ദുബായ്: പുതുപ്പുള്ളി ഉപതെരഞ്ഞെടുപ്പു സമയം ഇടതു സഖാക്കളുടെ ആക്രമണങ്ങൾ കൊണ്ടു ഗുണമുണ്ടായത് അച്ചു ഉമ്മനാണ്. കണ്ടന്റ് ക്രിയേഷന്റെ ഭാഗമായി അച്ചു ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങൾ എടുത്തു കൊണ്ടു അവരെ അവഹേളിച്ചതോടെ അത് വലിയ വാർത്തയാകുകയും ചെയ്തു. ഇതോടെ ഇൻസ്റ്റാഗ്രാമിലെ ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ കുതിച്ചു ചാട്ടത്തിനും വഴിവെച്ചു. ഇപ്പോൾ തെരഞ്ഞെടുപ്പു കഴിഞ്ഞതോടെ സൈബർ സഖാക്കളുടെ ആക്രമണങ്ങളെ കൂടി ഓർത്തു കൊണ്ട് വീണ്ടും കണ്ടന്റ് ക്രിയേഷൻ ലോകത്ത് സജീവമായിരിക്കയാണ് അച്ചു ഉമ്മൻ.

കണ്ടന്റ് ക്രിയേഷൻ കലയെ ആലിംഗനം ചെയ്യാൻ താനിതാ തിരിച്ചെത്തിയിരിക്കുന്നുവെന്ന അടിക്കുറിപ്പുമായി അച്ചു തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ഡാഷ് ആൻഡ് ഡോട്ടിന്റെ സ്ലീവ്ലെസ് പാന്റ് സ്യൂട്ടിൽ ഗുച്ചിയുടെ ബാഗ് പിടിച്ചുനിൽക്കുന്ന ചിത്രം അച്ചു പോസ്റ്റ് ചെയ്തു.

തെരഞ്ഞെടുപ്പ് തിരക്ക് കഴിഞ്ഞു ജോലിയിൽ തിരിച്ചെത്തിയ ശേഷമുള്ള ആദ്യ ചിത്രമാണ് അച്ചു സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. ക്ഷമാപണമില്ലാത്ത ആത്മപ്രകാശനത്തിന്റെ അടയാളവും ഈ ജോലിയോടുള്ള എന്റെ സ്നേഹസാക്ഷ്യവുമാണിതെന്നാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന് അടിക്കുറിപ്പായി ചേർത്തിരിക്കുന്നത്. ഇതോടൊപ്പമാണ് ഉടുത്തിരിക്കുന്ന വസ്ത്രത്തിന്റെയും കൈയിലുള്ള ബാഗിന്റെയും ബ്രാൻഡ് നാമങ്ങളടക്കം അവർ പങ്കുവച്ചത്. ജോലി ചെയ്യുന്ന ദുബൈ ആണ് ലൊക്കേഷനായി ചേർത്തിരിക്കുന്നത്.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അച്ചു ഉമ്മന്റെ ചിത്രങ്ങൾ വ്യാപകമായി പ്രചരിപ്പിച്ച് വൻ പൊങ്കാലയാണ് സോഷ്യൽ മീഡിയയിൽ നടന്നിരുന്നത്. അച്ചു സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രങ്ങൾ എടുത്തിട്ടായിരുന്നു അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെയും പുതുപ്പള്ളിയിൽ പകരക്കാരനായി എത്തിയ ചാണ്ടി ഉമ്മനെയും ലക്ഷ്യമിട്ട് ഇടത് സൈബർ പോരാളികളുടെ ആക്രമണം.

അച്ചു ഉമ്മന്റെ വസ്ത്രത്തിന്റെയും ചെരിപ്പിന്റെയും ബാഗിന്റെയും വില ചൂണ്ടിക്കാട്ടി എൽഡിഎഫ് അനുകൂലികൾ സൈബർ ആക്രമണം നടത്തിയിരുന്നു. ഗൂചി, ഷനേൽ, ഹെർമ്മിസ് ഡിയോർ, എൽവി തുടങ്ങി ലക്ഷങ്ങൾ വിലയുള്ള അൾട്രാ ലക്ഷ്വറി ബ്രാന്റുകളാണ് അച്ചു ഉമ്മൻ ഉപയോഗിക്കുന്നത് എന്നതായിരുന്നു ആരോപണം. ഇതിനെല്ലാമുള്ള പണം എവിടെ നിന്ന് എന്നും ഇടത് സൈബർ അണികൾ ചോദിച്ചു. ആദ്യ ഘട്ടത്തിൽ ട്രോളുകൾ ആയിരുന്നുവെങ്കിൽ പിന്നീടത് സൈബർ ആക്രമണമായി മാറി.

