- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അച്ചു ഉമ്മനെതിരെ ഫേസ്ബുക്കിൽ പോസ്റ്റിട്ട സെക്രട്ടേറിയേറ്റിലെ മുൻ ഇടത് നേതാവ് നന്ദകുമാർ കൊത്താപ്പള്ളിയ്ക്കെതിരെ കേസെടുത്തു; സ്ത്രീത്വത്തെ അപമാനിച്ചതിനെതിരെ ചുമത്തുന്നത് ജാമ്യം നൽകാവുന്ന കേസ്; നന്ദകുമാർ കൊത്താപ്പള്ളിയെ അറസ്റ്റു ചെയ്ത് ജയിലിൽ അടയ്ക്കില്ല; സൈബർ അധിക്ഷേപത്തിൽ നടപടി എടുത്ത് പൊലീസ്
തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മനെതിരെ ഫേസ്ബുക്കിൽ പോസ്റ്റിട്ട സെക്രട്ടേറിയേറ്റിലെ മുൻ ഇടത് നേതാവ് നന്ദകുമാർ കൊത്താപ്പള്ളിയ്ക്കെതിരെ കേസെടുത്തു. സ്ത്രീത്വ അപമാനിച്ച് പോസ്റ്റ് ഇട്ടതിനാണ് കേസ്. ജാമ്യം ലഭിക്കുന്ന വകുപ്പ് പ്രകാരമാണ് കേസ്. പൂജപ്പുര പൊലീസാണ് കേസെടുത്തത്. അച്ചു ഉമ്മൻ ഡിജിപിക്ക് നൽകിയ പരാതിയിലാണ് കേസ്. ജാമ്യം ഉള്ള വകുപ്പായതിനാൽ അഡീഷണൽ സെക്രട്ടറിയ്ക്കെതിരെ കടുത്ത നടപടികൾ വേണ്ടി വരില്ല. അറസ്റ്റ് ചെയ്താലും ജാമ്യത്തിൽ വിട്ടയയ്ക്കും.
അച്ചു ഉമ്മനെതിരായ സൈബർ അധിക്ഷേപത്തിൽ മാപ്പുചോദിച്ച് സെക്രട്ടേറിയറ്റ് മുൻ ഉദ്യോഗസ്ഥൻ രംഗത്തുവന്നത്. ഇടത് സംഘടനാ നേതാവായിരുന്ന നന്ദകുമാർ കൊത്താപ്പള്ളിയാണ് ക്ഷമ ചോദിച്ചത്. അച്ചു ഉമ്മൻ പരാതി നൽകിയതിനു പിന്നാലെയാണ് ഇയാൾ ഖേദപ്രകടനം നടത്തിയത്. കേസൊഴിവാക്കാനാണ് ഈ തന്ത്രം എന്നായിരുന്നു വിലയിരുത്തൽ. അച്ചു ഉമ്മൻ പരാതി പിൻവലിക്കാൻ വേണ്ടിയാണ് ഈ നീക്കമെന്നും സൂചനയുണ്ടായി. ഇതിന് ഇടെയാണ് ജാമ്യമുള്ള വകുപ്പ് പ്രകാരം കേസെടുത്തത്.
വനിതാ കമ്മീഷനിലും, സൈബർ സെല്ലിലും, തിരുവനന്തപുരം പൂജപ്പുര പൊലീസ് സ്റ്റേഷനിലുമാണ് അച്ചു ഉമ്മൻ പരാതി നൽകിയത്. സമൂഹ മാധ്യമങ്ങളിലൂ ടെയും പാർട്ടി പ്രചാരണ വേദികളിലൂടെയും വ്യക്തിഹത്യ ചെയ്യാനും സ്ത്രീത്വത്തെ അപമാനിക്കാനുള്ള ശ്രമത്തിനെതിരേയാണ് നിയമ നടപടി സ്വീകരിച്ചതെന്ന് അച്ചു ഉമ്മൻ പറഞ്ഞിരുന്നു. പരാതിയുടെ സൗഭാവം ഗൗരവമുള്ളതാണെന്ന് പൊലീസും തിരിച്ചറിഞ്ഞു. ഈ സാഹചര്യത്തിൽ നന്ദകുമാറിനെ അറസ്റ്റു ചെയ്യേണ്ടി വരും. ഇത് മനസ്സിലാക്കിയാണ് മാപ്പു പറച്ചിൽ. സെക്രട്ടറിയേറ്റിലെ മുൻ അഡീഷണൽ സെക്രട്ടറിയാണ് നന്ദകുമാർ.
