പന്തളം: അച്ചൻകോവിലാറ്റിൽ തുടർച്ചയായ രണ്ടാം ദിവസവും മുങ്ങി മരണം. മുളമ്പുഴയിലെ തടയണയ്ക്ക് സമീപം ചെങ്ങന്നൂർ കാരയ്ക്കാട് സിനി ഭവനിൽ അശോകന്റെ മകൻ കമൽ എസ്. നായരാ(25)ണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം മുങ്ങി മരിച്ചത്.

കുളിക്കാൻ ഇറങ്ങിയ നാല് പേരടങ്ങുന്ന സംഘം ആണ് ഒഴുക്കിൽ പെട്ടത്. ഇതിൽ മൂന്ന് പേര് നീന്തി കരയ്ക്ക് കയറി. ഇവരെ പന്തളം പൊലീസ് കസ്റ്റഡിയിലെടുത്തു. കമൽ എസ് നായരുടെ മൃതദേഹം പത്തനംതിട്ട സ്‌കൂബാ ടീമും അടൂർ ഫയർ ഫോഴ്സും നടത്തിയ സംയുക്ത തിരച്ചിലിൽ തടയണയ്ക്ക് അൻപത് മീറ്റർ താഴെ നിന്നും കണ്ടെടുക്കുകയായിരുന്ന്.

നെയ്യാറ്റിൻകര അമരവിള സ്വദേശി രതീഷ് മോൻ(29), മുളക്കുഴ സ്വദേശി ജിബി കെ വർഗ്ഗീസ് (38), കൊഴുവല്ലൂർ സ്വദേശി അനീഷ് കുമാർ (23) എന്നിവരാണ് രക്ഷപെട്ടത്. വെള്ളിയാഴ്ച വൈകിട്ട് നാല് മണിയോടെ ആയിരുന്നു അപകടം. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ റജി കുമാറിന്റെ നേതത്വത്തിലുള്ള ഫയർ ഫോഴ്സ് സംഘമാണ് രക്ഷാ പ്രവർത്തനം നടത്തിയത്.

മാതാവും സഹോദരനും വിദേശത്താണ്. മുത്തശ്ശിയോടൊപ്പം ആണ് അമൽ താമസിച്ചിരുന്നത്. പന്തളം പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. വ്യാഴാഴ്ച വൈകിട്ട് ഞെട്ടൂർ ഇടക്കടവിൽ കുളിക്കാനിറങ്ങിയ ആറംഗ സംഘത്തിലുണ്ടായിരുന്ന പൈവഴി സ്വദേശി ഗീർവഗീസ് പി. വർഗീസും മുങ്ങി മരിച്ചിരുന്നു.