- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അപകട മുന്നറിയിപ്പ് നൽകുന്ന ബോർഡുകളില്ല; ഭാരം കയറ്റിവരുന്ന വാഹനങ്ങളടക്കം വീടിന് മുകളിലേക്ക് പതിക്കുന്നത് തുടർക്കഥ; മണ്ഡലകാലത്ത് വാഹനങ്ങളുടെ തിരക്ക് നിയന്ത്രിക്കാൻ ഒരുക്കിയ യാത്രാമാർഗ്ഗം മരണവളവായി മാറിയിട്ടും അപകടങ്ങൾക്ക് തടയിടാൻ നടപടികളില്ല; പാറക്കടവ് ബൈപ്പാസിലെ അപകട വളവ് സ്ഥിരം വില്ലനായി മാറുമ്പോൾ
കട്ടപ്പന:അപകടവളവും കുത്തിറക്കവുമാണ് പാറക്കടവ് ബൈപ്പാസിന്റെ പ്രധാന പ്രത്യേകത.എന്നാൽ ഇതൊന്നും കണക്കിലെടുത്ത് അപകടങ്ങൾക്ക് തടയിടാൻ ഒരു സൂചനാ ബോർഡ് പോലും ഇവിടെ സ്ഥാപിച്ചിട്ടില്ല എന്നുള്ളതാണ് ബൈപ്പാസിലെ അപകടങ്ങളുടെ വ്യാപ്തി വർദ്ദിപ്പിക്കുന്നത് എന്നതാണ് വസ്തുത.ശബരിമല തീർത്ഥാടന കാലത്ത് തീർത്ഥാടക വാഹനങ്ങൾ കടത്തിവിടുന്ന പാറക്കടവ് ബൈപ്പാസിലെ ശാന്തിപ്പടി ഭാഗത്ത് ഇന്നലെയും അപകടമുണ്ടായിരുന്നു.ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന മിനിവാൻ വീടിന് മുകളിലേയ്ക്ക് ഇടിച്ചു കയറി 16 പേർക്കാണ് പരിക്കേറ്റത്.
പാറക്കടവ് കപ്പാട്ട് റഫീഖിന്റെ വീടിന് മുകളിലേക്കാണ് വാൻ ഇടിച്ചുകയറിയത്.റഫീഖിനിത് സ്ഥിരം കാഴ്‌ച്ചയാണ്.പലപ്പോഴും റഫീഖും കുടുംബവും ഉറക്കമുണരുന്നത് ഏതെങ്കിലും വാഹനം അപകടത്തിൽ പെടുന്ന ശബ്ദം കേട്ടുകൊണ്ടായിരിക്കും.ഇന്നലെയുണ്ടായ അപകടത്തിൽ തകർന്ന മുറിയിൽ ആളുകൾ ഇല്ലാതിരുന്നതിനാൽ അത്യാഹിതം ഒഴിവായി.പുലർച്ചെ വലിയശബ്ദം കേട്ടാണ് ഉണർന്നത്.ഇറങ്ങി നോക്കിയപ്പോൾ വാഹനം വീടിനുമുകളിൽ നിൽക്കുന്നു.ഏറെ പ്രയാസപ്പെട്ടാണ് വാഹനത്തിനുള്ളിൽ കുടുങ്ങിയ തീർത്ഥാടകരെ നാട്ടുകാരുമായി ചേർന്ന് രക്ഷപ്പെടുത്തിയത്.നിരവധി തവണ അപകടങ്ങളിലൂടെ തന്റെ വീടിന് കേടുപാടുകൾ സംഭവിച്ചതായും റഫീഖ് പറയുന്നു.ഇത്രയധികം അപകടങ്ങൾ തുടർക്കഥയായിട്ടും അതിന് തടയിടാനുള്ള നടപടികൾ അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നില്ലെന്നാണ് പരാതി.
പാറക്കടവ് ബൈപ്പാസിലെ ശാന്തിപ്പടി ഭാഗത്ത് സ്ഥിരമായി അപകടങ്ങൾ ഉണ്ടാവാറുണ്ട്.2016 ജനുവരിയിൽ ഇതേ സ്ഥലത്ത് തീർത്ഥാടക വാഹനം മറിഞ്ഞ് യാത്രക്കാർക്ക് പരിക്കേറ്റിരുന്നു. ആറുമാസം മുൻപ് ഏലയ്ക്ക കയറ്റിവന്ന പിക്ക് അപ് വാൻ ഇവിടെ മറിഞ്ഞതിനെ തുടർന്ന് റോഡിൽ ഏലയ്ക്ക ചിതറി വീണ് ഗതാഗതം തടസ്സപ്പെട്ടിരുന്നു.മുൻപ് ടൂറിസ്റ്റ് ബസ് കയറ്റത്തുനിന്നു പോയതിനെത്തുടർന്ന് പിറകോട്ട് ഉരുണ്ട സംഭവവും ഉണ്ടായി.വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ക്രാഷ് ബാരിയറും റിഫ്‌ളക്ടറുകളും ഉൾപ്പെടെ സ്ഥാപിക്കാൻ പൊതുമരാമത്ത് വകുപ്പ് നടപടിയെടുക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
കട്ടപ്പന പട്ടണത്തിലെ തിരക്ക് ഒഴിവാക്കുന്നതിനാണ് പാറക്കടവ് ബൈപ്പാസ് വഴി വാഹനങ്ങൾ തിരിച്ചുവിടുന്നത്.എന്നാൽ റോഡിൽ സുരക്ഷാ മുന്നറിയിപ്പ് ബോർഡുകൾ ഇല്ലാത്തതും അപകടവളവും കുത്തിറക്കവുമാണ് ഭീഷണിയാകുന്നത്.റോഡിന്റെ അശാസ്ത്രീയമായ നിർമ്മാണം അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്.2015-ൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച മിനി ബസ് പാറക്കടവ് ബൈപ്പാസിലെ ശാന്തിപ്പടി വളവിൽ നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞിരുന്നു.റോഡിന്റെ അശാസ്ത്രീയമായ നിർമ്മാണംമൂലം ഇവിടെ അപകടങ്ങൾ നിത്യസംഭവമാണ്.മണ്ഡലകാലത്ത് ഏറെ വാഹനങ്ങൾ എത്തുന്ന റോഡിൽ സുരക്ഷാ മുൻകരുതലുകൾ ഒരുക്കണമെന്ന് പ്രദേശവാസികളുടെ അഭിപ്രായം.
മറുനാടന് മലയാളി ബ്യൂറോ