- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡിജിറ്റല്‍ തെളിവുകള്‍ അടക്കം നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ശ്രമം; രഹസ്യവിവരങ്ങള്‍ പുറത്തുവന്നതില്‍ അതൃപ്തി; സിദ്ദിഖിന് ജാമ്യം നല്‍കാത്തതില്‍ സന്തോഷമെന്ന് പരാതിക്കാരിയായ നടി
എസ്ഐടി അന്വേഷണത്തില്‍ അതൃപ്തി, ഡിജിപിക്ക് പരാതി നല്‍കി
തിരുവനന്തപുരം: ലൈംഗികാതിക്രമക്കേസില്‍ നടന്‍ സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം ലഭിക്കാത്തതില്‍ സന്തോഷമെന്ന് പരാതിക്കാരിയായ നടി. കേസ് നിലവിലുള്ളതിനാല്‍ കൂടുതല്‍ സംസാരിക്കാനാകില്ല. രഹസ്യമായ വിവരങ്ങള്‍ പ്രത്യേക അന്വേഷണ സംഘത്തിലൂടെ പുറത്തുവന്നതില്‍ തനിക്ക് അതൃപ്തിയുണ്ടെന്നും പീഡനക്കേസില്‍ പരാതി നല്‍കിയ യുവതി പറഞ്ഞു.
ഡിജിറ്റല്‍ തെളിവുകള്‍ അടക്കം നശിപ്പിക്കാന്‍ സിദ്ദിഖിന്റെ ഭാഗത്ത് ശ്രമം നടക്കുന്നുണ്ട്. സാക്ഷികളെ സ്വാധീനിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. പരാതിയില്‍ നടപടി എടുത്ത സര്‍ക്കാരിനും അന്വേഷണ സംഘത്തിനും നന്ദിയുണ്ടെന്നും പരാതിക്കാരിയായ നടി മാധ്യമങ്ങളോട് പറഞ്ഞു.
മാധ്യമങ്ങളിലൂടെയും രഹസ്യമായ വിവരങ്ങള്‍ പുറത്തുവന്നു. എസ്ഐടി അന്വേഷണത്തില്‍ അതൃപ്തിയുണ്ട്. ഇതുസംബന്ധിച്ച് ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്. നിയമ നടപടികള്‍ നടക്കട്ടെയെന്നും പരാതിക്കാരിയായ നടി കൂട്ടിച്ചേര്‍ത്തു.
ഹൈക്കോടതിയാണ് ലൈംഗികാതിക്രമ കേസില്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സിദ്ദിഖ് കോടതിയെ സമീപിച്ചിരുന്നത്. കേസിലെ ഏക പ്രതിയാണ് സിദ്ദിഖ്. ഓണാവധിക്ക് മുമ്പായിരുന്നു ഹൈക്കോടതി സിദ്ദിഖിന്റെ വാദം കേട്ടത്. തുടര്‍ന്ന് ഇന്ന് വിധി പറയുകയായിരുന്നു. ജസ്റ്റിസ് വി എസ് ഡയസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് വിധി പറഞ്ഞത്.
അതേസമയം സിദ്ദിഖ് സുപ്രീംകോടതിയെ സമീപിച്ചേക്കുമെന്ന് വിവരമുണ്ട്. നിയമവൃത്തങ്ങളുമായി കൂടിയാലോചന നടത്തുകയാണെന്നാണ് വിവരം. വിധിന്യായത്തിന്റെ പകര്‍പ്പ് ലഭിക്കുന്ന മുറയ്ക്ക് നാളെ തന്നെ സുപ്രീംകോടതിയെ സമീപിക്കാനാണ് സിദ്ദിഖിന്റെ നീക്കം. സിദ്ദിഖിനായി എസ്ഐടി ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു.
പീഡനക്കേസില്‍ അതിജീവിതയെ നിശബ്ദയാക്കാനുള്ള നീക്കമാണ് സിദ്ദിഖില്‍ നിന്നുണ്ടായതെന്നും ചുമത്തപ്പെട്ട എല്ലാ കുറ്റകൃത്യങ്ങള്‍ക്കും പ്രഥമദൃഷ്ടാ തെളിവുണ്ടെന്നും ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു. ബില്‍ക്കിസ് ബാനു കേസിലെ ഉത്തരവ് ചൂണ്ടിക്കാണിച്ചാണ് ജാമ്യ ഹര്‍ജി ഉത്തരവ് കോടതി അവസാനിപ്പിച്ചിരിക്കുന്നത്.
