പത്തനംതിട്ട: ശബരിമലയിലെ സ്വര്‍ണപ്പാളി കാണാതായ സംഭവത്തില്‍ അന്വേഷണം ഇപ്പോൾ പുരോഗമിക്കുകയാണ്. ഇതോടെ സർക്കാർ വീണ്ടും കൂടുതൽ പ്രതിരോധത്തിൽ ആയിരിക്കുകയാണ്. ഇപ്പോഴിതാ, സ്വര്‍ണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് നടൻ ദേവൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്ന പോസ്റ്റ് ആണ് ചർച്ചയിരിക്കുന്നത്. രണ്ടു കാതും തുറന്നു കേട്ടോളുവെന്നും ഈ കൊള്ളാ ചെയ്തവർ കേട്ടോളു. ദുഷ്ടനേ പനപോലെ വളർത്തുന്നവനാണ് അയ്യപ്പൻ. കുറച്ചുകൂടി ഉയർത്തും നിങ്ങളെ.. ഉയർത്തി ഉയർത്തി പെട്ടെന്നായിരിക്കും വീഴ്ച്ച സംഭവിക്കുക എന്നും അദ്ദേഹം തുറന്നടിച്ചു. സ്വർണപ്പാളി വിവാദം കൊഴുക്കുന്നതിനിടെ സർക്കാരിനെതിരെ നടൻ നടത്തിയ ഒളിയമ്പ് പ്രയോഗം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴി ഒരുക്കിയിട്ടുണ്ട്.


നടൻ ദേവന്റെ വാക്കുകൾ...

സ്വാമിയേ ശരണം അയ്യപ്പാ..

ക്ഷേത്രത്തിൽനിന്നും

തൊഴുതു മടങ്ങുമ്പോൾ കാലിൽ പറ്റി പിടിച്ചിരിക്കുന്ന മണ്ണ് തരികൾ പോലും കൂടെ കൊണ്ടുപോകാതിരിക്കാൻ കാലുകൾ കുടഞ്ഞു പുറത്തുപോകുന്ന പഴയ തമ്പുരാക്കന്മാർ ഉള്ള നാടാണിത്..

ഈ നാട്ടിലാണ് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെയും ദേവസ്വം മന്ത്രിയുടെയും പ്രതിരോധം തകർത്തുകൊണ്ട് കേരള വിജിലൻസി ന്റെ കണ്ടെത്തൽ....

സ്വർണപ്പാളികൾ എടുത്തു സന്നിധാനത്തിൽനിന്നും പുറത്തുകൊണ്ടുപോയി 49 ദിവസ്സം കഴിഞ്ഞാണ് തിരിച്ചെത്തിക്കുന്നത്.. സന്നിധാനത്തുനിന്നും ഒരു മണ്ണ് തരിപ്പോളും ഒരു കാരണവശാലും പുറത്തു കൊണ്ടുപോകരുതെന്ന നിയമങ്ങളും നിർദ്ദേശങ്ങളും ഉണ്ടായിരിക്കെ തന്നെ നട അടച്ചിട്ടിരിജുന്ന ദിവസങ്ങളിൽ ആസൂത്രണം ചെയ്തു ഇത്രയും പവിത്രമായ സാധനങ്ങൾ പുറത്തുകൊണ്ടുപോയി എന്ന് കാണുമ്പോൾ അതൊരു പകൽ കൊള്ള ആയിട്ടെ ആർക്കും തോന്നുകയുള്ളു.. അതുമാത്രമല്ല അത് വിശ്വസത്തിനും വിശ്വസികളോടുമുള്ള വെല്ലുവിളി കുടി ആണെന്നും പറയേണ്ടിവരും..

ഇത് അന്വേഷിച്ച വിജിലൻസ് വളരെ കൃത്യമായി കണ്ടെത്തിയിട്ടുണ്ട്, ദേവസ്വം ബോർഡ്‌ ന്റെയും മറ്റു ഓഫീസർസ് ന്റെ നിർദ്ദേശമോ സമ്മർദ്ധമോ ഉണ്ടായിട്ടുണ്ടെന്ന്..

ദേവസ്വം ബോർഡന്റെ അംഗങ്ങളുടെ പങ്കും തന്ത്രിയുടെയും മേൽശാന്തിയുടെയും പങ്കും അന്വേഷിക്കണമെന്നും കണ്ടെത്തിട്ടിട്ടുണ്ട്...ഇതിന്റെ അടിസ്ഥാനത്തിലാണ് അന്നത്തെ ബോർഡ്‌ നെയും പ്രതി ചേർത്ത് ഹൈ കോടതി SIT യോട് ഗൂഢാലോചന കേസ് കുടി ഉൾപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ടത്.. 6 ആഴ്ച സമയ പരിധി കൊടുത്തിട്ടുണ്ട്..

