- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തില്‍ തീവ്രവാദ ബന്ധമുള്ള സ്വര്‍ണ്ണ കടത്ത് മാഫിയെ ഉണ്ടെന്ന് ക്രമസമാധാന എഡിജിപി; ആര്‍ എസ് എസ് കൂടിക്കാഴ്ച വ്യക്തിപരം; അജിത് കുമാറിന്റെ മൊഴിയില്‍ പോലീസ് മേധാവിയ്ക്ക് തൃപ്തിക്കുറവ്; ഫോണ്‍ ചോര്‍ത്തലില്‍ കേസെടുക്കാത്തത് ദുരൂഹം
തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളെല്ലാം അജിത് കുമാര്‍ നിഷേധിച്ചു.
തിരുവനന്തപുരം: കേരളത്തില്‍ തീവ്രവാദ ബന്ധമുള്ള സ്വര്‍ണ്ണ കടത്ത് മാഫിയെ ഉണ്ടെന്ന് എഡിജിപി അജിത് കുമാര്‍. ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ ഈ വിശദീകരണത്തില്‍ പോലീസ് മേധാവി ഷെയ്ഖ് ദര്‍വേശ് സാഹിബ് എന്ത് നടപടി എടുക്കുമെന്നതാണ് നിര്‍ണ്ണായകം. പി.വി. അന്‍വര്‍ എം.എല്‍.എ. ഉന്നയിച്ച ആരോപണങ്ങള്‍ നിഷേധിച്ച് ക്രമസമാധാനവിഭാഗം എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാര്‍ നല്‍കിയ മൊഴിയില്‍ ഗുരുതര കുറ്റകൃത്യങ്ങള്‍ക്ക് സ്ഥിരീകരണമുണ്ട്. തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളെല്ലാം അജിത് കുമാര്‍ നിഷേധിച്ചു.
തീവ്രവാദബന്ധമുള്ള സ്വര്‍ണക്കടത്ത് മാഫിയകള്‍ക്കെതിരേ നടപടിയെടുത്തതിനാലാണ് തനിക്കെതിരേ ആരോപണങ്ങള്‍ ഉയര്‍ന്നത്. ഇതിനുപിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. പ്രത്യേക അന്വേഷണ സംഘത്തലവനായ പോലീസ് മേധാവി ഡോ. ഷെയ്ക്ക് ദര്‍വേഷ് സാഹേബിന് നല്‍കിയ മൊഴിയിലാണ് അദ്ദേഹം ആരോപണങ്ങളെല്ലാം നിഷേധിച്ചത്. എന്നാല്‍ തീവ്രവാദബന്ധമുള്ള സ്വര്‍ണക്കടത്ത് മാഫിയകള്‍ക്കെതിരേ കേരളാ പോലീസ് എടുത്ത എന്തെങ്കിലും നടപടി ഇതുവരെ പൊതു സമൂഹത്തില്‍ ചര്‍ച്ചയായിട്ടില്ല. ചില സ്വര്‍ണ്ണ കടത്തും സ്വര്‍ണ്ണം പൊട്ടിക്കലുമാണ് ഇതുവരെ കേരളാ പോലീസ് പിടിച്ചിട്ടുള്ളത്. അതിന് അപ്പുറത്തേക്ക് എന്താണ് കേരളത്തില്‍ സംഭവിക്കുന്നതെന്നതാണ് ഉയരുന്ന ചോദ്യം.