അച്ചു ഉമ്മൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ ഉപയോഗിച്ചായിരുന്നു അധിക്ഷേപം. മുഖമില്ലാത്തവർക്കെതിരെ നിയമ നടപടിക്കില്ലെന്നും ധൈര്യമുണ്ടെങ്കിൽ നേർക്കുനേർ ആരോപണം ഉന്നയിക്കട്ടെ എന്നായിരുന്നു ആദ്യ ഘട്ടത്തിൽ അച്ചു ഉമ്മന്റെ നിലപാട്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയ്ക്കെതിരെ ഉയർന്ന ആരോപണങ്ങൾക്കു മറുപടിയായായിരുന്നു അച്ചുവിനെ തെരഞ്ഞെടുപ്പ് ചർച്ചകളിലേക്കു വലിച്ചിഴച്ചത്.

എന്നാൽ, പരസ്യമായ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽനിന്നു വിട്ടുനിന്ന അച്ചുവിനെ കൂടുതൽ സജീവമാക്കാൻ മാത്രമാണ് ഇതു സഹായിച്ചത്. സ്വന്തം ജോലിയെക്കുറിച്ച് വ്യക്തമായ വിശദീകരണവുമായി അച്ചു മാധ്യമങ്ങൾക്കു മുന്നിലെത്തി. കണ്ടന്റ് ക്രിയേഷനാണു തന്റെ ജോലിയെന്നും അതിന്റെ ഭാഗമായാണ് സോഷ്യൽ മീഡിയയിലെ പോസ്റ്റുകളെന്നും അവർ വിശദീകരിച്ചു. എല്ലാം സോഷ്യൽ മീഡിയയിൽ തന്നെയുള്ളതാണെന്നും ഒന്നും മറച്ചുവയ്ക്കാനില്ലെന്നും പറഞ്ഞു. പാഷനും സ്വപ്നങ്ങളുമെല്ലാമായി സ്വന്തം കഴിവുകൊണ്ട് നേടിയെടുത്ത തൊഴിലാണെന്നും അച്ഛന്റെ പേരിന്റെ മറവിൽ ഒന്നും നേടിയിട്ടില്ലെന്നും അച്ചു വ്യക്തമാക്കി. ഇതെല്ലാം അച്ചുവിന് കൂടുതൽ ആരാധകരെ നേടിക്കൊടുക്കുക മാത്രമാണു ചെയ്തത്.

 
 
 
View this post on Instagram

A post shared by Achu Oommen (@achu_oommen)

മാധ്യമങ്ങൾക്കുമുന്നിലെ പ്രകടനം കണ്ട് ഒരുവേള അച്ചുവായിരുന്നു സ്ഥാനാർത്ഥിയാകാൻ ഏറ്റവും യോഗ്യയെന്ന തരത്തിലേക്കു വരെ ചർച്ചകൾ നീണ്ടു. എന്നാൽ, കുടുംബത്തിലെ രാഷ്ട്രീയക്കാരൻ ചാണ്ടി ഉമ്മനാണെന്നു പറഞ്ഞ് അവിടെയും വേറിട്ടുനിന്നു അച്ചു. വിവാദങ്ങൾക്കു പിന്നാലെ അച്ചുവിന്റെ ഇൻസ്റ്റഗ്രാം പേജും ഹിറ്റായി. ഏതാനും ആഴ്ചകൾകൊണ്ട് ഇൻസ്റ്റഗ്രാം ഫോളോവേഴ്സിന്റെ എണ്ണം 2.32 ലക്ഷമായി കുതിച്ചുയരുകയായിരുന്നു. കോളജ് പഠന കാലത്ത് കെ.എസ്.യുവിന്റെ തീപ്പൊരി നേതാവായിരുന്നു അച്ചു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലൂടെ ശക്തയായ ഒരു വനിതാ നേതാവിനെ കൂടിയാണ് കോൺഗ്രസിനു വീണുകിട്ടിയതെന്ന തരത്തിൽ വിലയിരുത്തലുമുണ്ടായിട്ടുണ്ട്.

അതേസമയം, സൈബർ ആക്രമണങ്ങൾക്കെതിരെ അച്ചുവിനു പിന്നാലെ സഹോദരി മറിയ ഉമ്മനും ഡി.ജി.പിക്കു പരാതി നൽകി. പുതുപ്പള്ളി ഫലം വന്നതിനു പിന്നാലെ തനിക്കെതിരെ വ്യാപകമായി സൈബർ ആക്രമണം നടന്നതോടെയാണ് മറിയ ഉമ്മൻ പരാതി നൽകിയത്.