കോട്ടയം: തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുമ്പോൾ, എതിരാളികളുടെ കുറ്റവും കുറവും ഒക്കെ എടുത്തിട്ട് അലക്കുന്നത് പതിവാണല്ലോ. സോഷ്യൽ മീഡിയയിലും ഇത്തരം പ്രചാരണങ്ങൾ തകൃതിയാണ്. അക്കൂട്ടത്തിൽ ഒന്നാണ് ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മന് എതിരായ പ്രചാരണം. കണ്ടന്റ് ക്രിയേറ്ററായ അച്ചു ഉമ്മന്റെ പുതിയ മോഡൽ വസ്ത്രങ്ങളെയും യാത്രകളെയും ഒക്കെയാണ് ചിലർ വിമർശന വിധേയമാക്കുന്നത്. സ്വന്തമായി ഒന്നും സമ്പാദിക്കാത്ത പുതുപ്പള്ളിയിൽ സ്വന്തമായി വീടില്ലാത്ത ഉമ്മൻ ചാണ്ടിയുടെ മകളുടെ ആർഭാട ജീവിതത്തിന്റെ കണക്കെന്ന് പറഞ്ഞാണ് ചിലരുടെ അധിക്ഷേപം. ഇതിന് മറുപടിയുമായി അച്ചു ഉമ്മൻ രംഗത്തെത്തിയെങ്കലും സൈബറാക്രമണത്തിന് കുറവൊന്നുമില്ല. ഇതോടെ, തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തിൽ നിയമനടപടിയുമായി മുന്നോട്ട് പോകാൻ അച്ചു ഉമ്മൻ തീരുമാനിച്ചു.

നേരത്തെ, ഉറവിടം വ്യക്തമല്ലാത്ത കുപ്രചാരണം ആയിരുന്നു ഉണ്ടായിരുന്നതെങ്കിൽ പിന്നീട് സിപിഎമ്മിന്റെ സൈബർ പോരാളികൾ പലരും തങ്ങളുടെ സോഷ്യൽ മീഡിയ ഹാന്റിലുകൾ മുഖേന വ്യക്തിഹത്യ തുടർന്നു. ജോലിയെയും പ്രൊഫഷണലിസത്തെയും സ്ത്രീത്വത്തെയും അപമാനിക്കുകയും നിന്ദ്യമായ രീതിയിൽ വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുകയും മാനഹാനി ഉണ്ടാക്കുകയും ചെയ്ത സാഹചര്യത്തിലാണ് സൈബർ പോരാളികൾക്കെതിരെ അച്ചു ഉമ്മൻ നിയമനടപടി സ്വീകരിക്കുന്നത്.

പൊലീസിനും സൈബർ സെല്ലിനും വനിതാ കമ്മീഷനും അച്ചു ഉമ്മൻ പരാതി നൽകി. സെക്രട്ടേറിയറ്റിലെ മുൻ ഉദ്യോഗസ്ഥനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. അച്ചു ഉമ്മന്റെ തൊഴിലുമായി ബന്ധപ്പെട്ട ചിത്രങ്ങളും ഒപ്പം തന്നെ മറ്റ് വ്യാജപ്രചാരണങ്ങളും പുറത്തുവന്നിരുന്നു. തനിക്കെതിരെ നടന്ന സൈബർ അതിക്രമങ്ങളും ഫേസ്‌ബുക്ക് ലിങ്കുകൾ അടക്കമാണ് പരാതി. കെ നന്ദകുമാർ എന്ന വ്യക്തിക്കെതിരെയും പരാതി നൽകിയിട്ടുണ്ട്.

ജീവിച്ചിരിക്കുമ്പോൾ അച്ഛനെ വേട്ടയാടി, ഇപ്പോൾ മക്കളെ വേട്ടയാടുന്നു എന്ന് അച്ചു ഉമ്മൻ മുമ്പ് പ്രതികരിച്ചിരുന്നു. മുഖമില്ലാത്തവർക്കെതിരെ നിയമനടപടിക്കില്ല. ധൈര്യമുണ്ടെങ്കിൽ നേർക്കുനേർ ആരോപണം ഉന്നയിക്കട്ടെ. സൈബർ ആക്രമണം അഴിമതിയിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണെന്നും അവർ പറഞ്ഞു.