സ്വര്‍ണ്ണ കടത്ത് വിഷയത്തില്‍ അജിത് കുമാര്‍ നേരിട്ട് ഇടപെട്ടതിനും ഇതുവരെ വാര്‍്ത്തകളൊന്നും വന്നിട്ടില്ല. അതായത് അന്തര്‍ധാരയില്‍ ഇതെല്ലാം സജീവമാണെന്ന സമ്മതം കൂടിയാണ് അജിത് കുമാറിന്റെ മൊഴി. അന്‍വറിനെതിരേയും എഡിജിപിക്ക് പരാതികളുണ്ട്. ആര്‍ എസ് എസ് കൂടിക്കാഴ്ചയെ വ്യക്തിപരമെന്നാണ് അജിത് കുമാര്‍ വിശേഷിപ്പിച്ചത്. പോലീസ് ആസ്ഥാനത്ത് നാലുമണിക്കൂറോളംനീണ്ട മൊഴിയെടുപ്പില്‍ അന്വേഷണസംഘാംഗമായ ഐ.ജി. ജി. സ്പര്‍ജന്‍കുമാറും രണ്ട് എസ്.പി.മാരും ഉണ്ടായിരുന്നു. അജിത് കുമാറിന്റെ മൊഴികളില്‍ പോലീസ് മേധാവി തൃപ്തനല്ലെന്നും സൂചനകളുണ്ട്. എന്നാലും എല്ലാ വശവും വിശകലനം ചെയ്തു മാത്രമേ അന്തിമ തീരുമാനം എടുക്കൂ.
ആരോപണങ്ങള്‍ ഉന്നയിച്ച പി.വി. അന്‍വറില്‍നിന്ന് തൃശ്ശൂര്‍ ഡി.ഐ.ജി. കഴിഞ്ഞദിവസം മൊഴി രേഖപ്പെടുത്തിയിരുന്നു. ഇത് വിശദമായി പരിശോധിച്ചതിനെത്തുടര്‍ന്നാണ് പോലീസ് മേധാവി അജിത്കുമാറില്‍നിന്ന് മൊഴിയെടുത്തത്. അന്‍വറിന്റെ മൊഴിയിലെ ആരോപണമെല്ലാം അജിത് കുമാര്‍ നിഷേധിച്ചു. ആര്‍ എസ് എസ് നേതാവുമായി തൃശൂരില്‍ നടത്തിയ കൂടിക്കാഴ്ച സമ്മതിക്കുകയും ചെയ്തു. ആരോപണങ്ങളെല്ലാം നിഷേധിച്ച അദ്ദേഹം, അന്വേഷണം പൂര്‍ത്തിയായിക്കഴിഞ്ഞ് ആരോപണം ശരിയല്ലെന്ന് ബോധ്യപ്പെട്ടാല്‍ ഉന്നയിച്ചവര്‍ക്കെതിരേ കേസെടുക്കണമെന്നും ആവശ്യപ്പെട്ടു. താന്‍ നല്‍കിയ കത്തിലെ വിഷയങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും അജിത്കുമാര്‍ മൊഴിയില്‍ ആവശ്യപ്പെട്ടു.
അജിത് കുമാറിന്റെ മൊഴി എടുത്ത ശേഷം അനവര്‍ ഡിജിപിക്ക് മറ്റൊരു പരാതിയും കൊടുത്തു. ജീവന് ഭീഷണിയുണ്ടെന്നാണ് ആ പരാതി. അതിനിടെ ഫോണ്‍ ചോര്‍ത്തല്‍ അടക്കം ഉന്നയിച്ചിട്ടും അന്‍വറിനെതിരെ കേസെടുക്കാത്തത് വലിയ വിമര്‍ശനമായി മാറുന്നുണ്ട്. എ.ഡി.ജി.പി.യില്‍നിന്ന് ഐ.ജി. സ്പര്‍ജന്‍കുമാര്‍ മൊഴിയെടുക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും കീഴുദ്യോഗസ്ഥന്‍ മൊഴി രേഖപ്പെടുത്തുന്നതിനെതിരേ അജിത്കുമാര്‍ പോലീസ് മേധാവിക്ക് കത്തുനല്‍കിയിരുന്നു. മൊഴി രേഖപ്പെടുത്തുമ്പോള്‍ വീഡിയോ ചിത്രീകരണം വേണമെന്നും മറ്റ് ഉദ്യോഗസ്ഥര്‍ ഉണ്ടാകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇതേത്തുടര്‍ന്ന് മൊഴിയെടുക്കല്‍ വീഡിയോയില്‍ ചിത്രീകരിച്ചു. അന്വേഷണസംഘത്തില്‍പ്പെട്ട തൃശ്ശൂര്‍ ഡി.ഐ.ജി. ഒഴികെയുള്ളവര്‍ പോലീസ് മേധാവിയുടെ ഓഫീസില്‍ ഉണ്ടായിരുന്നു.