കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചകര്‍ക്കെതിരെ അതിജീവിത നിയമപോരാട്ടത്തിന്റെ വഴിയില്‍ നീങ്ങുകയാണ്. ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ കോടതിക്കെതിരെയും ഇന്നലെ രംഗത്തുവന്നു. അതേസമയം കേസിലെ കോടതി വിധിയുടെ വിശദാംങ്ങള്‍ പുറത്തുവരുമ്പോള്‍ കേസില്‍ പല ട്വിസ്റ്റുകളും വ്യക്തമാകുകയാണ്.

നടി ആക്രമിക്കപ്പെട്ട കേസില്‍ തുടക്കം മുതല്‍ പറഞ്ഞു കേട്ട വാക്കാണ് മാഡം. ഒരു സ്ത്രീ തന്ന ക്വട്ടേഷന്‍ എന്നാണ് ആദ്യം കേട്ടത്. പിന്നീടാണ് ദിലീപ് നല്‍കിയ ക്വട്ടേഷന്‍ എന്ന രീതിയിലേക്ക് മാറിയത്. പള്‍സര്‍ സുനി മാത്രമല്ല, ബാലചന്ദ്രകുമാറും കേസിലെ സ്ത്രീ സാന്നിധ്യത്തെ കുറിച്ച് പറഞ്ഞിരുന്നു. ആരാണ് ഈ സ്ത്രീ എന്ന് കാര്യമായ അന്വേഷണം നടന്നില്ല എന്നതാണ് കൗതുകകരം. ഇതേക്കുറിച്ച് കേസില്‍ എറണാകുളം ജില്ലാ സെഷന്‍സ് കോടതിയുടെ വിധി ന്യായത്തിലും ഇക്കാര്യത്തില്‍ സംശയം ഉന്നയിക്കുന്നു. എന്തുകൊണ്ട് പോലീസ് ഇക്കാര്യം അന്വേഷിച്ചില്ല എന്നതാണ് സംശയം.

സുനി ഫോണില്‍ സംസാരിച്ചത് ശ്രീലക്ഷ്മി എന്ന സ്ത്രീയുമായിട്ടാണ്. എന്നാല്‍ ഇവര്‍ ആരാണെന്ന് പോലീസ് വിശദമായി അന്വേഷിച്ചില്ല. 1711 പേജുള്ള വിധി ന്യായത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. നടിയെ ആക്രമിക്കുന്ന വേളയില്‍ പള്‍സര്‍ സുനി ഒരു സ്ത്രീയുടെ ക്വട്ടേഷന്‍ ആണ് എന്ന് പറഞ്ഞു എന്നായിരുന്നു പോലീസ് വ്യക്തമാക്കിയത്. ആദ്യ കുറ്റപത്രത്തില്‍ ഏഴ് പേരാണ് പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്നത്. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ആറ് പേരും ഇവരെ രക്ഷപ്പെടാന്‍ സഹായിച്ച ഒരാളും. ആറ് പേര്‍ക്കാണ് കോടതി തടവ് ശിക്ഷ വിധിച്ചത്. ദിലീപ് ഉള്‍പ്പെടെയുള്ള ബാക്കി പ്രതികളെ വെറുതെവിടുകയായിരുന്നു.

സംഭവ ദിവസം സുനി ഫോണില്‍ സംസാരിച്ചത് ശ്രീലക്ഷ്മി എന്ന സ്ത്രീയുമായിട്ടാണ്. ന്നാല്‍ ഇവര്‍ ആരാണ് എന്ന് വിശദമായി അന്വേഷിച്ചില്ല. കൃത്യം നടക്കുന്ന ദിവസം പോലും ഇവരുമായി സംസാരിക്കണം എങ്കില്‍ സുനിക്ക് അത്ര അടുപ്പമുള്ള വ്യക്തിയാകം. ഈ സ്ത്രീക്ക് കൃത്യം സംബന്ധിച്ച് നേരത്തെ അറിവുണ്ടായിരുന്നോ എന്നും പോലീസ് വിശദമായി അന്വേഷിച്ചി. എന്തുകൊണ്ടാണ് അത്തരമൊരു അന്വേഷണം നടക്കാതെ പോയതെന്നാണ് കോടതി ഉയര്‍ത്തിയ ചോദ്യം.