അന്നത്തെ ബോർഡ്‌ പ്രസിഡന്റ്‌ A. പദ്മകുമാർ, അംഗം N. വിജയകുമാർ സിപിഎം നോമിനി കളാണ്.. മറ്റൊരു അംഗം K P ശങ്കര ദാസ് സിപിഐ യുടെ നോമിനി ആണ്.. ഇവർ ഉത്തരം പറയേണ്ടിവരും..

ഒരു മേൽവിലാസമോ യോഗ്യതയോ ഇല്ലാത്ത ഉണ്ണികൃഷ്ണൻ എന്ന ആളെ ശബരി മലയിലെ വിലമതിക്കാനാവാത്ത സ്വർണപ്പാളികളും ശ്രീകോവിൽ വാതിലും പുതുക്കിപണിയുന്ന ഉത്തരവാദിത്വവും എല്പിച്ചതിന്റെ പിന്നിലെ ഗൂഡലോചനയും കള്ളത്തരവും പ്രകടമായി പുറത്തു വന്നിരിക്യാണ്.. ഓഫീസർസ് മാത്രം കുറ്റപ്പെടുത്തി രക്ഷപ്പെടുത്താൻ ആർക്കും കഴിയില്ല.

ഉണ്ണികൃഷ്ണൻന്റെ അവിഹിത രാഷ്ട്രീയ ബന്ധവും മറനീങ്ങി പുറത്തു വന്നിരിക്കുന്നു.. ഒരു ആസൂട്രിത തട്ടിപ്പും കൊള്ളയും ആണ് നടന്നിരിക്കുന്നത്..

1950 ഇൽ ശബരിമല പ്രതിഷ്ടയുടെ കഴുത്തു ശരീരവും വീട്ടിമറ്റി ക്ഷേത്രം തീവെച്ചു നശിപ്പിച്ച കേസ് ഇന്നും വെളിച്ചം കാണാതെ ഇരുട്ടാരകളിൽ ഒളിപ്പിച്ചുവെച്ചിരികയാണ്.. കുറ്റക്കാരായവരുടെ അനന്തരാവകാശികൾ ഇന്ന് ജീവിച്ചിരിപ്പുണ്ടാവും.. അവരോടു നമുക്കു ക്ഷമിക്കാം.. പക്ഷെ 1957 ലെ കമ്മ്യൂണിസ്റ്റ്‌ സർക്കാർ അധികാരത്തിൽ വരാൻ കാരണം, അവർ അധികാരത്തിൽ വന്നാൽ ശബരിമല തീവപ്പ് കേസ് അന്വേഷിച്ചു കുറ്റക്കരേ ശിക്ഷിക്കുമെന്ന കമ്മ്യൂണിസ്റ്റ്‌ പാർട്ടി അയ്യപ്പന്മാർക്ക് കൊടുത്ത വാക്കിന്റെ ഉറപ്പിലായിരുന്നു.. പക്ഷെ വിജയിച്ചു അധികാരത്തിൽ വന്നതിനുശേഷം 75 വർഷം കഴിഞ്ഞിട്ടും അവർ അയ്യപ്പന്മാർക് കൊടുത്ത വാക്കും ഉറപ്പും മനഃപൂർവം മറന്നു.. മറന്നു എന്ന് മാത്രമല്ല വീണ്ടും അതെ വഞ്ചനയും കൊള്ളയും അയ്യപ്പൻ മാറോടു ചെയ്തുകൊണ്ടിരിക്കുകയാണ്... ഇന്ന് അവർ ചില്ലുകൊട്ടാരത്തിലിരുന്നു ചിരിക്കുന്നു.. അവർക്കു ഇനി മാപ്പില്ല..

ഒന്ന് മാത്രം ഓർത്തോളൂ.. അന്നത്തെ അയ്യപ്പനല്ല ഇന്നത്തെ അയ്യപ്പൻ.. 75 വർഷമായി ചങ്കു പൊട്ടി കോടിക്കണക്കിനു അയ്യപ്പന്മാർ വിളിക്കുന്ന ശരണ ഘോഷ വിളികൾ കേട്ട് അന്നത്തേക്കാൾ ആയിരം മടങ്ങു ശക്തിയോടെ നിലകൊള്ളുകയാനവിടെ, അന്ന് നിങ്ങൾ വീട്ടിനുറുക്കി കത്തിച്ച അതെ സ്ഥാനത്തു, അതെ രൂക്ഷമായ കണ്ണുകളോടെ, അഖിലാണ്ഡകോടി ബ്രഹ്മണ്ട നായകനായി, കൈയ്യിൽ ഉയർത്തിപിടിച്ച പടവളുമായി ഉഗ്രമൂർത്തി ആയി നിൽക്കയനവിടെ

രണ്ടു കാതും തുറന്നു കേട്ടോളു... ഈ കൊള്ളാ ചെയ്തവർ കേട്ടോളു.. ദുഷ്ടനേ പനപോലെ വളർത്തുന്നവനാണ് അയ്യപ്പൻ..