സിദ്ദിഖിനെതിരേ യുവ നടി നല്‍കിയിരിക്കുന്ന പരാതി ഗൗരവമേറിയതാണ്. പരാതിക്കാരിയെ അവിശ്വസിക്കേണ്ട കാര്യമില്ല. കുറ്റം തെളിയിക്കുന്നതിനായി പ്രതിയെ കസ്റ്റഡിയില്‍ ചോദ്യംചെയ്യേണ്ടത് അനിവാര്യമാണ്. പീഡനക്കേസില്‍ അതിജീവിതയെ നിശബ്ദയാക്കാനുള്ള നീക്കമാണ് സിദ്ദിഖില്‍ നിന്നുണ്ടായത്. ചുമത്തപ്പെട്ട എല്ലാ കുറ്റകൃത്യങ്ങള്‍ക്കും പ്രഥമദൃഷ്ടാ തെളിവുണ്ട്. സിദ്ദിഖിന്റെ ലൈംഗിക ശേഷി പരിശോധിക്കണമെന്നും മുന്‍കൂര്‍ ജാമ്യം നിഷേധിച്ചുകൊണ്ടുള്ള ഉത്തരവില്‍ വ്യക്തമാക്കുന്നു.
പരാതിക്കാരിക്ക് വിശ്വാസ്യതയില്ലെന്നും മറ്റ് പലര്‍ക്കെതിരേയും ആരോപണം ഉന്നയിച്ചിട്ടുണ്ടെന്നും കോടതിയില്‍ പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ ലൈംഗിക അതിക്രമത്തിന് ഇരയായതിന്റെ പേരില്‍ പരാതിക്കാരിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യാനാകില്ലെന്നും പരാതിക്കാരിയുടെ അതിജീവനമാണ് പരിഗണിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി. കൂടാതെ നിരന്തരം ഭീഷണപ്പെടുത്തി പരാതിക്കാരിയെ നിശബ്ദയാക്കാനുള്ള നീക്കമാണ് സിദ്ദീഖിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും കോടതി കുറ്റപ്പെടുത്തി.
കോടതിയില്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജിയിലെ വാദപ്രതിവാദത്തിനിടെ പ്രതിയുടെ അഭിഭാഷകന്‍ പരാതിക്കാരിയെ കടന്നാക്രമിക്കുകയായിരുന്നു. ഇതിനെതിരേയും രൂക്ഷമായ വിമര്‍ശനമാണ് കോടതി ഉന്നയിച്ചത്. പരാതിക്കാരിയെ വ്യക്തിഹത്യചെയ്യാന്‍ പാടില്ലായിരുന്നുവെന്നും കോടതി വ്യക്തമാക്കി. സിദ്ദിഖിന്റെ വൈദ്യപരിശോധനയടക്കം പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും റിമാന്‍ഡില്‍ വിടണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.
പ്രോസിക്യൂഷന്റെ പ്രധാനപ്പെട്ട വാദം സിദ്ദിഖ് പരാതിക്കാരിക്കെതിരേ ഡി.ജി.പിക്ക് നല്‍കിയ പരാതിയെ അടിസ്ഥാനമാക്കിയായിരുന്നു. പരാതിക്കാരിയായ പെണ്‍കുട്ടിയെ ഹോട്ടലിലേക്ക് ക്ഷണിച്ചിരുന്നുവെന്ന് സിദ്ദീഖ് ഡി.ജി.പിക്ക് നല്‍കിയ പരാതിയില്‍നിന്ന് തന്നെ വ്യക്തമാണെന്നാണ് പ്രോസിക്യൂഷന്‍ വാദം. അതേസമയം, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ സര്‍ക്കാരിന്റെ അഞ്ച് വര്‍ഷത്തെ നിശബ്ദത ദുരൂഹമാണെന്നും കോടതി ഉത്തരവില്‍ വിമര്‍ശിച്ചു.
ജസ്റ്റിസ് സി.എസ്. ഡയസിന്റെ ബെഞ്ചാണ് മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിച്ചത്. മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ. ബി. രാമന്‍പിള്ള സിദ്ദിഖിനുവേണ്ടി ഹാജരായി. സര്‍ക്കാരിനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ പി. നാരായണനും പരാതിക്കാരിക്കുവേണ്ടി അഡ്വ. ഹരീഷ് വാസുദേവനുമാണ് ഹാജരായത്.എസ്ഐടി അന്വേഷണത്തില്‍ അതൃപ്തി, ഡിജിപിക്ക് പരാതി നല്‍കി