- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആലപ്പുഴയിൽ പ്രസവത്തെ തുടർന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ഡോക്ടർക്കെതിരെ നടപടി; നടപടി സ്വീകരിച്ചത് ജില്ലാ കളക്ടറും പൊലീസ് മേധാവിയും ആശുപത്രിയിലെത്തി ബന്ധുക്കളുമായി നടത്തിയ ചർച്ചകൾക്കൊടുവിൽ;സീനിയർ ഗൈനക്കോളജിസ്റ്റ് തങ്കം കോശിക്ക് രണ്ടാഴ്‌ച്ച നിർബന്ധിത അവധി; അമ്മയുടേയും കുഞ്ഞിന്റേയും മരണത്തിൽ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷനും
അമ്പലപ്പുഴ:ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രസവത്തെത്തുടർന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ബന്ധുക്കളുടെ പ്രതിഷേധത്തിനൊടുവിൽ ഡോക്ടർക്കെതിരേ നടപടി.സീനിയർ ഗൈനക്കോളജിസ്റ്റ് തങ്കം കോശിയോട് രണ്ടാഴ്ച നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ അധികൃതർ നിർദ്ദേശം നൽകി. ഡോക്ടർക്കെതിരേ നടപടി ആവശ്യപ്പെട്ട് അപർണയുടെ ബന്ധുക്കൾ പ്രതിഷേധം തുടർന്നുവരികയായിരുന്നു.
ജില്ലാ കളക്ടറും പൊലീസ് മേധാവിയും ആശുപത്രിയിലെത്തി മരിച്ച അപർണയുടെ ബന്ധുക്കളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമുണ്ടായത്.നടപടി സ്വീകരിക്കുമെന്ന ഉറപ്പിന് ശേഷമാണ് അപർണയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങൾ ബന്ധുക്കൾ ഏറ്റുവാങ്ങിയത്.കൈനകരി കുട്ടമംഗലം കായിത്തറ ശ്യാംജിത്തിന്റെ ഭാര്യ അപർണ (21) ബുധനാഴ്ച പുലർച്ചെയാണ് മരിച്ചത്. പ്രസവ ശസ്ത്രക്രിയയെ തുടർന്ന് നവജാത ശിശു ചൊവ്വാഴ്ച വൈകീട്ട് മരിച്ചിരുന്നു.
ഡോക്ടറുടെ അനാസ്ഥയാണ് മരണത്തിന് കാരണമെന്ന് ആരോപിച്ച് ബന്ധുക്കൾ നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നു. പ്രസവസമയത്ത് ഡോക്ടർ ഉണ്ടായിരുന്നില്ലെന്നും വിദ്യാർത്ഥികളാണ് ഓപ്പറേഷൻ നടത്തിയതെന്നുമാണ് ബന്ധുക്കളുടെ ആരോപണം.സംഭവത്തിൽ ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കുഞ്ഞിന്റെ മരണം അന്വേഷിക്കാൻ വിദഗ്ധസമിതിയെ ആശുപത്രി സൂപ്രണ്ട് ഡോ. എ. അബ്ദുൾസലാം ചുമതലപ്പെടുത്തിയിട്ടുണ്ട്.48 മണിക്കൂറിനകം റിപ്പോർട്ട് നൽകാനാണ് സമിതിക്ക് സൂപ്രണ്ട് നൽകിയിരിക്കുന്ന നിർദ്ദേശം.
അമ്മയുടെയും നവജാത ശിശുവിന്റെയും മരണം ചികിത്സാ പിഴവാണെന്ന് ആരോപണമുയർന്ന പശ്ചാത്തലത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു.കേസിൽ ആലപ്പുഴ മെഡിക്കൽ കോളജ് സൂപ്രണ്ട് ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ അംഗം വി.കെ. ബീനാകുമാരി നിർദ്ദേശം നൽകുകയും ചെയ്തിരുന്നു.മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസിലായിരുന്നു നടപടി.
മറുനാടന്‍ മലയാളി ബ്യൂറോ