സുനിയുമായി അടുപ്പമുള്ള സ്ത്രീ എന്ന മട്ടിലാണ് പോലീസ് കണക്കാക്കിയത്. സ്ത്രീ സാന്നിധ്യം ആരാണ് എന്ന് ഉറപ്പിക്കാനും അവര്‍ക്ക് കേസില്‍ ബന്ധമുണ്ടോ എന്ന് പരിശോധിക്കാനും പ്രോസിക്യൂഷന് സാധിച്ചില്ലെന്നാണ് കോടതിയുടെ വിലയിരുത്തല്‍. സംഭവം നടന്ന വേളയില്‍ ഉയര്‍ന്നു കേട്ട മാഡം ഇപ്പോഴും അവ്യക്തമായി തുടരുകയാണ്. ജയിലില്‍ നിന്നുള്ള കത്തില്‍ സ്ത്രീ തന്ന ക്വട്ടേഷന്‍ ആണ് എന്നാണ് സുനി ആദ്യം പറഞ്ഞത്. ജയിലില്‍ നിന്ന് സുനി അയച്ച കത്തില്‍ ദിലീപ് തന്ന ക്വട്ടേഷന്‍ എന്ന മട്ടിലാണ് എഴുതിയത്.

ഇതാണ് ദിലീപിനെ കേസില്‍ പ്രതിയാക്കുന്നതിലേക്ക് നയിച്ചത്. എന്നാല്‍ സ്ത്രീ തന്ന ക്വട്ടേഷന്‍ എങ്ങനെ ദിലീപ് തന്ന ക്വട്ടേഷന്‍ എന്ന നിലയിലേക്ക് മാറ്റപ്പെട്ടു എന്നതും സംശയകരമായി. കോടതിയുടെ വിധിയില്‍ ശ്രീലക്ഷ്മിയുമായുള്ള ബന്ധത്തെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്:

ആറ് കോളുകള്‍, ഏഴ് സന്ദേശങ്ങള്‍

കുറ്റം നടന്ന ദിവസമായ 2017 ഫെബ്രുവരി 17 ന് വൈകുന്നേരം 3.44 വരെ ശ്രീ ലക്ഷ്മിയില്‍ നിന്ന് സുനിയുടെ ഫോണിലേക്ക് സന്ദേശങ്ങള്‍ വന്നിരുന്നതായി ജഡ്ജി നിരീക്ഷിച്ചു. അന്നേദിവസം വൈകുന്നേരം 6.22-നും 7.59-നും ഇടയില്‍ അവര്‍ സുനിയെ ആറ് തവണ വിളിക്കുകയും ചെയ്തു. കുറ്റം നടന്ന ദിവസം രാത്രി 9.03-നും 9.56-നും ഇടയില്‍ സുനിക്ക് ശ്രീ ലക്ഷ്മിയില്‍ നിന്ന് ഏഴ് സന്ദേശങ്ങളും ലഭിച്ചു.

ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ നിന്നുള്ള റിപ്പോര്‍ട്ട് പ്രകാരം, 2017 ഫെബ്രുവരി 17-ന് രാത്രി 10.30-നും 10.48-നും ഇടയിലാണ് വീഡിയോകള്‍ പകര്‍ത്തിയത്. ശ്രീ ലക്ഷ്മിയില്‍ നിന്നുള്ള അവസാന സന്ദേശം ലഭിച്ചത് രാത്രി 9.56-നാണ്, ഇത് ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്നതിന് ഏകദേശം അര മണിക്കൂര്‍ മുമ്പാണെന്ന് കോടതി കണ്ടെത്തി. ഇരയോടൊപ്പം യാത്ര ചെയ്യുന്നതിനിടയില്‍ പോലും സുനി ശ്രീ ലക്ഷ്മിക്ക് കോളുകളും സന്ദേശങ്ങളും അയച്ചിരുന്നതായി കോടതി കണ്ടെത്തി. എന്നിട്ടും, എസ്.ഐ.ടി. അവരെ സാക്ഷിയാക്കുകയോ, കോള്‍ ഡാറ്റാ റെക്കോര്‍ഡ്, അവരുടെ ലൊക്കേഷന്‍ വിവരങ്ങള്‍ എന്നിവ ഹാജരാക്കുകയോ ചെയ്തില്ല.

