- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
18 നു വിഴിഞ്ഞം തുറമുഖ നിർമ്മാണ മേഖലയിൽ അവസാനിക്കുന്ന ബഹുജന മാർച്ച് വലിയൊരു സംഭവമാക്കും; പ്രതിഷേധത്തെ പിന്തുണയ്ക്കാൻ കർദിനാൾ ആലഞ്ചേരിയും; തീരദേശത്തെ ആശ്രയിച്ചു കഴിയുന്നവരുടെ സാമ്പത്തിക സ്ഥിതിയും മാറുന്ന കാലാവസ്ഥയും പരിഗണിക്കുമ്പോൾ പരിസ്ഥിതിക്കാണ് ഊന്നൽ നൽകേണ്ടതെന്ന വാദം ചർച്ചയാക്കും; അദാനിക്കെതിരായ സമരം സഭ ഏറ്റെടുക്കുമ്പോൾ
തിരുവനന്തപുരം: വിഴിഞ്ഞത്ത് ബഹുജന സമരത്തിന് ആഹ്വാനം ചെയ്ത് ലത്തീൻ അതിരൂപത. ഇതുമായി ബന്ധപ്പെട്ട് അതിരൂപതയുടെ കീഴിലുള്ള പള്ളികളിൽ സർക്കുലർ വായിച്ചു. തുടർച്ചയായ മൂന്നാം ഞായറാഴ്ചയാണ് പള്ളികളിൽ സർക്കുലർ വായിക്കുന്നത്. വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരം ഒരു മാസം പിന്നിട്ടിട്ടും അനുകൂല നടപടി ഉണ്ടാകാത്തതിൽ പ്രതിഷേധിച്ചാണ് അതിരൂപതയുടെ പുതിയ നീക്കം.
വിഴിഞ്ഞം പദ്ധതിമൂലമുണ്ടാകുന്ന പരിസ്ഥിതിനാശത്തിന് പരിഹാരം ഉറപ്പുവരുത്തുകയും കിടപ്പാടം നഷ്ടപ്പെടുന്നവരുടെ അവകാശങ്ങൾ വകവെച്ചുകൊടുക്കുകയും ചെയ്താൽ മാത്രമേ 7525 കോടി മുതൽമുടക്കി വിഴിഞ്ഞത്ത് സ്ഥാപിക്കുന്ന തുറമുഖത്തെയും ടെർമിനലിനെയും ന്യായീകരിക്കാൻ കഴിയൂ എന്ന നിലപാടിലാണ് അതിരൂപത. തീരദേശത്തെ ആശ്രയിച്ചു കഴിയുന്നവരുടെ സാമ്പത്തികസ്ഥിതിയും മാറുന്ന കാലാവസ്ഥയും പരിഗണിക്കുമ്പോൾ പരിസ്ഥിതിക്കാണ് ഊന്നൽ നൽകേണ്ടതെന്ന വാദം അതിരൂപത ചർച്ചയാക്കും. അദാനിയുടെ തുറമുഖത്തിന് അനുകൂലമായ വാദങ്ങൾ പ്രതിഷേധക്കാർ അംഗീകരിക്കില്ല.
തീരദേശത്ത് കടൽ മണ്ണെടുത്തതുമൂലം 350-ഓളം കുടുംബങ്ങൾക്കാണ് പോയവർഷം കിടപ്പാടം നഷ്ടപ്പെട്ടത്. വിഴിഞ്ഞം പദ്ധതി നമ്മുടെ പരിസ്ഥിതിക്ക് അപരിഹാര്യമായ കോട്ടങ്ങളുണ്ടാക്കും. ലോലമായ പരിസ്ഥിതിയുള്ള പ്രദേശത്ത് വേണ്ടത്ര സുരക്ഷാക്രമീകരണങ്ങളില്ലാതെ നിർമ്മിക്കുന്ന തുറമുഖങ്ങൾ തീരദേശത്തെ ജനങ്ങളുടെ ജീവിതോപാധികളെ മാത്രമല്ല കടലിലെ ജീവികളെയും പ്രതികൂലമായി ബാധിക്കും. കപ്പൽച്ചാലുകൾ ആഴത്തിലാക്കുന്നതുവഴി മണ്ണ് അടിഞ്ഞുകൂടലും തീരദേശത്തെ മണ്ണെടുക്കലുമൊക്കെ വർധിക്കുമെന്നതിന് വിശാഖപട്ടണം, ചെന്നൈ തുറമുഖങ്ങൾ ഉദാഹരണങ്ങളാണ്. വിഴിഞ്ഞത്ത് ഇത് കൂടുതലാകാനാണ് സാധ്യതയെന്ന വിദഗ്ധ അഭിപ്രായങ്ങളും അതിരൂപത ഉയർത്തും. ഇതിനൊപ്പം സമരത്തിന്റെ നേതൃത്വം കേരളത്തിലെ എല്ലാ ക്രൈസ്തവ സഭകളുടേയും കൂട്ടായ്മ ഏറ്റെടുക്കും. ലത്തീൻ അതിരൂപതയെ ചിലർ കടന്നാക്രമിക്കുന്ന സാഹചര്യത്തിലാണ് ഇത്.