നേരത്തേ ഉറവിടം വ്യക്തമല്ലാത്ത കുപ്രചാരണം ആയിരുന്നു ഉണ്ടായിരുന്നതെങ്കിൽ പിന്നീട് സിപിഎമ്മിന്റെ സൈബർ പോരാളികൾ പലരും തങ്ങളുടെ സോഷ്യൽ മീഡിയ ഹാന്റിലുകൾ മുഖേന വ്യക്തിഹത്യ തുടർന്നതായി പരാതിയിൽ പറയുന്നു. പരാതിയിൽ പേരുണ്ടായിരുന്നത് നന്ദകുമാറിന്റേതായിരുന്നു. അതുകൊണ്ട് തന്നെ നന്ദകുമാറിനെതിരെ എഫ് ഐ ആർ ഇടേണ്ട സാഹചര്യമുണ്ട്. ഉമ്മൻ ചാണ്ടിയെന്തിനോടും പൊറുക്കുന്ന നിലപാടാണ് എടുത്തിട്ടുള്ളത്. ഇതേ വഴിയിൽ അച്ചു ഉമ്മനും വരുമെന്നും പരാതി പിൻവലിക്കുമെന്നുമാണ് നന്ദകുമാറിന്റെ പ്രതീക്ഷ.
അച്ചു ഉമ്മൻ പൊലീസിൽ പരാതി നൽകിയതിന് പിന്നാലെയാണ് മാപ്പപേക്ഷ. സ്ത്രീത്വത്തെ അപമാനിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും മുൻ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥനായ നന്ദകുമാർ കൊളത്താപ്പിള്ളി പറഞ്ഞു. 'ഏതെങ്കിലും വ്യക്തിയെ വ്യക്തമായി ആക്ഷേപിക്കാൻ ഞാൻ ഉദ്ദേശിച്ചിരുന്നില്ല. എന്റെ പോസ്റ്റിന് കീഴെ വന്ന പ്രകോപനപരമായ കമന്റുകൾക്ക് മറുപടി പറയുന്നതിനിടയിൽ ഞാൻ രേഖപ്പെടുത്തിയ ഒരു കമന്റ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾക്ക് അപമാനകരമായിപ്പോയതിൽ ഞാൻ അത്യധികം ഖേദിക്കുന്നു. സ്ത്രീത്വത്തെ അപമാനിക്കാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല. ശ്രദ്ധയിൽപ്പെട്ട ഉടനെ ആ പോസ്റ്റ് ഞാൻ ഡിലീറ്റ് ചെയ്തു. അറിയാതെ സംഭവിച്ചുപോയ തെറ്റിന് നിരുപാധികം മാപ്പപേക്ഷിക്കുന്നു''-നന്ദകുമാർ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
സങ്കുചിത രാഷ്ട്രീയ താൽപര്യത്തിന് വേണ്ടി ഇനിയൊരു സ്ത്രീയും ഇത്തരത്തിൽ അപമാനിക്കപ്പെടരുതെന്ന ചിന്തയുടെ അടിസ്ഥാനത്തിൽ കൂടിയാണ് നിയമനടപടി കൈക്കൊള്ളുന്നതെന്നും അച്ചു ഉമ്മൻ വ്യക്തമാക്കിയിരുന്നു. ഉമ്മൻ ചാണ്ടിക്ക് ലഭിച്ച സ്നേഹത്തിലും ആദരവിലും അസ്വസ്ഥരായവരാണ് കള്ളക്കഥകൾ പ്രചരിപ്പിക്കുന്നതെന്ന് നേരത്തെ അച്ചു ഉമ്മൻ പ്രതികരിച്ചിരുന്നു. ജീവിച്ചിരുന്നപ്പോൾ ഉമ്മൻ ചാണ്ടിയെ ഒരുപാട് വേട്ടയാടി. അദ്ദേഹം മരിച്ചുപോയി. ഇനി എങ്ങനെ വേട്ടയാടും?-ഇതായിരുന്നു അച്ചു ഉമ്മന്റെ ചോദ്യം.
അപ്പോഴാണ് കുടുംബത്തെ കരുവാക്കി വീണ്ടു വീണ്ടും വേട്ടയാടുന്നത്. പച്ച നുണകൾ പറഞ്ഞുകൊണ്ടാണ് ഈ വേട്ടയാടൽ. ഇതെല്ലാം ഇവിടുത്തെ ജനങ്ങൾ തിരിച്ചറിയുന്നുണ്ട്. പുതുപ്പള്ളിക്കാരുടെ മനസിൽ ഉമ്മൻ ചാണ്ടിയുടെ ഓർമ്മയ്ക്കോ സ്നേഹത്തിനോ കറപിടിപ്പിക്കാനൊന്നും സാധിക്കില്ലെന്നും അച്ചു ഉമ്മൻ പറഞ്ഞിരുന്നു.
മറുനാടന് മലയാളി ബ്യൂറോ