പാലക്കാട്: നെന്‍മാറ ഇരട്ടക്കൊലപാതക കേസില്‍ കുറ്റസമ്മത മൊഴി നല്‍കാന്‍ തയ്യാറല്ലെന്ന് പ്രതി ചെന്താമര. അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് ചെന്താമര നിലപാട് മാറ്റിയിരിക്കുന്നത്. ചിറ്റൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഇന്ന് ഉച്ചക്ക് ശേഷം ചെന്താമരയെ ഹാജരാക്കിയത്. പ്രതിയുടെ കുറ്റസമ്മതമൊഴി എടുക്കാന്‍ വേണ്ടിയാണ് ജഡ്ജിക്ക് മുന്നില്‍ ഹാജരാക്കിയത്.

കുറ്റസമ്മത മൊഴി രേഖപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് നിരവധി ചോദ്യങ്ങളുണ്ടായിരുന്നു. ആ ചോദ്യങ്ങള്‍ക്കെല്ലാം കൂസലില്ലാതെ ആയിരുന്നു പ്രതിയുടെ മറുപടി. എന്നാല്‍ അഭിഭാഷകനെ കണ്ടതിന് ശേഷം ചെന്താമര നിലപാട് മാറ്റുകയായിരുന്നു.

ചെന്താമര കുറ്റം സമ്മതിച്ചിട്ടില്ലെന്ന് അഭിഭാഷകന്‍ ജേക്കബ് മാത്യു പറഞ്ഞു. കുറ്റസമ്മതത്തിന്റെ ഭവിഷ്യത്തുകളെ കുറിച്ച് ചെന്താമരയ്ക്ക് മുന്‍പ് അറിയില്ലായിരുന്നുവെന്നും അക്കാര്യം പറഞ്ഞ് ബോധ്യപ്പെടുത്തിയപ്പോള്‍ കുറ്റംസമ്മതിക്കുന്നില്ലെന്ന നിലപാട് സ്വീകരിക്കുകയായിരുന്നുവെന്നും അഭിഭാഷകന്‍ പറഞ്ഞു.

അന്വേഷണ സംഘത്തിന്റെ അപേക്ഷ പരിഗണിച്ച് പാലക്കാട് സി.ജെ.എം കോടതിയാണ് രഹസ്യ മൊഴിയെടുക്കാന്‍ ഉത്തരവിട്ടത്. രഹസ്യമൊഴി രേഖപ്പെടുത്താന്‍ ചിറ്റൂര്‍ മജിസ്ട്രേറ്റ് കോടതിയെ പാലക്കാട് സി.ജെ.എം കോടതി ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.

കുറ്റസമ്മത മൊഴി രേഖപ്പെടുത്തുന്നതിനായി ചെന്താമരയെ ചിറ്റൂര്‍ ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹാജരാക്കിയത്. ആലത്തൂര്‍ മജിസ്‌ട്രേറ്റിനും അന്വേഷണ സംഘത്തിനും ചെന്താമര വ്യത്യസ്ത മൊഴികളായിരുന്നു നല്‍കിയത്. ഇതിന്റെ പശ്ചാത്തലത്തില്‍ അന്വേഷണ സംഘം പാലക്കാട് സിജെഎമ്മനു അപേക്ഷ നല്‍കി. തുടര്‍ന്ന് പാലക്കാട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ചെന്താമരയുടെ കുറ്റസമ്മതമൊഴി രേഖപ്പെടുത്തുന്നതിനായി ചിറ്റൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയ ചുമതലപ്പെടുത്തി.

മജിസ്‌ട്രേറ്റിന് മുമ്പാകെ എത്തിയ ചെന്താമര, താന്‍ കുറ്റം സമ്മതിക്കുന്നില്ലെന്ന് വ്യക്തമാക്കി. ഇതോടെ പോലീസ് കസ്റ്റഡിയില്‍ ചെന്താമരയെ വിടുന്നില്ലെന്ന് വ്യക്തമാക്കിയ കോടതി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റുകയായിരുന്നു. ചെന്താമരയുടെ ആദ്യ കൊലപാതക കേസിലെ ജാമ്യം നേരത്തെ റദ്ദാക്കിയിരുന്നു. 2019-ല്‍ പോത്തുണ്ടി സ്വദേശി സജിതയെ കൊലപ്പെടുത്തിയ കേസിലെ ജാമ്യമാണ് റദ്ദാക്കിയത്. പാലക്കാട് സെഷന്‍സ് കോടതിയുടേതാണ് നടപടി. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയാണ് സജിതയുടെ ഭര്‍ത്താവ് സുധാകരനേയും ഭര്‍തൃമാതാവ് ലക്ഷ്മിയേയും ചെന്താമര കൊലപ്പെടുത്തിയത്. 2022-ലാണ് ഇയാള്‍ ജാമ്യത്തിലിറങ്ങിയത്.

ഭാര്യ പിണങ്ങിപ്പോകാന്‍ കാരണം അയല്‍വാസികളായ സജിതയും പുഷ്പയുമാണെന്നായിരുന്നു ചെന്താമരയുടെ വിശ്വാസം. ഇരുവരും കൂടോത്രം നടത്തിയതാണ് ഭാര്യ തന്നില്‍ നിന്ന് അകലാന്‍ കാരണമെന്നും ഇയാള്‍ വിശ്വസിച്ചിരുന്നു. ഇതിന്റെ വൈരാഗ്യത്തിലായിരുന്നു സജിതയെ ചെന്താമര കൊലപ്പെടുത്തിയത്. വീട്ടില്‍ അതിക്രമിച്ചെത്തിയ ചെന്താമര സജിതയെ കഴുത്തറുത്ത് കൊല്ലുകയായിരുന്നു. കൊലയ്ക്ക് ശേഷം നെല്ലിയാമ്പതി കാട്ടിലേക്ക് ഓടിയൊളിച്ച ചെന്താമര ദിവസങ്ങള്‍ക്ക് ശേഷമാണ് പിടിയിലാകുന്നത്. ഇതിന് ശേഷം ഇയാള്‍ ജാമ്യവ്യവസ്ഥ ലംഘിച്ചാണ് നെന്മാറയിലെത്തി മറ്റു രണ്ട് കൊലപാതകങ്ങള്‍ കൂടി നടത്തിയത്. കഴിഞ്ഞ മാസമായിരുന്നു ഈ കൊലപാതകം.