തിരുവനന്തപുരം: പകരം വെക്കാനില്ലാത്ത ചില സാന്നിദ്ധ്യങ്ങളുണ്ട് മലയാള സിനിമയില്‍. ആരൊക്കെ വരികയും പോവുകയും ചെയ്താലും തന്റെതായ സ്ഥാനം നിലനിര്‍ത്തുകയും തന്റെ അഭാവത്തില്‍ ആ വിടവ് കൃത്യമായി അനുഭവപ്പെടുത്തുകയും ചെയ്യുന്നവര്‍.മലയാള സിനിമയില്‍ നടന്‍ മധു അത്തരമൊരു സാന്നിദ്ധ്യമാണ്.മലയാള സിനിമലോകത്ത് പകരം വെക്കാനില്ലാത്ത സാന്നിദ്ധ്യമായ ഇതിഹാസ നടന്‍ മധുവിന്റെ 91 ാം പിറന്നാളാണ് ഇന്ന്. മലയാള സിനിമയുടെ കാരണവര്‍ക്ക് പിറന്നാളാശംസകളുമായി എത്തുകയാണ് സിനിമാ പ്രവര്‍ത്തകരും ഉറ്റവരും.

നസീറും സത്യനും കത്തി നിന്ന കാലത്താണ് വേറിട്ട അഭിനയശൈലിയുമായി മധുവിന്റെ സിനിമാലോകത്തേക്ക് എത്തുന്നത്.ജോണ്‍ എബ്രഹാമും അടൂരും പി എന്‍ മേനോനും അടക്കമുള്ള നവസിനിമാക്കാരുടെയും പരീക്ഷണ നായകനായി മധു.ചെമ്മീന്‍, ഭാര്‍ഗ്ഗിവീനിലയം, ഓളവും തീരവും, സ്വയംവരം, പടയോട്ടം ഇങ്ങനെ മലയാള സിനിമയില്‍ നാഴികക്കല്ലുകളായ നിരവധി ചിത്രങ്ങളില്‍ മധു പ്രൗഢ സാന്നിധ്യമായി.ചെമ്മീനിലെ പരീക്കുട്ടി ഇന്നത്തെ ന്യൂജന്‍കാലത്ത് പോലും കാമുക സങ്കല്‍പ്പത്തിന്റെ ഒരു ഉദാഹരമണായി മാറുന്നത് നടന വൈഭവത്തിനുള്ള അംഗീകാരം കൂടിയാണ്.

മധുവിന്റെ സിനിമാജീവിതം മലയാള സിനിമയുടെ ചരിത്രം കൂടിയാണ്.നാടകാഭിനയം തലയ്ക്ക് പിടിച്ച് കോളെജ് അധ്യാപക ജോലി ഉപേക്ഷിച്ചാണ് മാധവന്‍ നായര്‍ എന്ന മധുവിന്റെ കലാജീവിതത്തിന്റെ തുടക്കം.ഇക്കാര്യങ്ങള്‍ ഒക്കെ വിശദമായി പ്രതിപാദിച്ച് നടന് പിറന്നാള്‍ സമ്മാനമായി ഒരു വെബ്സൈറ്റും തയ്യാറായി.ആ കലാജീവിതത്തെക്കുറിച്ച് അറിയാനുള്ള കാര്യങ്ങളെല്ലാം ഉള്‍പ്പെട്ട വെബ് സൈറ്റ് മമ്മൂട്ടി അടക്കമുള്ള താരങ്ങള്‍ ചേര്‍ന്നാണ് സോഷ്യല്‍ മീഡിയയിലൂടെ അവതരിപ്പിച്ചത്.മകള്‍ ഉമയും മരുമകന്‍ കൃഷ്ണകുമാറുമാണ് വെബ്സൈറ്റ് എന്ന ആശയത്തിന് പിന്നില്‍.

മധുവിന്റെ ജീവചരിത്രവും മലയാള സിനിമയിലെ സംഭാവനകളും വിവരിക്കുന്ന ാമറവൗവേലമരീേൃ.രീാ എന്ന വെബ്‌സൈറ്റില്‍ നടന് ലഭിച്ച അവാര്‍ഡുകള്‍, നടത്തിയ അഭിമുഖങ്ങള്‍, അഭിനയിച്ച സിനിമയിലെ പോസ്റ്ററുകള്‍, ഹിറ്റ് ഗാനങ്ങള്‍ തുടങ്ങിയയെല്ലാം വെബ് സൈറ്റിലുണ്ട്. മമ്മൂട്ടി, മോഹന്‍ലാല്‍, കമല്‍ഹാസന്‍, ശ്രീകുമാരന്‍ തമ്പി, എം ടി വാസുദേവന്‍ നായര്‍, ഷീല, ശാരദ, സീമ എന്നിവര്‍ ഉള്‍പ്പടെയുള്ളവര്‍ മധുവിനെ കുറിച്ച് എഴുതിയ ലേഖനങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

