അടൂർ: ഹൈക്കോടതി നിർദ്ദേശപ്രകാരം അന്വേഷണ ഉേദ്യാഗസ്ഥന് മുന്നിൽ ഹാജരായ പ്രതി കോടതിയിൽ ഹാജരാക്കിയപ്പോൾ ഇറങ്ങിയോടി. ഏനാത്ത് പൊലീസ് രജിസ്റ്റർ ചെയ്ത 894/2022 നമ്പർ കേസിലെ പ്രതി പോരുവഴി എടക്കാട് കല്ലുംപുറത്ത് വീട്ടിൽ എസ്. നിഖിൽ (27) ആണ് വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെ കോടതിയിൽ നിന്ന് ഇറങ്ങിയോടിയത്.

കടമ്പനാട് സ്‌കൂളിൽ കലോത്സവ പരിശീലനത്തിന് വന്ന കുട്ടികളെ റോഡിലിട്ട് മർദിച്ച കേസിൽ പ്രതിയാണ് നിഖിൽ. കേസിൽ ഒളിവിലായിരുന്ന നിഖിൽ മുൻകൂർ ജാമ്യത്തിന് ഹൈക്കോടതിയെ സമീപിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ ഏനാത്ത് പൊലീസ് ഇൻസ്പെക്ടർക്ക് മുൻപാകെ ഹാജരാകണമെന്നും അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കണമെന്നുമായിരുന്നു ഹൈക്കോടതി ഉത്തരവ്. ഇതിൻ പ്രകാരം നിഖിൽ ഏനാത്ത് സ്റ്റേഷനിൽ ഹാജരായി. ഉച്ച കഴിഞ്ഞ് രണ്ടു മണിയോടെ അറസ്റ്റ് രേഖപ്പെടുത്തി വൈകിട്ട് നാലിന് അടൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. മജിസ്ട്രേറ്റ് പുറത്തേക്ക് നീങ്ങി നിൽക്കാൻ പറഞ്ഞതോടെ, റിമാൻഡ് ചെയ്യുമെന്ന് തെറ്റിദ്ധരിച്ച് പ്രതിയായ നിഖിൽ കോടതിയിൽ നിന്ന് ഇറങ്ങിയോടുകയായിരുന്നു.

നിഖിലിന്റെ മാതാപിതാക്കൾ അടക്കം കോടതി പരിസരത്തുണ്ടായിരുന്നു. സാധാരണ ഹൈക്കോടതി നിർദ്ദേശപ്രകാരം വരുന്ന കേസുകളിൽ മജിസ്ട്രേറ്റിന്റെ വിവേചന അധികാരം പ്രയോഗിക്കാം. ഭൂരിഭാഗവും ജാമ്യം അനുവദിക്കുകയുമാണ്. പുറത്തേക്ക് ഇറങ്ങി നിൽക്കാൻ മജിസ്ട്രേറ്റ് പറഞ്ഞത് തെറ്റിദ്ധരിച്ചാണ് നിഖിൽ ഓടിരക്ഷപ്പെട്ടതെന്ന് പറയുന്നു.

ആദ്യ കേസിൽ ജാമ്യം കിട്ടിയാലും കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടതിന് ഇയാൾക്കെതിരേ കേസ്് വരാൻ സാധ്യതയുണ്ട്. പ്രതിക്കായി അടൂർ, ഏനാത്ത് പൊലീസുകാർ തെരച്ചിൽ തുടരുകയാണ്.