വാഷിങ്ടണ്‍: ഗൗതം അദാനിക്കെതിരെ അഴിമതി കുറ്റം ചുമത്തി ന്യൂയോര്‍ക്ക് കോടതി. ഊര്‍ജ പദ്ധതിയുമായി ബന്ധപ്പെട്ട് കരാറുകള്‍ ലഭിക്കാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കോടിക്കണക്കിന് രൂപ കൈക്കൂലി നല്‍കിയതിനാണ് കേസ്. അദാനി യുഎസില്‍ വലിയ മുതല്‍ മുടക്കിന് തയ്യാറെടുക്കുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്. 1000 കോടി ഡോളറാണ് മുതല്‍ മുടക്കുന്നത്. യുഎസിലെ എനര്‍ജി രംഗത്തെ മുന്നേറ്റം ലക്ഷ്യമിട്ട് വലിയ നിക്ഷേപത്തിനൊരുങ്ങുകയാണ് അദാനി ഗ്രൂപ്പ്. ട്രംപ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത് അദാനി ഗ്രൂപ്പിന് നേട്ടമാകും എന്നാണ് വിലയിരുത്തല്‍. ഇതിനിടെയാണ് കേസെടുക്കുന്നത്.

അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരായ സാഗര്‍ അദാനിക്കും വിനീത് ജെയ്നുമെതിരെയും കേസെടുത്തിട്ടുണ്ട്. രണ്ട് ബില്യണ്‍ ഡോളറിലധികം മൂല്യമുള്ള സൗരോര്‍ജ വിതരണ കരാറുകള്‍ നേടുന്നതിന് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് 250 മില്യണ്‍ ഡോളറിലധികം കൈക്കൂലി നല്‍കിയെന്നതാണ് കുറ്റം. കൂടാതെ തങ്ങളുടെ കമ്പനി അഴിമതി രഹിത നയമാണ് സ്വീകരിക്കുന്നത് എന്ന് യു.എസ്. ഭരണകൂടത്തെയും നിക്ഷേപകരെയും അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ് തെറ്റിദ്ധരിപ്പിച്ചു എന്ന ചൂണ്ടിക്കാട്ടിയും കോടതി കേസെടുത്തു. അഴിമതി, വഞ്ചന,ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. ട്രംപ് അധികാരത്തില്‍ എത്തും മുമ്പേ അദാനിക്കെതിരെ കേസെടുത്തുവെന്നതാണ് നിര്‍ണ്ണായകം.

നേരത്തെ, അദാനി ഗ്രൂപ്പ് കമ്പനികള്‍ക്കുനേരെ ഗുരുതര ആരോപണങ്ങളുമായി അമേരിക്കന്‍ നിക്ഷേപക ഗവേഷണ ഏജന്‍സിയായ ഹിന്‍ഡെന്‍ബര്‍ഗ് രംഗത്തെത്തിയിരുന്നു. വലിയ രീതിയില്‍ കൃത്രിമത്വം നടത്തുന്നുവെന്നായിരുന്നു റിപ്പോര്‍ട്ട്. ഗ്രൂപ്പിലെ ലിസ്റ്റുചെയ്ത ഏഴു കമ്പനികളുടെ മൂല്യം ഊതിപ്പെരുപ്പിച്ചതാണെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. മൗറീഷ്യസ്, യു.എ.ഇ., കരീബിയന്‍ മേഖലയിലെ രാജ്യങ്ങള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് അദാനി കുടുംബത്തിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരുകൂട്ടം ഷെല്‍ കമ്പനികള്‍ വഴിയാണ് വിപണിയില്‍ കൃത്രിമത്വം നടന്നതെന്നായിരുന്നു ആരോപണം.ഇതിനുപിന്നാലെ അദാനി ഗ്രൂപ്പിലെ ലിസ്റ്റ്‌ചെയ്ത എല്ലാ കമ്പനികളുടെയും ഓഹരിവിലയിലും വലിയ ഇടിവുണ്ടായിരുന്നു.

2023 ജനുവരിയില്‍ ഹിന്‍ഡന്‍ബര്‍ഗ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ അദാനി ഗ്രൂപ്പിന് എതിരെ 24 ആരോപണങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഇതില്‍ 22 ലെ അന്വേഷണം സെബി പൂര്‍ത്തിയാക്കിയതായി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത നേരത്തെ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. അങ്ങനെ ആ വിവാദം ഏറെ കുറേ കഴിഞ്ഞുവെന്ന് സ്ഥിതിയിലെത്തി. അതിനിടെയാണ് അമേരിക്കയിലെ കേസ്. ട്രംപുമായി അദാനിക്ക് അടുത്ത സൗഹൃദമുണ്ട്. ഇത് മനസ്സിലാക്കിയാണ് ട്രംപ് അധികാരത്തില്‍ എത്തും മുമ്പ് അദാനിക്കെതിരെ കേസെടുക്കുന്നുവെന്നതാണ് നിര്‍ണ്ണായകം.

ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ് ഗ്രൂപ്പുകളിലൊന്നായ അദാനി ഗ്രൂപ്പിന് ഊര്‍ജം, തുറമുഖം, വിമാനത്താവളം, ഹൈവേ നിര്‍മ്മാണം തുടങ്ങി നിരവധി മേഖലകളില്‍ ബിസിനസ് പ്രവര്‍ത്തനങ്ങളുണ്ട്. ഇന്ത്യക്ക് പുറമേ വിദേശ രാജ്യങ്ങളും സാന്നിദ്ധ്യമുണ്ട്. പദ്ധതികള്‍ക്കായി അമേരിക്കന്‍ നിക്ഷേപകരില്‍ നിന്നും അമേരിക്കന്‍ വിപണിയില്‍ നിന്നും അദാനി ഗ്രൂപ്പ് നിക്ഷേപം ആകര്‍ഷിച്ചിട്ടുണ്ട്. ഇത്തരത്തില്‍ അമേരിക്കന്‍ നിക്ഷേപം സ്വീകരിച്ചിട്ടുള്ള കമ്പനി അമേരിക്കയ്ക്ക് പുറത്ത് നിയമവിരുദ്ധമായ ഇടപാടുകള്‍ നടത്തിയിട്ടുണ്ടെങ്കില്‍ അതന്വേഷിക്കാന്‍ യു.എസ് നിയമം അനുവദിക്കുന്നുണ്ട്.

കടലാസ് കമ്പനികള്‍ വഴി അനധികൃതമായി പണമൊഴുക്കി ഓഹരികളുടെ വില കൃത്രിമമായി പെരുപ്പിച്ച് കാട്ടി അദാനി അനധികൃത സാമ്പത്തിക നേട്ടമുണ്ടാക്കിയെന്ന് ഉള്‍പ്പെടെയുള്ള ആരോപണങ്ങളായിരുന്നു അമേരിക്കന്‍ ഷോര്‍ട്ട്സെല്ലര്‍മാരായ ഹിന്‍ഡെന്‍ബെര്‍ഗ് 2023 ജനുവരിയില്‍ ആദാനിക്കെതിരെ ഉന്നയിച്ചത്.