കൊച്ചി: തനിക്ക് മൂന്നു ദിവസം കഴിഞ്ഞാൽ ശസ്ത്രക്രിയയുണ്ടെന്നും രക്ഷപ്പെടാനുള്ള സാധ്യതയാണ് കൂടുതലായി കാണുന്നതെന്നും നടൻ ബാല. മുന്നോട്ടുപോകുമെന്ന് വിചാരിക്കുന്നു. തനിക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും നന്ദിയും ബാല വീഡിയോയിൽ പറഞ്ഞു. രണ്ടാം വിവാഹ വാർഷികത്തോടനുബന്ധിച്ച് ചിത്രീകരിച്ച വീഡിയോയിലായിരുന്നു ബാലയുടെ പ്രതികരണം.

കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ഒരു മാസത്തോളമായി ചികിത്സയിൽ കഴിയുകയാണ് നടൻ. പങ്കാളിയായ എലിസബത്തിന്റെ നിർബന്ധപ്രകാരമാണ് ഇങ്ങനൊരു വീഡിയോ, എന്നും തനിക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും മനസ് നിറഞ്ഞ നന്ദി അറിയിക്കുന്നു. മുന്നോട്ടുപോകുമെന്നാണ് കരുതുന്നത്, എല്ലാവരുടെയും പ്രാർത്ഥനകൊണ്ടാണ് വീണ്ടും വരാനാകുന്നതെന്നും ബാല പറഞ്ഞു.

'ഞാൻ ആശുപത്രിയിലാണ്. എലിസബത്തിന്റെ നിർബന്ധപ്രകാരം വന്നതാണ്. എല്ലാവരുടെയും പ്രാർത്ഥന കൊണ്ട് വീണ്ടും വരികയാണ്. ഇനി ഒരു രണ്ടു മൂന്നു ദിവസം കഴിഞ്ഞാൽ ശസ്ത്രക്രിയയുണ്ട്. മരണ സാധ്യതയുണ്ട്. എന്നാൽ രക്ഷപ്പെടാനുള്ള സാധ്യതയാണ് കൂടുതലായി കാണുന്നത്. മുന്നോട്ടുപോകുമെന്ന് വിചാരിക്കുന്നു. എനിക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി പറയുന്നു. വീഡിയോയിൽ ബാല പറയുന്നു

രണ്ടാം വാർഷികം ആശുപത്രിയിൽ വെച്ച് നടന്നു. അടുത്ത വർഷം ഇങ്ങനെയാകില്ലെന്നും ആദ്യ വിവാഹ വാർഷികം പോലെ ആഘോഷിക്കുമെന്ന് എലിസബത്ത് പറഞ്ഞു. ഇരുവരും കേക്ക് മുറിക്കുന്ന വീഡിയോയും ഒപ്പം പങ്കുവെച്ചിട്ടുണ്ട്. മാർച്ച് ആറിനാണ് കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബാലയുടെ ആരോഗ്യ വിവരം പങ്കാളി എലിസബത്ത് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. കഴിഞ്ഞ മൂന്ന്, നാല് വർഷങ്ങളായി ഇതുപോലെയുള്ള വിഷയങ്ങൾ ബാലയ്ക്ക് സംഭവിക്കുന്നുണ്ടെന്നും അദ്ദേഹം പൂർവ്വാധികം ശക്തിയോടെ തിരിച്ച് വരികയാണെന്നും എലിസബത്ത് പറഞ്ഞിരുന്നു.

അൻപ് എന്ന തമിഴ് ചിത്രത്തിലൂടെയാണ് ബാല തന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. കളഭം ആണ് ആദ്യ മലയാള ചിത്രം. മമ്മൂട്ടിയോടൊപ്പം ബിഗ് ബി എന്ന ചിത്രത്തിലെ അഭിനയം ശ്രദ്ധിക്കപ്പെട്ടു. തുടർന്ന് പുതിയ മുഖം, അലക്‌സാണ്ടർ ദി ഗ്രേറ്റ്, ഹീറോ, വീരം തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. നടനും സഹനടനായും വില്ലനായും തിളങ്ങി. ഉണ്ണി മുകുന്ദൻ നായകനായി എത്തിയ 'ഷെഫീക്കിന്റെ സന്തോഷത്തിൽ ആണ് ബാലയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത സിനിമ.

ബാലക്ക് മലയാള സിനിമയിലേക്ക് രണ്ടാം വരവിനു സാഹചര്യം ഒരുക്കിയത് ഉണ്ണി മുകുന്ദൻ നായകനും നിർമ്മാതാവുമായ 'ഷെഫീക്കിന്റെ സന്തോഷം' എന്ന സിനിമയാണ്. ഈ സിനിമയുടെ പ്രതിഫലത്തെ ചൊല്ലി തർക്കവുമുണ്ടായിരുന്നു. പ്രതിഫലം വേണ്ട എന്ന് പറഞ്ഞു ബാല അഭിനയിച്ചു എന്ന് ഉണ്ണിയും, തനിക്കു പ്രതിഫലമേ തന്നില്ല എന്ന് ബാലയും വാദിച്ചു. പണം വേണ്ടെന്നു പറഞ്ഞിട്ടും രണ്ടുലക്ഷം രൂപ നൽകിയതിന്റെ തെളിവും രേഖകളും പുറത്തുവിട്ടായിരുന്നു ഉണ്ണി മുകുന്ദന്റെ പ്രതികരണം. ഇതോടെ ബാല, ഉണ്ണി മുകുന്ദൻ പ്രശ്‌നങ്ങൾ എങ്ങും ചർച്ചയിലായിരുന്നു.