കുറച്ചുകൂടി ഉയർത്തും നിങ്ങളെ.. ഉയർത്തി ഉയർത്തി പെട്ടെന്നായിരിക്കും വീഴ്ച്ച... നിങ്ങളുടെ അവസാനത്തെ വീഴ്ച്ച...

സ്വാമിയേ ശരണം അയ്യപ്പാ..

ദേവൻ

അതേസമയം, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി വീണ്ടും പി എസ് പ്രശാന്തിനെ നിയമിക്കാന്‍ നീക്കം സജീവം. ദേവസ്വം മന്ത്രി വി എന്‍ വാസവനാണ് ഇതിന് പിന്നില്‍. മുഖ്യമന്ത്രി പിണറായി വിജയനും അനുകൂലിക്കുമെന്നാണ് നിഗമനം. രണ്ടു ദിവസം മുമ്പ് എകെജി സെന്ററിലെത്തി പ്രശാന്ത് വിശദ ചര്‍ച്ച നടത്തിയിരുന്നു. കഴിഞ്ഞ ദിവസം സിപിഎം ജില്ലാ സെക്രട്ടറി വിഎസ് ജോയിയുമായും ആശയ വിനിമയം നടത്തി. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പദത്തില്‍ ഇടതു സര്‍ക്കാര്‍ ആര്‍ക്കും രണ്ടു ടേം നല്‍കാറില്ല. അതിനിടെ മണ്ഡല മകരവിളക്ക് അടുത്തതിനാല്‍ ഇപ്പോഴത്തെ ബോര്‍ഡിന് കാലാവധി നീട്ടി നല്‍കുന്നതും പരിഗണനയിലുണ്ട്.

ഇതിനിടെയാണ് ശബരിമലയിലെ സ്വര്‍ണ്ണ കൊള്ള ചര്‍ച്ച എത്തിയത്. ഇതിന് പിന്നില്‍ പ്രശാന്തിന്റെ വീഴ്ചയാണെന്ന വാദം സിപിഎമ്മില്‍ പ്രബല വിഭാഗത്തിനുണ്ട്. ഒരു ചെറിയ പിഴവാണ് ഇത്രയും വലിയ പ്രതിരോധത്തിലേക്ക് സര്‍ക്കാരിനെ എത്തിച്ചത്. ആ ഈഗോ ഒഴിവാക്കിയിരുന്നുവെങ്കില്‍ സ്വര്‍ണ്ണ പാളി വിഷയം ഹൈക്കോടതിയുടെ മുന്നിലേക്ക് എത്തില്ലായിരുന്നു. ഇത്രയും വലിയ വീഴ്ച ഉണ്ടാക്കിയ പ്രശാന്തിനെ തുടരാന്‍ അനുവദിക്കരുതെന്നാണ് ആവശ്യം. അടുത്ത മാസം നിലവിലെ ദേവസ്വം ബോര്‍ഡിന്റെ കാലാവധി തീരും. അതുകൊണ്ട് തന്നെ പ്രസിഡന്റിനെ ഉടന്‍ സിപിഎമ്മിന് നിശ്ചയിക്കേണ്ടതുമുണ്ട്.

ദ്വാരപാലക ശില്‍പ്പപാളി വീണ്ടും സ്വര്‍ണ്ണം പൂശാന്‍ കൊണ്ടു പോയി. ശബരിമലയില്‍ എന്തും ഹൈക്കോടതിയെ അറിയിക്കണം. ഇത് അറിയിക്കേണ്ടത് ജില്ലാ ജഡ്ജിയുടെ റാങ്കിലുള്ള സ്‌പെഷ്യല്‍ കമ്മീഷണറെയാണ്. എന്നാല്‍ സ്‌പെഷ്യല്‍ കമ്മീഷണറെ അറിയിക്കാതെ പാളികള്‍ കൊണ്ടു പോയി. കമ്മീഷണറെ അറിയിക്കേണ്ട ആവശ്യമില്ലെന്നതായിരുന്ന പ്രശാന്തിന്റെ നിലപാട്.

ഭസ്മക്കുളം പുതുതായി നിര്‍മ്മിക്കാനുള്ള നീക്കം സ്‌പെഷ്യല്‍ കമ്മീഷണര്‍ എതിര്‍ത്തിരുന്നു. വിശ്വാസപരമായ കാരണങ്ങളാലായിരുന്നു ജഡ്ജി ജയകൃഷ്ണന്റെ എതിര്‍പ്പ്. ഇതു കാരണം സ്വര്‍ണ്ണ പാളി കമ്മീഷണറെ അറിയിക്കാതെ കൊണ്ടു പോകാന്‍ തീരുമാനിച്ചു. ഇത് ജഡ്ജ് അറിഞ്ഞു. അദ്ദേഹം ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തു. ആഗോള അയ്യപ്പ സംഗമത്തിന്റെ ചര്‍ച്ചകള്‍ക്കിടെയാണ് ഈ പിഴവ് സംഭവിച്ചത്. സ്‌പെഷ്യല്‍ കമ്മീഷണര്‍ ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചു.