- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓഹരി തട്ടിപ്പ് ആരോപണത്തിൽ അദാനിക്കെതിരെ അന്വേഷണം ആരംഭിച്ച് കേന്ദ്രം; വിവരങ്ങൾ തേടി കമ്പനികാര്യ മന്ത്രാലയം; സമീപകാലത്തു നടത്തിയ ഇടപാടു രേഖകൾ പരിശോധിക്കും; അദാനിക്കുണ്ടാവുന്ന തിരിച്ചടി ഇന്ത്യൻ ബാങ്കിങ് വ്യവസ്ഥയെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്ന് ആർബിഐ; ഡൗജോൺസ് സൂചികകളിൽ നിന്നും അദാനി പുറത്ത്
ന്യൂഡൽഹി: ഹിൻഡൻബർഗ് റിപ്പോർട്ടിനെ തുടർന്ന് വൻ പ്രതിസന്ധിയിലായ അദാനി ഗ്രൂപ്പിനെതിരെ നിലപാട് കടുപ്പിക്കാൻ കേന്ദ്രസർക്കാറും.ഓഹരി തട്ടിപ്പ് ആരോപണത്തിൽ അദാനിക്കെതിരെ കോർപ്പറേറ്റ് കാര്യ മന്ത്രാലയം അന്വേഷണം ആരംഭിച്ചു. മന്ത്രാലയത്തിന്റെ ഡയറക്ടർ ജനറലിന്റെ നേതൃത്വത്തിലാണ് പ്രാഥമികമായ അന്വേഷണം നടക്കുന്നത്. കമ്പനി നിയമത്തിലെ സെക്ഷൻ 206 പ്രകാരം അദാനി ഗ്രൂപ്പിൽ നിന്നും വിവരങ്ങൾ തേടി. സമീപകാലത്ത് നടത്തിയിട്ടുള്ള ഇടപാടുകളെ കുറിച്ചുള്ള രേഖകളാണ് പരിശോധിക്കുന്നത്.
ആദാനി ഗ്രൂപ്പിനെതിരെയുള്ള ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവന്ന് ഒരാഴ്ചക്ക് ശേഷമാണ് കേന്ദ്ര സർക്കാറിന്റെയും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെയും ഭാഗത്ത് നിന്ന് കഴിഞ്ഞ ദിവസം പ്രതികരണമുണ്ടായത്. വിഷയം അദാനി ഗ്രൂപ്പിൽ മാത്രം ഒതുങ്ങി നിൽക്കുന്ന പ്രശ്‌നമാണെന്നും ബാങ്കിങ് മേഖലയെ പ്രതികൂലമായി ബാധിക്കില്ലെന്നുമാണ് ആർ.ബി.ഐ പ്രതികരിച്ചത്. അദാനി ഗ്രൂപ്പിനുണ്ടാകുന്ന ഇടിവ് ഓഹരി വിപണിയെ ബാധിക്കില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും ചൂണ്ടിക്കാട്ടിയിരുന്നു.
വിവിധ മാനദണ്ഡങ്ങൾ പ്രകാരം, ബാങ്കിങ് മേഖലയിലെ മൂലധന സ്ഥിരത ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആർബിഐ പ്രസ്താവനയിൽ വിശദീകരിച്ചു. വിവിധ ബാങ്കുകൾ അദാനി ഗ്രൂപ്പ് കമ്പനികൾക്ക് നൽകിയ വായ്പാ വിവരങ്ങളും നടത്തിയ നിക്ഷേപങ്ങളും റിസർവ് ബാങ്ക് തേടിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ബാങ്കുകൾ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തിയുടെ എത്ര ശതമാനമാണ് അദാനി ഗ്രൂപ്പിന്റേതെന്നാണ് ആർബിഐ ആരാഞ്ഞത്. ഇതിനു പിന്നാലെയാണ്, നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന ആർബിഐയുടെ വിശദീകരണം.
ഓഹരി വിലയിൽ അദാനി ഗ്രൂപ് വൻ കൃത്രിമം നടത്തിയെന്നതടക്കം ചൂണ്ടിക്കാട്ടിയുള്ളതാണ് ഹിൻഡൻബർഗ് റിപ്പോർട്ട്. റിപ്പോർട്ടിന് പിന്നാലെ അദാനി ഗ്രൂപ്പിന് ഓഹരി വിപണിയിൽ നേരിട്ട തിരിച്ചടി തുടരുകയാണ്. അദാനി എന്റർപ്രൈസസ് 35 ശതമാനത്തിലേറെ നഷ്ടത്തിലാണ്. അദാനി ടോട്ടൽ ഗ്യാസ്, അദാനി വിൽമാർ, അദാനി ട്രാൻസ്മിഷൻ, എൻഡിടിവി എന്നിവയുടെ ഓഹരികൾ ലോവർ സർക്യൂട്ടിലെത്തി.
ഇതിനിടെ, ഹിൻഡൻബർഗിനും സ്ഥാപകൻ ആൻഡേഴ്‌സനുമെതിരെ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് സുപ്രീംകോടതിയിൽ ഹരജി നൽകി. അഡ്വ. എം.എൽ. ശർമ്മ ശർമ മുഖേന പൊതുതാൽപര്യ ഹരജിയാണ് നൽകിയത്. ആൻഡേഴ്സണെതിരെ നടപടിയെടുക്കണമെന്നും അദാനി ഗ്രൂപ്പിന്റെ കമ്പനികളിൽ നിക്ഷേപം നടത്തിയവർക്ക് നഷ്ടപരിഹാരം നൽകണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു.
അതിനിടെ ഹിൻഡൻബർഗ് റിപ്പോർട്ടിനെ തുടർന്ന് വിദേശ വിപണികളിലും അദാനി ഗ്രൂപ്പിന് കാലിടറി. സുസ്ഥിരതാ സൂചികകളിൽനിന്ന് അദാനി എന്റർപ്രൈസസിനെ ഒഴിവാക്കിയതായി യുഎസ് വിപണിയായ എസ്ആൻഡ്പി ഡൗജോൺസ് അറിയിച്ചു. ഇന്ത്യ വിപണിയിൽ അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരി വെള്ളിയാഴ്ചയും കുത്തനെ ഇടിഞ്ഞു. ഏഴ് വ്യാപാരദിനങ്ങളിലായി അദാനി ഗ്രൂപ്പ് ഓഹരി 50 ശതമാനത്തോളം ഇടിഞ്ഞു.
നിക്ഷേപത്തിനായി എടുക്കുന്ന വായ്പകൾക്ക് (മാർജിൻ ലോൺസ്) ഈടായി അദാനി ഗ്രൂപ്പ് ബോണ്ടുകൾ സ്വീകരിക്കുന്നത് ക്രെഡിറ്റ് സുയിസും സിറ്റി ഗ്രൂപ്പും കഴിഞ്ഞദിവസം അവസാനിപ്പിച്ചിരുന്നു. അദാനി ഗ്രൂപ്പിനെ മോദി സർക്കാർ സംരക്ഷിക്കുമ്പോഴാണ് വിദേശ രാജ്യങ്ങളിൽ ഗ്രൂപ്പ് നടപടി നേരിടുന്നത്.അദാനി ഗ്രൂപ്പ് ഓഹരികളുടെ വിപണിമൂല്യം 19.2 ലക്ഷം കോടിയിൽനിന്ന് 10 ലക്ഷം കോടിയായി താണു.
മറുനാടന്‍ ഡെസ്‌ക്