കുറച്ച് ദിവസങ്ങളായി ലോകം ചർച്ചചെയ്യപ്പെടുന്ന വിഷയമാണ് നേപ്പാളിലെ ജെൻ സി കലാപം. പ്രക്ഷോഭത്തിൽ നിരവധി പേർക്കാണ് ജീവൻ നഷ്ടമായത്. സർക്കാരിന്റെ അഴിമതികൾക്കെതിരെ വളരെ ധീരമായിട്ടാണ് അവിടെത്തെ യുവതലമുറ നേരിട്ടത്. അതിനിടെ നേപ്പാൾ ഫിനാൻസ് മിനിസ്റ്ററെ ആൾകൂട്ടം മർദിച്ചതും നവമാധ്യമങ്ങളിൽ ചർച്ചയായിരുന്നു.

ഇപ്പോഴിതാ, നേപ്പാൾ സംഭവത്തെ പരിഹാസ രൂപേണ പ്രതികരിച്ചിരിക്കുകയാണ് നടൻ ജോയ് മാത്യൂ. നിമിഷ നേരം കൊണ്ട് പോസ്റ്റ് വൈറലാവുകയും ചെയ്തു. പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ..'നേപ്പാൾ കണ്ടിട്ട് കൊതിയാവുന്നു ആ ഫിനാൻസ് മിനിസ്റ്ററുടെ അവസ്ഥ' എന്നാണ് നടൻ കുറിച്ചിരിക്കുന്നത്. പോസ്റ്റിനെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേർ രംഗത്ത് വന്നിട്ടുണ്ട്. ഇങ്ങനെ കൊതിക്കല്ലേയെന്ന് ചിലർ കമെന്റ് ചെയ്യുന്നു. ഈ പോക്ക് പോയാൽ അടുത്ത് തന്നെ ഓടും എന്ന് ഒരാൾ കുറിച്ചു. തനിക്ക് തെറ്റിയെന്നും കമെന്റ് ഉണ്ട്.

അതേസമയം, നേപ്പാളില്‍ യുവാക്കളുടെ നേതൃത്വത്തില്‍ ആരംഭിച്ച കലാപം തുടരുന്ന സാഹചര്യത്തിൽ രാജ്യവ്യാപക കര്‍ഫ്യൂ പ്രഖ്യാപിച്ചു. പുതിയസര്‍ക്കാര്‍ അധികാരമേറ്റെടുക്കുന്നത്‌ വരെ സമാധാനം ഉറപ്പാക്കാനുള്ള ചുമതലയുള്ള സൈന്യത്തിന്റേതാണ്‌ പ്രഖ്യാപനം. ജനങ്ങളോടു വീടുകളില്‍ത്തന്നെ തുടരാനാണ് സൈന്യത്തിന്റെ നിര്‍ദേശം. ഇപ്പോഴുള്ള നിരോധനാജ്ഞ ബുധൻ വൈകിട്ട് അഞ്ചോടെ അവസാനിച്ച ശേഷം കര്‍ഫ്യൂ നിലവില്‍വരും. വ്യാഴം രാവിലെ ആറുവരെയാണ് കര്‍ഫ്യൂ.

നേപ്പാളുമായി അതിര്‍ത്തിപങ്കിടുന്ന ശ്രവസ്തി, ബല്‍റാംപുര്‍, ബഹ്‌റൈച്ച്, പിലിഭിത്ത്, ലഖിംപുര്‍ഖേരി, സിദ്ധാര്‍ഥനഗര്‍, മഹാരാജ്ഗഞ്ജ് എന്നീ ജില്ലകളില്‍ 24 മണിക്കൂര്‍ കര്‍ശന പട്രോളിങ് നടത്താൻ ഉത്തര്‍പ്രദേശ് സംസ്ഥാന സർക്കാർ തീരുമാനിച്ചു.

സർക്കാർ വിരുദ്ധ കലാപം രൂക്ഷമായി തുടരുന്ന നേപ്പാളിൽ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർ നിരവധിയാണ്. ടൂറിസത്തിന് പേരുകേട്ട രാജ്യമായ നേപ്പാളിലേക്ക് ദിവസവും ആയിരക്കണക്കിനാളുകളാണ് എത്തുന്നത്. പ്രക്ഷോഭം ശക്തമായതോടെ വിനോദസഞ്ചാരത്തിനായി എത്തിയവരുടെ തിരികെ തിരികെയുള്ള യാത്ര പ്രതിസന്ധിയിലായി. റോഡുകൾ കലാപകാരികളുടെ നിയന്ത്രണത്തിലായതും വിമാനത്താവളങ്ങളിൽ ചിലത് അടച്ചിട്ടതുമാണ് വിനോസഞ്ചാരികൾ ഉൾപ്പെടെയുള്ളവരെ പ്രതിസന്ധിയിലാക്കിയത്.

പ്രതിഷേധങ്ങൾ പടർന്നുപിടിച്ചതോടെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിലെ വിമാന പ്രവർത്തനങ്ങൾ ചൊവ്വാഴ്ച അധികൃതർ നിർത്തിവച്ചു. കാഠ്മണ്ഡു വിമാനത്താവളത്തിലെ വിമാന സർവീസുകൾ എപ്പോൾ പുനരാരംഭിക്കുമെന്നതിനെക്കുറിച്ച് ഇതുവരെ ഒരു അപ്‌ഡേറ്റും ലഭിച്ചിട്ടില്ല. ഇതോടെ നൂറുകണക്കിന് യാത്രക്കാർ കുടുങ്ങി. ഇവരിൽ കൂടുതലും വിനോദസഞ്ചാരികളാണ്.