തിരുവനന്തപുരം: കെഎസ്ഇബിയിൽ പതിനായിരത്തിലധികം തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നുവെന്ന് വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരി. കെഎസ്ഇബി യിൽ ജീവനക്കാരുടെ ക്ഷാമം വളരെ ഗുരുതരമായി നേരിടുന്നുവെന്നാണ് വെളിപ്പെടുത്തൽ. കൊല്ലത്തെ ഒരു വിദ്യാർത്ഥിയുടെ മരണത്തെ തുടർന്ന് കെഎസ്ഇബി തിരിച്ചടി നേരിടുന്ന സമയത്താണ് വകുപ്പിലെ ജീവനക്കാരുടെ കുറവ് സംബന്ധിച്ച വിവരങ്ങൾ പുറത്തുവരുന്നത്.

കെഎസ്ഇബിയിലെ സ്ഥിരം ജീവനക്കാരുടെ എണ്ണം 26488 ആണെന്ന് വിവരാവകാശ രേഖയിൽ പറയുന്നത്. 2025 ജനുവരി 24 ലെ വിവരാവകാശ മറുപടി പ്രകാരം (2024 ഡിസംബർ 14 ലെ സോഫ്റ്റ്‌വെയർ രേഖകൾ അനുസരിച്ച്) ആവശ്യമുള്ള ജീവനക്കാരുടെ അനുവദിച്ച എണ്ണം 35917. പതിനായിരത്തിലധികം തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്.

കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരിക്ക് ചീഫ് എഞ്ചിനീയറുടെ (ഹ്യൂമൻ റിസോഴ്‌സ് വിഭാഗം) സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസർ നൽകിയ മറുപടിയിലാണ് ഈ വിവരം വെളിപ്പെടുത്തിയത്. അതേസമയം, 2025 ജനുവരി 5-ന്, പേഴ്സണൽ വകുപ്പിലെ ചീഫ് പേഴ്സണൽ ഓഫീസറുടെ ഓഫീസിലെ പബ്ലിക് ഇൻഫർമേഷൻ ഓഫീസർ ഗോവിന്ദൻ നമ്പൂതിരിക്ക് നൽകിയ മറുപടി; 2024 ഡിസംബർ 14-ലെ കണക്കനുസരിച്ച് ആവശ്യമായ ജീവനക്കാരുടെ എണ്ണം 36,524 ഉം ആകെ ജീവനക്കാരുടെ എണ്ണം 26,513 ഉം ആണ്.

അതേസമയം, കൊല്ലം ശാസ്താംകോട്ട തേവലക്കരയിൽ എട്ടാം ക്ലാസുകാരൻ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് മരിച്ച സംഭവത്തിൽ വീഴ്ച ഉണ്ടായിട്ടില്ലെന്ന് കെഎസ്ഇബി. പൊട്ടിവീഴാതിരിക്കാൻ അടക്കമുള്ള മുൻകരുതൽ എടുത്തിരുന്നതായി കരുനാഗപ്പള്ളി കെഎസ്ഇബി എക്സിക്യൂട്ടിവ് എഞ്ചിനിയർ ഷാജികുമാർ വ്യക്തമാക്കി. കഴിഞ്ഞ നാൽപ്പത് വർഷമായി ഇതേ നിലയിലാണ് ലൈൻ തുടരുന്നത്. എട്ട് വർഷം മുമ്പ് സൈക്കിൾ സൂക്ഷിക്കാനായി സ്കൂൾ അധികൃതർ ഷെഡ് പണിഞ്ഞതോടെയാണ് ഇപ്പോൾ അപകടം ഉണ്ടായ സ്ഥിതിയിലേക്ക് എത്തിയത്.

ഇത്തരമൊരു ഷെഡ് പണിയാൻ കെഎസ്ഇബിയോ പഞ്ചായത്ത് അധികൃതരോ അനുമതി നൽകിയിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും ഷാജികുമാർ പറഞ്ഞു. മതിയായ ഉയരത്തിൽ തന്നെയാണ് വൈദ്യുതി ലൈൻ ഉണ്ടായിരുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. രണ്ട് ദിവസങ്ങൾക്ക് മുമ്പ് കെഎസ്ഇബി അസിസ്റ്ററ്റൻ്റ് എഞ്ചിനിയർ വിളിച്ച് അപകടത്തിന് കാരണമായ ലൈൻ തൊട്ടാലോ പൊട്ടി വിണാലോ ഷോക്കേൽക്കാത്ത തരത്തിലുള്ള കേബിളുകൾ സ്ഥാപിക്കാമെന്ന് അറിയിച്ചിരുന്നു. സ്കൂൾ പ്രിൻസിപ്പലിനെ വിളിച്ച് എഇ വിവരം അറിയിക്കുകയും ചെയ്തിരുന്നുവെന്ന് എക്സിക്യൂട്ടിവ് എഞ്ചിനിയർ പറഞ്ഞു. എന്നാൽ കെഎസ്ഇബിയുടെ വിശദീകരണത്തോട് സ്കൂൾ അധികൃതർ പ്രതികരിച്ചിട്ടില്ല.