അതേസമയം മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഈ പ്രായത്തിലും തന്റെ ആരോഗ്യത്തെക്കുറിച്ച് മധുതന്നെ വിശദമായി സംസാരിച്ചിരുന്നു.അന്ന് അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ് സത്യത്തില്‍ ആരോഗ്യത്തെക്കുറിച്ച് ഞാന്‍ ചിന്തിക്കാറില്ല.ആശങ്കകളുമില്ല.വെല്‍നസ് എന്നാല്‍ മനസിന്റെ സൗഖ്യം എന്ന് പറയാനാണ് എനിക്കിഷ്ടം.കാരണം ഉറക്കം, ആഹാരമൊക്കെ നൈമിഷികങ്ങളാണ്.മനസിന്റെ ആരോഗ്യമാണ് ഊര്‍ജ്ജവും ഉന്മേഷവും ഒക്കെ തരുന്നത്.

പിന്നെ ഞാന്‍ ടെന്‍ഷനടിക്കാറില്ല.അത് ജന്മനാലുള്ള സ്വഭാവമാണ്.അനാവശ്യമായി ഒന്നിനെക്കുറിച്ചും ഉത്കണ്ഠപ്പെടാറുമില്ല.എന്തു വന്നാലും അഭിമുഖീകരിക്കുക എന്നതാണ് എന്റെ രീതി.അല്ലാതെ ടെന്‍ഷനടിച്ചിട്ട് ഒരുകാര്യവുമില്ല.ഏത് പ്രവൃത്തിയാണോ ഇഷ്ടം അത് നിറഞ്ഞ മനസോടെയും ആനന്ദത്തോടെയും ചെയ്യുന്നതിലൂടെയാണ് ആത്യന്തികമായി സന്തോഷം ലഭിക്കുന്നത്.കോടികള്‍ പ്രതിഫലമായി കിട്ടിയാലും ഇഷ്ടമില്ലാത്ത ജോലികള്‍ ചെയ്യരുത്.കാശുകൊണ്ട് കിട്ടുന്നതല്ല യഥാര്‍ത്ഥ സന്തോഷമെന്നും മധു പറഞ്ഞുവെക്കുന്നു.

മധുവിനെക്കുറിച്ച് ഒരിക്കല്‍ സംവിധായകന്‍ ജോഷി പറഞ്ഞത് ഇങ്ങനെയാണ് ''മലയാള സിനിമയിലെ ഏറ്റവും മാന്യതയുളള വ്യക്തിയാണ് മധു.അദ്ദേഹം എന്നും സ്വന്തം നിലപാടുകളില്‍ ഉറച്ചു നിന്ന് പ്രവര്‍ത്തിച്ചു.ആരെയും പ്രീണിപ്പിക്കാറില്ല.തനിക്ക് പറയാനുളള കാര്യങ്ങള്‍ ആരുടെ മുഖത്തും നോക്കി സൗമ്യമായി പറയും.ആരോടും അവസരങ്ങള്‍ ചോദിക്കാറില്ല.ക്ഷണിക്കുന്ന സിനിമകളില്‍ വന്ന് അന്തസായി അഭിനയിച്ച് മടങ്ങി പോകും. ആര്‍ക്കും തലവേദന സൃഷ്ടിക്കാറില്ല. ആരെയും പിണക്കാറില്ല. വേദനിപ്പിക്കാറുമില്ല.''എന്ന്.

ഷഷ്ഠിപൂര്‍ത്തിയും സപ്തതിയും നവതിയുമൊക്കെ കൊണ്ടാടപ്പെടുന്നവരുടെ കൂട്ടത്തില്‍ മധുവില്ല.പക്ഷേ, ഒരു ജീവിതം സാര്‍ത്ഥകമായി ജീവിച്ചു കാണിക്കുകയാണ് മധു. തലമുറകളും തരംഗങ്ങളും മാറിമറിഞ്ഞപ്പോഴും അതിലൊന്നും നിരാശനാകാതെ തനിക്കു ലഭിക്കുന്ന വേഷങ്ങള്‍ അതിരുമെതിരുമില്ലാതെ ആടിത്തീര്‍ക്കുകയാണ് മധു.