- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
അജിത് കുമാറിനെതിരെ അന്‍വര്‍ ഉന്നയിച്ച അഴിമതി ആരോപണമെല്ലാം പച്ചക്കള്ളമെന്ന് വിജിലന്‍സ്; മറുനാടനില്‍ നിന്നും ഒന്നര കോടി വാങ്ങിയെന്നത് അടക്കമുള്ള വ്യാജ ആരോപണങ്ങളില്‍ എഡിജിപിക്ക് ക്ലീന്‍ ചിറ്റ്; കവടിയാറിലെ വീട് നിര്‍മ്മാണം ലോണെടുത്ത്; കോണ്ടോറിലെ ഫ്ളാറ്റ് വാങ്ങലിലും അട്ടിമറിയില്ല; അജിത് കുമാറിനെതിരെ തെളിവില്ല
തിരുവനന്തപുരം: പിവി അന്‍വറിന്റേത് വെറും തള്ളുകള്‍. എഡിജിപി എംആര്‍ അജിത്കുമാറിന് ക്ലീന്‍ചിറ്റ് നല്‍കി വിജിലന്‍സ് അന്വേഷണം. അനധികൃത സ്വത്ത് സമ്പാദനം, കവടിയാറിലെ ആഡംബര വീട് നിര്‍മാണം, കുറവന്‍കോണത്തെ ഫ്‌ലാറ്റ് വില്‍പ്പന, മലപ്പുറം എസ് പിയുടെ ക്യാംപ് ഓഫീസിലെ മരംമുറി എന്നീ ആരോപണങ്ങളിലാണ് എഡിജിപിക്ക് അനുകൂലമായ കണ്ടെത്തല്‍. അന്തിമ റിപ്പോര്‍ട്ട് ഉടന്‍ ഡിജിപിക്ക് കൈമാറും. റിപ്പോര്‍ട്ട് പുറത്തു വന്നാല്‍ അന്‍വറിനെതിരെ അജിത് കുമാര്‍ന നിയമ പോരാട്ടം കടുപ്പിക്കും. കേസ് ഒതുക്കി തീര്‍ക്കാന്‍ മറുനാടന്‍ മലയാളിയില്‍ നിന്നും ഒന്നര കോടി വാങ്ങിയെന്ന വ്യാജ ആരോപണവും അജിത് കുമാറിനെതിരെ അന്‍വര്‍ ഉയര്‍ത്തിയിരുന്നു. ഇതില്‍ അടക്കം വിജിലന്‍സ് അന്വേഷണം നടത്തി.
കരിപ്പൂര്‍ സ്വര്‍ണക്കടത്ത്, എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ പി വി അന്‍വര്‍ എംഎല്‍എ ഉയര്‍ത്തിവിട്ടത് ആരോപണങ്ങളുടെ വിവാദ പെരുമഴ ആയിരുന്നു. എന്നാല്‍ ഒരു ആരോപണത്തിലും കഴമ്പില്ലെന്ന് വിജിലന്‍സ് പറയുന്നു. പ്രധാനമായും ഉയര്‍ന്നത് നാല് ആരോപണങ്ങളാണ്. കോടികള്‍ മുടക്കി കവടിയാര്‍ കൊട്ടാരത്തിന് സമീപം ആഢംബര ബംഗ്ലാവ് നിര്‍മിക്കുന്നു എന്നതായിരുന്നു പ്രധാന ആരോപണം. താഴത്തെ കാര്‍ പാര്‍ക്കിംഗ് നില ഉള്‍പ്പെടെ മൂന്ന് നിലകെട്ടിടം. എന്നാല്‍ എസ് ബിഐയില്‍ നിന്ന് ഒന്നരക്കോടി രൂപ വായ്പയെടുത്താണ് വീട് നിര്‍മാണമെന്നാണ് കണ്ടെത്തല്‍. വീട് നിര്‍മാണം യഥാസമയം സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും സ്വത്ത് വിവര പട്ടികയിലും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും വിജിലന്‍സ് വിശദീകരിക്കുന്നു. അജിത് കുമാറിന് ഡിജിപി തസ്തികയിലേക്ക് സ്ഥാനക്കയറ്റം നല്‍കാന്‍ മന്ത്രിസഭ അനുമതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് റിപ്പോര്‍ട്ട് തയ്യാറാകുന്നത്.