ആരോപിക്കപ്പെടുന്ന കുറ്റകൃത്യം നടക്കുന്നതിന് തൊട്ടുമുമ്പ് പ്രതിയെ ബന്ധപ്പെട്ട വ്യക്തി എന്ന നിലയില്‍, അവര്‍ക്ക് സംഭവത്തെക്കുറിച്ച് കൂടുതല്‍ വെളിച്ചം വീശാന്‍ കഴിയുമായിരുന്നു. സുനിയും ദിലീപും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും അവര്‍ക്ക് അറിവുണ്ടാകാന്‍ സാധ്യതയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. സുനിയും ശ്രീ ലക്ഷ്മിയും തമ്മില്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതായാണ് പ്രോസിക്യൂഷന്റെ വാദം. അതുകൊണ്ട് തന്നെ, സുനിയും ദിലീപും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും അവര്‍ക്ക് അറിവുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

ശ്രീ ലക്ഷ്മിയുടെ ഫോണിലെ ഉള്ളടക്കം അവരുടെ സ്വകാര്യതയെ ബാധിക്കുമെന്ന് വാദിച്ച് പ്രോസിക്യൂഷന്‍ അത് മറച്ചുവെച്ചു. ഫോണിന്റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വിവരങ്ങള്‍ അവരുടെ സ്വകാര്യതയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി അത് പുറത്തുകൊണ്ടുവന്നില്ല. ശ്രീ ലക്ഷ്മി മറ്റൊരു മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നു എന്നും എഫ്.എസ്.എല്‍. റിപ്പോര്‍ട്ട് സൂചിപ്പിച്ചു. എന്നാല്‍, ഈ രണ്ടാമത്തെ നമ്പറിന്റെ സി.ഡി.ആറും ലൊക്കേഷന്‍ വിവരങ്ങളും കോടതിയില്‍ ഹാജരാക്കിയില്ലെന്നും വിധിന്യായത്തില്‍ പറയുന്നു. കാരണം നല്‍കിയില്ല പോലീസ് അവരെ ചോദ്യം ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ കോടതിയുടെ മുന്നില്‍ രേഖകളൊന്നും ലഭ്യമല്ലെന്ന് ജഡ്ജി നിരീക്ഷിച്ചു.

അവരെ സാക്ഷിയാക്കാത്തതിന് കാരണവും നല്‍കിയില്ല. ഒരു സ്ത്രീയാണ് ക്വട്ടേഷന്‍ നല്‍കിയതെന്ന സുനിയുടെ മൊഴിയുണ്ടായിട്ടും, ശ്രീ ലക്ഷ്മിയെ ചോദ്യം ചെയ്യാതിരുന്നതും അവരുടെ ഫോണ്‍ പരിശോധിച്ച എഫ്.എസ്.എല്‍. റിപ്പോര്‍ട്ട് തെളിവായി ഹാജരാക്കാത്തതും, അവരെ സാക്ഷിയാക്കാത്തതും ഇരയെ അപമാനിച്ചത് ദിലീപിന്റെ ക്വട്ടേഷന്‍ പ്രകാരമാണ് എന്ന പ്രോസിക്യൂഷന്റെ കേസില്‍ ഗുരുതരമായ സംശയം ജനിപ്പിക്കുന്നു എന്ന് കോടതി നിഗമനം ചെയ്തു.

ഇക്കാര്യം പരിശോധിക്കാത്തത് പ്രോസിക്യൂഷന്റെ വീഴ്ചയായി കോടതി ചൂണ്ടിക്കാട്ടുന്നു. വിധിക്കെതിരെ അപ്പീല്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. മാത്രമല്ല, ഇരയാക്കപ്പെട്ട നടിയും അപ്പീല്‍ സമര്‍പ്പിക്കാന്‍ ഒരുങ്ങുകയാണ്. തന്നെ കുടുക്കാന്‍ ഗൂഢാലോചന നടന്നു എന്നാണ് ദിലീപിന്റെ ആരോപണം. ഇക്കാര്യത്തില്‍ വ്യക്തത വരുന്നതിന് ദിലീപിന്റെ ഭാഗത്തു നിന്നും നിയമ നടപടികള്‍ക്ക് സാധ്യതയുണ്ട്.