ഈ സാഹചര്യത്തിൽ വിഴിഞ്ഞം സമരത്തിൽ നിലപാട് കടുപ്പിക്കുകയാണ് ലത്തീൻ അതിരൂപത. വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരം ഒരു മാസത്തിലേക്ക് കടക്കുകയാണ്. ഈ സാഹചര്യത്തിലാണ് സമരം കൂടുതൽ ശക്തമാക്കാനുള്ള തീരുമാനം ലത്തീൻ അതിരൂപത എടുത്തിരിക്കുന്നത്. സമരം കടുപ്പിച്ച് മുമ്പോട്ട് കൊണ്ടു പോകാനാണ് ലത്തീൻ അതിരൂപതയുടെ തീരുമാനം. സംസ്ഥാന വ്യാപകമായി സമരം നടത്താനുള്ള തീരുമാനം നേരത്തെ എടുത്തിരുന്നു. ഇതിന്റെ ഭാഗമായി മൂലമ്പള്ളിയിൽ നിന്ന് ബുധനാഴ്ച വാഹനജാഥ നടക്കുന്നുണ്ട്. ഞായറാഴ്ച ജാഥ തിരുവനന്തപുരത്തെത്തും. ഇതിൽ എല്ലാ ഇടവകകളിൽ നിന്നുമുള്ള ആളുകളും പങ്കെടുക്കണമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.
ഇന്നത്തെ കുർബാനയ്ക്കിടയിലാണ് ആർച്ച് ബിഷപ്പിന്റെ സർക്കുലർ പള്ളികളിൽ വായിച്ചത്. ബഹുജന സമരത്തിന് വിവിധ സംഘടനകളുടെയും ജനങ്ങളുടെയും പങ്കാളിത്തം ഉറപ്പ് വരുത്തണം. ഈ മാസം പതിനാലിന് മൂലമ്പള്ളിയിൽ നിന്നും ആരംഭിക്കുന്ന ബഹുജന മാർച്ചിൽ പങ്കെടുക്കണമെന്ന് രൂപതകളോട് കെസിബിസി അധ്യക്ഷനും സീ റോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പുമായ കർദിനാൾ മാർ ആലഞ്ചേരി ആഹ്വാനം ചെയ്തിരുന്നു. 18ന് മാർച്ച് വിഴിഞ്ഞത്തെത്തും. ഇതോടെ സമരം അടുത്ത ഘട്ടത്തിലേക്ക് എത്തും. തുറമുഖ നിർമ്മാണം അനുവദിക്കില്ലെന്ന നിലപാടിലാണ് സഭകൾ.
ഇതിനിടെ തിരുവനന്തപുരം ലത്തീൻ അതിരൂപത വികാരി ജനറൽ മോൺസിഞ്ഞിയോർ യൂജിൻ പെരേര ഇന്നലെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി കൂടിക്കാഴ്ച നടത്തി. സർക്കാർ നിലപാടിന് വ്യക്തതയില്ലെന്ന് യൂജിൻ പെരേര പ്രതികരിച്ചു. ഇതുമായി ബന്ധപ്പെട്ട് അതിരൂപതയുടെ കീഴിലുള്ള പള്ളികളിൽ കുർബാനയ്ക്കിടയിൽ ആർച്ച് ബിഷപ്പിന്റെ സർക്കുലർ വായിച്ചു. സമരത്തിന് വിവിധ സംഘടനകളേയും ജനങ്ങളേയും പങ്കാളികളാക്കണം. നിരവധി തവണ ചർച്ച നടത്തിയിട്ടും അധികാരികളുടെ ഭാഗത്തുനിന്ന് ഉറപ്പുകളൊന്നും ലഭിക്കുന്നില്ലെന്ന് സർക്കുലർ പറയുന്നു. വിഴിഞ്ഞം രാജ്യാന്തര തുറമുഖ കവാടത്തിൽ ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ നടത്തിവരുന്ന അനിശ്ചിതകാല രാപകൽ സമരം കൂടുതൽ ശക്തമാക്കും.
കെ.ആർ.എൽ.സി.സിയുടെ നേതൃത്വത്തിൽ ഈ മാസം 14 മുതൽ തീരദേശത്തെ വിവിധ രൂപതകളുടെ പങ്കാളിത്തത്തോടെ ജനബോധന യാത്ര എന്ന പേരിൽ മൂലം പള്ളിയിൽനിന്ന് ആരംഭിക്കുന്ന ബഹുജന മാർച്ചോടെ സമരത്തിന്റെ ഗതിമാറ്റും. 18 നു വിഴിഞ്ഞം തുറമുഖ നിർമ്മാണ മേഖലയിൽ അവസാനിക്കുന്ന ബഹുജന മാർച്ച് വലിയൊരു സംഭവമാക്കാനുള്ള തീരുമാനത്തിലാണ് സമരസമിതി.
മറുനാടന് മലയാളി ബ്യൂറോ