തിരുവനന്തപുരം: ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്ബർഗിൽ നിന്ന് പരിശീലനം പൂർത്തിയാക്കിയ പ്രൈവറ്റ് പൈലറ്റ് ലൈസൻസുള്ള രാജ്യത്തെ ആദ്യ ട്രാൻസ്മാൻ ആണ് ആദം ഹാരി. സെപ്റ്റംബറിൽ ഡിജിസിഎ (ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ) ട്രാൻസ് മനുഷ്യരെക്കൂടി പരിഗണിക്കുന്ന പുതിയ മെഡിക്കൽ ഗൈഡ്ലൈൻ കൊണ്ടുവന്നു. ആദത്തിന് ഇനി വേണ്ടതുകൊമേഴ്ഷ്യൽ പൈലറ്റ് ലൈസൻസാണ്.

കേരള സർക്കാർ സ്‌കോളർഷിപ്പ് നൽകുകയും തിരുവനന്തപുരത്തെ രാജീവ് ഗാന്ധി ഏവിയേഷൻ അക്കാദമിയിൽ പഠനം ആരംഭിച്ചെങ്കിലും പൂർത്തിയാക്കാനായില്ല.
പൈലറ്റ് പരിശീലനത്തിനായി അനുവദിച്ച സ്‌കോളർഷിപ്പ് തുക ഇനിയും ലഭിച്ചിട്ടില്ല. ഇക്കാര്യം കാട്ടി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി ആർ ബിന്ദുവിനും എ എ റഹീം എം പിക്കും ഈ 23 കാരൻ തുറന്ന കത്തയച്ചു.

സ്‌കോളർഷിപ്പിന്റെ പേരിൽ താൻ ഇതിനോടകം പല ആളുകളുമായി ബന്ധപെട്ടുവെന്നും സെക്രട്ടറിയേറ്റിൽ കയറി ഇറങ്ങാത്ത വകുപ്പുകൾ ഇല്ലെന്നും ആദം ഹാരി ഫേസ്‌ബുക്കിൽ പങ്കുവെച്ച കത്തിൽ പറയുന്നു. ഈ ആവശ്യത്തിനായി ചില വകുപ്പുകളിൽ എത്തുമ്പോൾ ഉദ്യോഗസ്ഥരുടെ പെരുമാറ്റം വളരെ മോശമാണെന്നും ആദം ഹാരി പറയുന്നു.

'എനിക്ക് ഒന്ന് മാത്രമാണ് അറിയേണ്ടത്. എനിക്ക് ആ സ്‌കോളർഷിപ്പ് തുക അനുവദിക്കുമോ ഇല്ലയോ. ഇല്ലെങ്കിൽ പറയണം ഞാൻ നിർത്തിയേക്കാം. നിർത്തുന്നതിനേക്കാൾ സങ്കടം ഇത്രയും സമയം ഞാൻ നഷ്ടപ്പെടുത്തിയല്ലോ എന്നാലോചിക്കുമ്പോളാണ്. ഇനിയും വയ്യ തരില്ലെങ്കിൽ അറിയിക്കണം. നടക്കാത്ത സ്വപ്നങ്ങൾ കണ്ട് ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ വയ്യ. അപേക്ഷയാണ്,' ആദം ഹാരി കുറിച്ചു.

മൂന്നുവർഷം നീളുന്ന പരിശീലനത്തിനായി തിരുവനന്തപുരത്തെ രാജീവ് ഗാന്ധി അക്കാദമി ഫോർ ഏവിയേഷൻ ടെക്‌നോളജിയിൽ ചേരുന്നതിന് 23.34 ലക്ഷം രൂപയുടെ സക്ളോർഷിപ്പാണ് സാമൂഹ്യനീതി വകുപ്പ് ഹാരിക്ക് അനുവദിച്ചത്. എന്നാൽ ഇന്ത്യയിൽ ട്രാൻസ്ജൻഡർ വ്യക്തികൾക്ക് പൈലറ്റ് ട്രയിനിങ് ചെയ്യാനുള്ള ഗൈഡ് ലൈൻ ഇല്ലാത്തതാണ് തിരിച്ചടിയായത്. ഹോർമോൺ തെറാപ്പി ചെയ്യുന്നതിനാൽ, പറക്കാൻ ആദം ഹാരി യോഗ്യനല്ലെന്ന ഡിജിസിഎയുടെ നിലപാടിനെ തുടർന്ന് സ്‌കോളർഷിപ്പിലെ ആദ്യഗഡുവായി അടച്ച തുക രാജീവ് ഗാന്ധി അക്കാദമി സർക്കാരിന് തിരികെ നൽകുകയായിരുന്നു. പുതിയ ഗൈഡ് ലൈൻ കൊണ്ടുവന്നെങ്കിൽ പോലും അതിലും പരിമിതികൾ ഉണ്ടെന്നും ആദം പറയുന്നു. ഇതേതുടർന്ന് സൗത്ത് ആഫ്രിക്കയിൽ പഠനം തുടരുന്നതിനായാണ് സ്‌കോളർഷിപ്പ് മാറ്റാൻ അപേക്ഷ നൽകിയതെന്നും ആദം പറയുന്നു.

