തിരുവനന്തപുരം: ഏതാനും ദിവസങ്ങളായി മലയാള സിനിമാലോകത്തെ തന്നെ ചർച്ചാവിഷയമാണ് മോഹൻലാലിന് എതിരെയുള്ള ശ്രീനിവാസന്റെ പരാമർശം.ആദ്യ സമയത്ത് വിഷയത്തിൽ പ്രതികരിക്കാൻ അധികമാരും തയ്യാറായില്ലെങ്കിലും പിന്നാലെ എല്ലാവരും മൗനം ഉപേക്ഷിച്ച് വിഷയത്തിൽ തങ്ങളുടെ പ്രതികരണം അറിയിച്ച് രംഗത്ത് വരികയാണ്.പ്രിയദർശന് പിന്നാലെ ഇപ്പോഴിത സിദ്ദീഖും ശ്രീനിവാസന്റെ പരാമർശത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ്.ശ്രീനിയേട്ടൻ അങ്ങിനെയൊന്നും സംസാരിക്കേണ്ടായിരുന്നുവെന്നാണ് സിദ്ദീഖിന്റെ നിലപാട്.

എനിക്ക് അതിനെക്കുറിച്ചൊന്നും ഒന്നും പറയാൻ തോന്നുന്നില്ല. ശരിക്കും അത് വേണ്ടിയിരുന്നില്ല എന്നാണ് തോന്നിയത്. എന്തിനാണ് ശ്രീനിയേട്ടൻ ഇങ്ങനെയൊക്കെ പറയാൻ പോകുന്നത്. നമ്മളെല്ലാം ഇഷ്ടപ്പെടുന്നയാളാണ് ശ്രീനിയേട്ടൻ അദ്ദേഹത്തിന്റെ വായയിൽ നിന്നും ആർക്കും വേദനയുണ്ടാക്കുന്ന കാര്യം വരുന്നത് ഒട്ടും ഇഷ്ടമുള്ള കാര്യമല്ല.

എന്തുകൊണ്ടോ അങ്ങനെ സംഭവിച്ച പോയതാകും. മോഹൻലാലും അത് വിഷയമാക്കിയില്ല. അത് അങ്ങനെ തേഞ്ഞു മാഞ്ഞ് പോട്ടെ എന്നാണ് എല്ലാവരും കരുതുന്നത്. ഇപ്പോൾ പറഞ്ഞ ഒരു വാക്കല്ലെ നിങ്ങൾ ചർച്ച ചെയ്യുന്നത്. ഇവർ ഉണ്ടാക്കിയ എത്രയോ നല്ല സിനിമകൾ ഉണ്ട്. പറഞ്ഞ കാര്യങ്ങളുണ്ട്. അതെല്ലാം ചർച്ച ചെയ്യാനുണ്ടല്ലോ.പ്രിയൻസാർ അദ്ദേഹത്തിന്റെ സിനിമയിൽ ഞാൻ സിനിമയിലെത്തി 30 കൊല്ലത്തിന് ശേഷമാണ് ഒരു വേഷം തരുന്നത്.അത് എന്തുകൊണ്ടാണ് എന്ന് ചോദിച്ചപ്പോൾ എല്ലാത്തിനും അതിന്റെതായ സമയമുണ്ട് ദാസ എന്നാണ് പറഞ്ഞത്. അവിടെയും ശ്രീനിയേട്ടന്റെ ഡയലോഗ് അല്ലെ. - ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സിദ്ദിഖ് പറഞ്ഞു.

ദിവസങ്ങൾക്ക് മുൻപ് സംവിധായകൻ പ്രിയദർശനും വിഷയത്തിൽ പ്രതികരിച്ച് എത്തിയിരുന്നു.രണ്ട് പേരും എന്റെ പ്രിയ സുഹൃത്തുക്കൾ ആണ്. എന്റെ പുതിയ ചിത്രം കൊറോണ പേപ്പേഴ്സിൽ ഒരു സംഭാഷണമുണ്ട്. മറക്കുക എന്നത് മാനുഷികമാണ്, പൊറുക്കുക എന്നത് ദൈവികവും എന്ന്. മനുഷ്യർ അത് ചെയ്യണമെന്നാണ് എന്റെ പക്ഷം. എന്താണ് ഇതിന് കാരണമെന്ന് എനിക്കറിയില്ല. അദ്ദേഹത്തിന്റെ അനാരോഗ്യം കാരണം എന്തെങ്കിലും പറഞ്ഞു പോകുന്നതായിരിക്കാം. എനിക്ക് അറിയില്ല.എന്നാണ് പ്രയദർശൻ പ്രതികരിച്ചത്.

