെ രക്ഷപ്പട്ടു. ഇയാൾ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. വെള്ളിയാഴ്ച വൈകുന്നേരം ആറരയ്ക്ക് കാട്ടാമ്പള്ളി- കണ്ണൂർ ജില്ലാ ആശുപത്രിയിൽ സർവീസ് നടത്തുന്ന ആപ്പിൾ ബസാണ് ഇവർ സഞ്ചരിച്ച സ്‌കൂട്ടറിൽ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ഇരുവരെയും ഫയർഫോഴ്്‌സും നാട്ടുകാരും ജില്ലാആശുപത്രിയിലെത്തിച്ചുവെങ്കിലും അമൃത്കൃഷ്ണന്റെ ജീവൻ രക്ഷിക്കാനായില്ല.

ഫോർട്ട് ലൈറ്റ്‌സ് കോംപ്‌ളക്‌സിലെ സ്വകാര്യ സ്ഥാപനത്തിൽ ഡെലിവറി ബോയിയായി ഏതാനും ദിവസങ്ങൾക്കു മുൻപാണ് അമൃത് ജോലിക്ക് കയറിയത്. കക്കാട് പള്ളിപ്രം കോളനിയിലെ ദിനേശ്ബാബുവിന്റെയും ഷൈലജയുടെയും മകനാണ് അമൃത്. സഹോദരങ്ങൾ: അമൃതേഷ്, അമൃത് സാഗർ.

മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കു ശേഷം കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ നിന്നും ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്‌കരിച്ചു. ജനപ്രതിനിധികൾ ഉൾപ്പെടെ നിരവധിയാളുകൾ അമൃത് കൃഷ്ണന് അന്തിമോപചാരമർപ്പിക്കാൻ പള്ളിപ്രത്തെ വീട്ടിലെത്തിയിരുന്നു. സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള കുടുംബത്തിലെ അംഗമായ അമൃത് കൃഷ്ണൻ സ്‌കൂൾ പഠനത്തിന് ശേഷം രക്ഷിതാക്കളെ സഹായിക്കുന്നതിനാണ് ഡെലിവറി ബോയിയായി മാറിയത്. കണ്ണൂർ നഗരത്തിലും പരിസരങ്ങളിലും സാധനങ്ങൾ ഉപഭോക്താക്കളുടെ വീടുകളിലെത്തിച്ചുവരുന്നതിനിടെയാണ് യുവാവിനെ മരണം തട്ടിയെടുത്തത്.