- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചിയിൽ അമ്ല മഴയെന്ന പ്രചാരണത്തിനിടെ ആദ്യ വേനൽ മഴ വെള്ളത്തിന്റെ സാമ്പിൾ ശേഖരിക്കുന്നതിൽ വീഴ്ച; പെയ്തത് ആസിഡ് മഴയാണോ എന്ന് സ്ഥിരീകരിക്കാൻ കഴിയില്ലെന്ന് സൂചന; കേരളത്തിലെ 'ദുരന്ത നിവാരണം' താളം തെറ്റുന്നുവോ? കൊച്ചിയുടെ ആശങ്കയ്ക്ക് ഉത്തരമില്ലാതെയാകുമ്പോൾ
കൊച്ചി: കഴിഞ്ഞ ദിവസം കൊച്ചിയിൽ പെയ്തത് ആസിഡ് മഴയാണോ... എന്നത് ഔദ്യോഗികമായി സ്ഥിരീകരിക്കാൻ കഴിയില്ല. കൊച്ചിയിൽ അമ്ല മഴയെന്ന പ്രചാരണത്തിനിടെ ആദ്യ വേനൽ മഴ വെള്ളത്തിന്റെ സാമ്പിൾ ശേഖരിക്കുന്നതിൽ മലിനീകരണ നിയന്ത്രണ ബോർഡിന് ഗുരുതര വീഴ്ച. ആസിഡ് സാന്നിധ്യം പരിശോധിക്കേണ്ട മലിനീകരണ നിയന്ത്രണ ബോർഡ് ആദ്യമഴയുടെ സാമ്പിൾ ഒന്നും ശേഖരിച്ചില്ല. പ്രോട്ടോകോൾ പ്രകാരം സാമ്പിൾ ശേഖരിക്കേണ്ടതില്ലെന്നാണ് മലിനീകരണ നിയന്ത്രണ ബോർഡിന്റെ ന്യായം. അതുകൊണ്ട് തന്നെ ഈ മഴ വെള്ളത്തിൽ ഇനി ഔദ്യോഗിക പരിശോധനകളും നടക്കില്ല. ഫലത്തിൽ അമ്ല മഴയിൽ ചർച്ചകൾ മാത്രമേ നടക്കൂ.
ഗുരുതര വീഴ്ചയാണ് കൊച്ചിയിൽ സംഭവിച്ചത്. മഴവെള്ളം ഒലിച്ച് അത് മറ്റ് ജലശ്രോതസ്സുകളിലേക്ക് വരാൻ സാധ്യതയുണ്ടെന്നും അത് ഭയക്കേണ്ടതുണ്ടെന്നുമാണ് ബ്രഹ്‌മപുരത്തെ തീപിടുത്തതിന് ശേഷമുള്ള ആദ്യ മഴയെ ഭയക്കേണ്ടതുണ്ടോ എന്ന ചോദ്യത്തിന് മലിനീകരണ നിയന്ത്രണ ബോർഡ് ചീഫ് എഞ്ചിനീയർ നൽകിയ മറുപടിയെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ബ്രഹ്‌മപുരത്തെ തീപിടുത്തം മൂലം അന്തരീക്ഷത്തിൽ മാരക രാസപദാർത്ഥങ്ങൾ ഉണ്ടാകാമെന്നും ആദ്യത്തെ മഴ, അമ്ല മഴയാകുമെന്നുമൊക്കെ ദിവസങ്ങൾക്ക് മുമ്പേ ആശങ്ക പ്രചരിക്കുന്നുമുണ്ടായിരുന്നു. എന്നിട്ടും മഴ വെള്ളം ശേഖരിച്ചില്ല.
ആസിഡ് സാന്നിധ്യം പരിശോധിക്കേണ്ടതിന്റെ ഉത്തരവാദിത്വം മലിനീകരണ നിയന്ത്രണ ബോർഡാണെന്നാണ് ദുരന്തനിവാരണ അഥോറിറ്റിയുടെ നിലപാട്. തീപിടിത്തത്തിന് ശേഷം കൊച്ചിയിൽ ആദ്യ മഴ ലഭിച്ചത് ബുധനാഴ്ച വൈകീട്ടാണ്. പക്ഷെ ആദ്യമഴയുടെ സാമ്പിൾ ശേഖരിച്ചിട്ടില്ലെന്നാണ് മലിനീകരണ നിയന്ത്രണ ബോർഡ് നൽകുന്ന സൂചന. ബ്രഹ്‌മപുരത്തിന് സമീപത്തെ ജലാശയങ്ങളിൽ നിന്നുള്ള സാമ്പിൾ ശേഖരിച്ചതും മഴയ്ക്ക് മുമ്പാണ്. സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രോസിഡ്യർ പ്രകാരം മഴസാമ്പിൾ ശേഖരിക്കേണ്ടതില്ലെന്നാണ് മലിനീകരണ നിയന്ത്രണ ബോർഡിന്റെ വാദം. അമ്ല മഴയ്ക്കുള്ള സാഹചര്യം കൊച്ചിയിയില്ലെന്നാണ് വിശദീകരണം. എന്നാൽ അസാധാരണ സാഹചര്യവും ജനത്തിന്റെ ഭീതിയും കണക്കിലെടുത്തെങ്കിലും സാമ്പിൾ പരിശോധിക്കണമായിരുന്നുവെന്നതാണ് വസ്തുത. പ്രത്യേകിച്ച് ദിവസങ്ങൾക്ക് മുമ്പേ പ്രചരണവും ആശങ്കയും സജീവമായിരുന്നതു കൊണ്ട്.
മഴ വെള്ളത്തിൽ ആസിഡ് എന്ന വാദത്തിന് തെളിവായി ലിറ്റ്മസ് ടെസ്റ്റിന്റെ ഫലവും വെള്ളത്തിലെ നുരയും പതയുമെല്ലാം പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ബ്രഹ്‌മപുരത്തെ തീപ്പിടിത്തത്തിന്റെ പശ്ചാത്തലത്തിലാണ് ആസിഡ് മഴയെന്ന പ്രചാരണം ശക്തമായത്. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ളവ ദിവസങ്ങളോളം തുടർച്ചയായി കത്തിയതുമൂലം വായുവിൽ രാസമലിനീകരണ തോത് ക്രമാതീതമായി ഉയർന്നിട്ടുണ്ട്. മഴയിൽ ഇവയുടെ സാന്നിധ്യം കൂടുതലായിരിക്കുമെന്ന് ആസിഡ് മഴയെന്ന വാദമുന്നയിക്കുന്നവർ ചൂണ്ടിക്കാണിക്കുന്നു. ആസിഡിന്റെ സാന്നിധ്യം പേടിക്കണമെന്ന തരത്തിലുള്ള സന്ദേശങ്ങൾ ജനങ്ങളെ പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്.
മഴവെള്ളം ഇറങ്ങാത്ത തരത്തിൽ കിണർ മൂടിയിടണമെന്നും മഴ നനയരുതെന്നും ഒക്കെയാണ് സന്ദേശങ്ങൾ. ഇത്തരം ആശങ്കകൾക്ക് പരിഹാരമാകാൻ ഔദ്യോഗിക പരിശോധനയിലൂടെ കഴിയുമായിരുന്നു. കൊച്ചിയിൽ പെയ്തത് ആസിഡ് മഴയാണെന്ന് ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ലെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