ഇൻഡോർ: വ്യാജകുറ്റം ചുമത്തി രണ്ട് വർഷത്തോളം ജയിലിൽ അടച്ചതിനാൽ ലൈംഗിക സുഖമടക്കം ജീവിതത്തിലെ പ്രധാന അനുഭവങ്ങൾ നഷ്ടപ്പെട്ടതിന് നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ട് മധ്യപ്രദേശ് സർക്കാറിനെതിരെ കോടതിയെ സമീപിച്ച് യുവാവ്.

2022 ഒക്ടോബറിൽ കൂട്ടബലാത്സംഗക്കേസിൽ കുറ്റവിമുക്തനാക്കപ്പെട്ടതിന് പിന്നാലെയാണ് യുവാവ് 10006 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. റത്ലാം സ്വദേശിയായ കാന്തു എന്ന കാന്തിലാൽ ഭീൽ (35) ആണ് ഇത്ര വലിയ തുക നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

തനിക്കെതിരെ വ്യാജകുറ്റം ചുമത്തിയതിനാൽ 666 ദിവസം ജയിലിൽ കിടക്കേണ്ടി വന്നു. തടവിൽ കഴിഞ്ഞ കാലയളവിൽ ലൈംഗിക സുഖമടക്കം മനുഷ്യർക്ക് 'ദൈവം നൽകിയ സമ്മാനങ്ങൾ' നഷ്ടമായെന്നും ആരോപിച്ചാണ് ഇയാൾ കോടതിയെ സമീപിച്ചത്.

''കുറ്റാരോപണവും ജയിൽവാസവും തന്റെ ഭാര്യയെയും മക്കളെയും പ്രായമായ അമ്മയെയും കടുത്ത വേദനയിലാക്കി. രണ്ട് വർഷത്തെ ജയിൽ വാസത്തിനിടയിൽ ഞാൻ അനുഭവിച്ച കഷ്ടപ്പാടുകൾ വിവരിക്കാനാവില്ല. എന്റെ കുടുംബത്തിന് അടിവസ്ത്രം പോലും വാങ്ങാൻ കഴിഞ്ഞില്ല. നല്ല വസ്ത്രമില്ലാത്തതിനാൽ ജയിലിലെ കടുത്ത ചൂടും തണുപ്പും അനുഭവിക്കേണ്ടി വന്നു. ജയിൽ ജീവിതം ത്വക്ക് രോഗമുൾപ്പെടെ പല അസുഖങ്ങൾക്കും കാരണമായി.

പുറത്തിറങ്ങിയ ശേഷവും സ്ഥിരമായ തലവേഗന അനുഭവിക്കുന്നു. ആറ് പേരടങ്ങുന്ന തന്റെ കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു താൻ. ദേവിയുടെ കൃപയാൽ ജയിലിൽ നിന്ന് പുറത്തിറങ്ങി. അഭിഭാഷകൻ സൗജന്യമായാണ് കേസ് നടത്തിയത്. ഇപ്പോൾ വക്കീലിന് ഫീസ് നൽകാൻ ആഗ്രഹിക്കുന്നു. തനിക്കെതിരെ പൊലീസ് വ്യാജവും കെട്ടിച്ചമച്ചതുമായ കേസെടുത്തി. തനിക്കെതിരെ അപകീർത്തികരവുമായ പ്രസ്താവനകൾ നൽകി. തന്റെ ജീവിതവും കരിയറും നശിപ്പിച്ചു''- കാന്തിലാൽ ഭീൽ മാധ്യമങ്ങളോട് പറഞ്ഞു.

ജയിൽവാസം അനുഭവിച്ച രണ്ടു വർഷക്കാലയളവിൽ മനുഷ്യർക്കുള്ള ദൈവത്തിന്റെ സമ്മാനമായ ലൈംഗിക സുഖം ഉൾപ്പെടെയുള്ളവ നഷ്ടപ്പെടുത്തിയതിന് 10000 കോടി രൂപ വേണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.

കുടുംബജീവിതം നഷ്ടപ്പെട്ടതിനും മാനസിക സമ്മർദം അനുഭവിച്ചതിനും വിദ്യാഭ്യാസം, ജോലി, കരിയർ, വിശ്വാസ്യത എന്നിവ നഷ്ടപ്പെട്ടതിനും ഒരു കോടി രൂപ വീതമാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. ജയിലിൽ കിടന്ന കാലയളവിലെ കോടതി വ്യവഹാര ചെലവുകൾക്കായി രണ്ടുലക്ഷം രൂപയും ആവശ്യപ്പെട്ടിട്ടുണ്ട്. ജനുവരി പത്തിന് ജില്ലാ കോടതി ഹർജി പരിഗണിക്കുമെന്ന് കാന്തിലാലിന്റെ അഭിഭാഷകനായ വിജയ് സിങ് യാദവ് അറിയിച്ചു.

ജോലിയും അഭിമാനവും നഷ്ടമായി. ശാരീരികവും മാനസികവുമായ ഉപദ്രവം നേരിട്ടു. കുടുംബജീവിതവും വിദ്യാഭ്യാസ, തൊഴിൽ പുരോഗതിക്കുള്ള അവസരങ്ങളും നഷ്ടപ്പെട്ടു. അതുകൊണ്ടുതന്നെ തനിക്ക് നഷ്ടപരിഹാരം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു.

ദൈവാനുഗ്രഹം കൊണ്ടാണ് ജയിലിൽ നിന്ന് പുറത്തിറങ്ങാനായതെന്നും രണ്ടുവർഷക്കാലത്തെ ജയിൽവാസത്തിൽ അനുഭവിച്ച കഷ്ടപ്പാടുകൾ വിവരിക്കാനാകില്ലെന്നും കാന്തിലാൽ ദേശീയ മാധ്യമത്തോട് പ്രതികരിച്ചു. പൊലീസ് കെട്ടിച്ചമച്ച കേസാണിത്.

2018 ജനുവരി 18-ന് യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസിലാണ് കാന്തിലാലിനേയും സുഹൃത്തിനേയും പൊലീസ് അറസ്റ്റ് ചെയ്തത്. ഐപിസി 366 (തട്ടിക്കൊണ്ടുപോകൽ), 376 (കൂട്ടബലാത്സംഗം) എന്നീ വകുപ്പുകൾ ചുമത്തി 2018 ജൂലൈ 20 ന് കാന്തിലാലിനെതിരെ കേസെടുത്തു. തുടർന്ന് ഇയാൾ ഒളിവിൽ പോയി. 2020 ഡിസംബർ 23-ന് അറസ്റ്റിലായി. എന്നാൽ, കുറ്റങ്ങൾ സംശയാതീതമായി സ്ഥാപിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്ന് നിരീക്ഷിച്ച് കഴിഞ്ഞ വർഷം ഒക്ടോബർ 10ന് സെഷൻസ് കോടതി കേസിലെ പ്രതികളായ രണ്ടുപേരെയും വെറുതെവിടുകയായിരുന്നു.