ഈ പ്രശ്നത്തിനു പിന്നിലുള്ള യഥാർഥ കാരണം അറിയാതെ ഞാൻ അതിൽ ഒരു അഭിപ്രായം പറയുന്നത് ശരിയല്ല. സത്യൻ അന്തിക്കാടിനും ഇതിനെക്കുറിച്ച് ആശയക്കുഴപ്പമുണ്ട്. ഞങ്ങൾ ഇതേക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. ശ്രീനി എന്താണ് ഇങ്ങനെ പറയുന്നതെന്ന് ഞങ്ങൾക്ക് അറിയില്ല. ഏറെ വിചിത്രമായി തോന്നുന്നു. ഇതിൽ മോഹൻലാൽ ഒരിക്കലും പ്രതികരിച്ചിട്ടില്ല. അതാണ് ഇതിലെ നല്ല വശം. എന്താണ് പറയുക എന്നായിരിക്കും അദ്ദേഹം ചിന്തിച്ചിരിക്കുക. ശ്രീനിവാസന് അങ്ങനെ തോന്നിയിരിക്കാം. അതുകൊണ്ടാവാം പറഞ്ഞത് എന്നായിരിക്കും അദ്ദേഹം കരുതിയിട്ടുണ്ടാവുക. മോഹൻലാലിന് ശ്രീനിവാസനെ അറിയാം', പ്രിയദർശൻ വിശദീകരിച്ചു.

സമീപകാലത്ത് ഇന്ത്യൻ എക്സ്‌പ്രസ്സിന് നൽകിയ ഒരു അഭിമുഖത്തിലാണ് മോഹൻലാലിനെക്കുറിച്ച് ശ്രീനിവാസൻ രൂക്ഷമായ പ്രസ്താവനകൾ നടത്തിയത്.പ്രേംനസീർ ആദ്യമായി സംവിധാനം ചെയ്യാൻ ഉദ്ദേശിച്ച ചിത്രത്തിൽ മോഹൻലാലിനെയാണ് നായകനായി ആലോചിച്ചിരുന്നതെന്നും എന്നാൽ അദ്ദേഹത്തിന് അതിൽ താൽപര്യമില്ലായിരുന്നെന്നുമൊക്കെ ശ്രീനിവാസൻ പറഞ്ഞു.സമീപകാലത്ത് ഒരു വേദിയിൽ വച്ച് കണ്ടപ്പോൾ മോഹൻലാൽ തന്നെ ചുംബിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോൾ മോഹൻലാൽ കംപ്ലീറ്റ് ആക്റ്റർ ആണെന്ന് മനസിലായെന്നും ശ്രീനിവാസൻ പ്രതികരിച്ചിരുന്നു.

സിനിമയ്ക്കുള്ളിൽ മോഹൻലാൽ ശ്രീനിവാസൻ ബന്ധം ഊഷ്മളമാണെങ്കിലും സിനിമയ്ക്ക് പുറത്ത് അങ്ങിനെയാണോ എന്നത് എപ്പോഴും സംശയം തോന്നിക്കുന്ന ഒരു കാര്യമാണ്. മോഹൻലാലിനെക്കുറിച്ച് പൊതുവേദിയിലെ ശ്രീനിവാസന്റെ തുറന്ന് പറച്ചിൽ തന്നെയാണ് അതിന് പ്രധാനകാരണം.ഈ കാര്യം ഒന്നുകൂടി അരക്കിട്ടുറപ്പിക്കുന്നതായിരുന്നു ഏറ്റവും പുതിയ ഇന്റർവ്യു.സ്വന്തം സിനിമകളിൽ ഉപയോഗിക്കുന്നതുപോലെ തന്നെ അഭിമുഖങ്ങളിലും ആക്ഷേപഹാസ്യം മൂർച്ഛയോടെ ഉപയോഗിക്കുന്ന ആളാണ് ശ്രീനിവാസൻ. സഹപ്രവർത്തകരെക്കുറിച്ച് അദ്ദേഹം പലപ്പോഴായി തമാശകൾ പറഞ്ഞിട്ടുണ്ട്.എന്നാൽ മോഹൻലാലിനെക്കുറിച്ച് പറയുന്നതൊക്കെയും രൂക്ഷമായ വിമർശങ്ങളാണ്.

തുറന്ന് പറച്ചലിനൊപ്പം തന്നെ സരോജ് കുമാർ എന്ന ചിത്രത്തിൽ മോഹൻലാലിനെയാണ് ശ്രീനിവാസൻ ആക്ഷേപിച്ചത് എന്ന തരത്തിൽ ചർച്ചകളും വിവാദങ്ങളും ഉണ്ടായിരുന്നു. ശ്രീനിവാസൻ സജീവസിനിമയിൽ നിന്ന് മാറിത്തുടങ്ങിയതോടെ ഈ വിവാദങ്ങൾ ഒരു പരിധിവരെ കെട്ടടങ്ങിയെങ്കിലും സമീപകാലത്തെ ശ്രീനിവാസന്റെ തുറന്ന് പറച്ചിൽ വീണ്ടും വിവാദത്തിലേക്ക് വഴിവെക്കുകയാണ്.