ആദം ഹാരിയുടെ കുറിപ്പ്:

ബഹുമാനപ്പെട്ട മുഖ്യമന്ത്രി Pinarayi Vijayan, സാമൂഹ്യനീതി വകുപ്പ് മന്ത്രി Dr. R. Bindu, ബഹുമാനപ്പെട്ട MP A A Rahim സർ.

2019 ഇൽ എല്ലാ മാധ്യമങ്ങളുടെയും മുൻപിൽ വെച്ച് ആഘോഷമായി തന്നെ K K Shailaja Teacher അന്നൗൻസ് ചെയ്ത എന്റെ scholarship ന്റെ പേരിൽ ഞാൻ ദിവസേന പല ആളുകളുമായി ബന്ധപെടുകയും പോയി കാണുകയും ചെയ്യുന്നുണ്ട്. സെക്രട്ടറിയേറ്റിൽ കയറി ഉറങ്ങാത്ത വകുപ്പുകൾ ഇല്ല. ആദ്യം release ചെയ്ത scholarship എല്ലാവർക്കും അറിയുന്നതുപോലെ DGCA guideline ലേ പ്രശ്‌നങ്ങൾ കാരണം ഇന്ത്യയിൽ തുടരാൻ സാധിക്കില്ലായിരുന്നു... പുതിയ ഗൈഡ്‌ലൈൻ കൊണ്ടുവന്നെങ്കിൽ പോലും അതിലും എനിക്ക് Gender affirmative procedures തുടരുന്നതിനു പരിമിതികൾ ഉണ്ട്.

അതുകൊണ്ടുതന്നെ ഒരു വർഷം മുൻപേ ഞാൻ സൗത്ത് ആഫ്രിക്കയിലേക്ക് തുടർ പഠനത്തിനായി, അനുവദിച്ച സ്‌കോളർഷിപ്പ് മാറ്റുന്നതിനായി അപേക്ഷിച്ച നൽകി. ഇത്രനാളായി കാണാത്ത ആളുകളും മന്ത്രിമാരും ഇല്ല. എന്റെ വയസും സമയവും കടന്നു പോകുകയാണ്. എന്റെ File പോകുന്ന ചില department ലേ ആളുകളുടെ പെരുമാറ്റവും വളരെ Rude ആയാണ്. മാധ്യമങ്ങൾക്കും സർക്കാരിനും ആഘോഷിക്കാൻ മാത്രം പേരിനൊരു ആദ്യത്തെ Transgender എന്ന് പറഞ്ഞുകൊണ്ട് Label തരുമ്പോൾ ആ ആഘോഷങ്ങളുടെ കാലയളവു വളരെ ചെറുതാണെന്ന് ഞാൻ മനസ്സിലാക്കുന്നു.. അത് കഴിഞ്ഞാൽ ആർക്കും വേണ്ടാത്തവരായി മാറും.

എനിക്ക് ഒന്ന് മാത്രമാണ് അറിയേണ്ടത്... എനിക്ക് ആ scholarship തുക അനുവദിക്കുമോ ഇല്ലയോ... ഇല്ലെങ്കിൽ പറയണം ഞാൻ നിർത്തിയേക്കാം... നിർത്തുന്നതിനേക്കാൾ സങ്കടം ഇത്രയും സമയം ഞാൻ നഷ്ടപ്പെടുത്തിയല്ലോ എന്നാലോചിക്കുമ്പോളാണ്.... ഇനിയും വയ്യ തരില്ലെങ്കിൽ അറിയിക്കണം... നടക്കാത്ത സ്വപ്നങ്ങൾ കണ്ട് ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ വയ്യ.... അപേക്ഷയാണ്.

Transgender വ്യക്തികൾക്കും,ദളിത്, Disabled വ്യക്തികൾക്കും കിട്ടേണ്ട അവകാശങ്ങൾ ഇത്തരത്തിൽ വൈകിപ്പിക്കുകയും വെറും വാഗ്ദാനങ്ങളായി മാറുകയും ചെയ്യുന്നത് വർഷങ്ങളായി തുടരുന്ന ഒരു കാര്യമാണ്...

NB: Facebookil എഴുതാൻ പോലും പേടിയാണ്...എന്തിനാണ് പബ്ലിക്കായി പോസ്റ്റിടുന്നത് പരാതി കൊടുത്തൂടെ എന്ന് ചോദിക്കാം. പരാതി ഒരുപാട് കൊടുത്തതാണ്... ഒരുപാടു പേരെ കണ്ടതാണ്... ഇനി എഴുതാതെ വയ്യെന്ന് തോന്നി... മറുപടി നൽകണം