എന്തായാലും താൻ ഒരിക്കലും ചെറിയൊരു നേട്ടത്തിനു വേണ്ടിപ്പോലും പിതാവ് ഉമ്മൻ ചാണ്ടിയുടെ പേര് ഉപയോഗിച്ചിട്ടില്ലെന്ന് അച്ചു ഉമ്മൻ പറഞ്ഞു. കുറച്ചു ദിവസങ്ങളായി ചില സൈബർ പോരാളികൾ തന്റെ കരിയറുമായി ബന്ധപ്പെടുത്തി വ്യജപ്രചാരണങ്ങൾ നടത്തുന്നതു ശ്രദ്ധയിൽപ്പെട്ടു. തന്റെ പിതാവിന്റെ സൽപ്പേരിനു കളങ്കമുണ്ടാക്കുന്ന തരത്തിലാണ് അവരുടെ ഇടപെടലുകൾ. ഇതു വളരെ നിരാശാജനകമാണ് അച്ചു ഉമ്മൻ ഫേസ്‌ബുക്കിൽ കുറിച്ചു.

'പുതിയ മോഡൽ വസ്ത്രങ്ങൾ, ഫാഷൻ സമീപനങ്ങൾ, പുതിയ ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകൾ തുടങ്ങിയവയൊക്കെ പരിചയപ്പെടുത്തുകയാണ് എന്റെ ജോലി. അതിന് എനിക്ക് കുറെ യാത്രകളും മറ്റും ചെയ്യേണ്ടി വന്നിട്ടുണ്ട്. എന്റെ ഭർത്താവിന്റെയും കുട്ടികളുടെയും പൂർണ പിന്തുണയോടെയാണ് ഞാനിതൊക്കെ ചെയ്യുന്നത്. എന്നാൽ, ഈ യാത്രകളുടെ ചിത്രങ്ങളും മറ്റും ഉപയോഗിച്ച് എനിക്കെതിരെ നടത്തുന്ന വ്യാജപ്രചാരണം അടിസ്ഥാനരഹിതമാണ്'- അച്ചു ഫേസ്‌ബുക്കിൽ കുറിച്ചു

അതേസമയം, അച്ചു ഉമ്മന് നേരെ നടക്കുന്ന സൈബർ ആക്രമണത്തിനെതിരെ പ്രതികരിച്ച് ഭർത്താവ് ലീജോ ഫിലിപ്പും രംഗത്തെത്തി. സൈബർ ആഖ്രമണത്തിനെതിരെ അച്ചുവിന് പൂർണ്ണ പിന്തുണ നൽകി കൂടെയുണ്ടാകുമെന്ന് ലീജോ ഫേസ്‌ബുക്കിൽ
കുറിച്ചു.

'കണ്ടന്റ് ക്രിയേറ്റർ എന്ന നിലയിലുള്ള എന്റെ ഭാര്യ അച്ചു ഉമ്മന്റെ യാത്രയിൽ ഞാൻ പൂർണ ഹൃദയത്തോടെ ഒപ്പം നിൽക്കുന്നു. ആദ്യം മുതലേ അചഞ്ചലമായ അഭിമാനത്തോടും ആദരവോടും കൂടെ ഞാൻ അവർക്കു പരിപൂർണ പിന്തുണ നൽകുന്നുണ്ട്. അർപ്പണബോധത്തിന്റെയും സർഗാത്മകതയുടെയും തെളിവാണ് അച്ചുവിന്റെ നേട്ടങ്ങളെല്ലാം. അവൾ നേരിടുന്ന എല്ലാ ആരോപണങ്ങളും നീതിരഹിതവും അസത്യവുമാണ്. ആത്മാർഥമായ പരിശ്രമത്തിന്റെയും ധാർമ്മിക നിലപാടിന്റെയും ഫലമാണ് അച്ചുവിന്റെ വിജയം. കണ്ടന്റ് ക്രിയേറ്റർ എന്ന നിലയിലുള്ള സ്വപ്നങ്ങളിലേക്കുള്ള യാത്രയിൽ ഞാനും എന്റെ കുട്ടികളും ഏറ്റവും അഭിമാനത്തോടെ അവൾക്കൊപ്പമുണ്ടായിരുന്നു. അത് ഇനിയും തുടരും'- ലീജോ ഫിലിപ് ഫേസ്‌ബുക്കിൽ കുറിച്ചു.

ബിസിനസ് പാരമ്പര്യമുള്ള കുടുംബത്തിലെ കണ്ണിയെന്ന നിലയിൽ, ആ പൈതൃകം ഉയർത്തിപ്പിടിച്ച് കുടുംബത്തിന് പരിപൂർണ പിന്തുണ നൽകിയിട്ടുണ്ടെന്നും ലീജോ വ്യക്തമാക്കി.