കുറവന്‍കോണത്ത് ഫ്‌ലാറ്റ് വാങ്ങി പത്ത് ദിവസത്തിനുള്ളില്‍ ഇരട്ടിവിലക്ക് മറിച്ചു വിറ്റു എന്നായിരുന്നു അടുത്ത ആരോപണം. ഇതിലൂടെ കള്ളപ്പണം വെളുപ്പിച്ചുവെന്നും പരാതി. എന്നാല്‍ ഇതെല്ലാം ശരിയല്ലെന്നാണ് കണ്ടെത്തല്‍. 2009 ലാണ് കോണ്ടൂര്‍ ബില്‍ഡേഴ്‌സുമായി ഫ്‌ലാറ്റ് വാങ്ങാന്‍ 37 ലക്ഷം രൂപക്ക് കരാര്‍ ഒപ്പിടുന്നത്. ഇതിനായി 25 ലക്ഷം രൂപ വായ്പയെടുത്തു. 2013 ല്‍ കമ്പനി ഫ്‌ലാറ്റ് കൈമാറി. പക്ഷെ സ്വന്തം പേരിലേക്ക് ഫ്‌ലാറ്റ് രജിസ്റ്റര്‍ ചെയ്യാന്‍ വൈകി എന്ന് മാത്രമാണ് കണ്ടെത്തല്‍. നാല് വര്‍ഷം താമസിച്ച ശേഷം 65 ലക്ഷം രൂപക്ക് ഫ്‌ലാറ്റ് വില്‍ക്കുന്നത് 2016ലാണ്. വില്‍പ്പനക്ക് പത്ത് ദിവസം മുമ്പ്, നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സ്വന്തം പേരിലേക്ക് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. എട്ട് വര്‍ഷം കൊണ്ടുണ്ടായ മൂല്യവര്‍ധനയാണ് വീടിന്റെ വിലയില്‍ ഉണ്ടായതെന്നാണ് വിജിലന്‍സ് വിലയിരുത്തല്‍. സര്‍ക്കാരിനെ അറിയിക്കുന്നതടക്കം എല്ലാ നടപടിക്രമങ്ങളും പാലിച്ചിട്ടുണ്ടെന്നും വിജിലന്‍സ് പറയുന്നു.
കസ്റ്റംസിലെ ചിലരുടെ സഹായത്തോടെ കരിപ്പൂര്‍ വഴിയുള്ള സ്വര്‍ണക്കടത്തിന് മലപ്പുറം എസ് പി ആയിരുന്ന സുജിത് ദാസ് ഒത്താശ ചെയ്‌തെന്നും ഇതിന്റെ വിഹിതം എംആര്‍ അജിത് കുമാറിന് ലഭിച്ചു എന്നുമായിരുന്നു മറ്റൊരു ആരോപണം. സുജിത് ദാസിന്റെ കാലയളവിലാണ് ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണം പിടികൂടിയതെന്നും കസ്റ്റംസ് ഉദ്യോഗസ്ഥരെ വരെ കേസുകളില്‍ പ്രതി ചേര്‍ത്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. മലപ്പുറം എസ് പിയുടെ ക്യാംപ് ഓഫീസിലെ മരംമുറിയിലും എം ആര്‍ അജിത് കുമാറിനെ ബന്ധിപ്പിക്കുന്ന ഒന്നും തന്നെ കണ്ടെത്താനായിട്ടില്ല. അന്തിമ റിപ്പോര്‍ട്ട് അന്വേഷണ സംഘം രണ്ടാഴ്ചക്കകം ഡിജിപിക്ക് കൈമാറും. പി.വി. അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ ഡി.ജി.പി നടത്തിയ അന്വേഷണത്തെത്തുടര്‍ന്നാണ് സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത്.
തനിക്കെതിരായ ആരോപണങ്ങളുമായി ബന്ധപ്പെട്ട ബാങ്ക് സ്റ്റേറ്റ്മെന്റുകള്‍, ലോണ്‍ വിവരങ്ങള്‍, കവടിയാറിലെ വീടു നിര്‍മ്മാണവുമായി ബന്ധപ്പെട്ട രേഖകള്‍ തുടങ്ങിയവ വിജിലന്‍സിന് കൈമാറിയിരുന്നു. ആരോപണത്തിന് പിന്നില്‍ മതമൗലിക വാദികളാണെന്നും പ്രത്യേക ലക്ഷ്യങ്ങളോടെയാണ് തനിക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നതെന്നും അജിത് കുമാര്‍ ആരോപിച്ചിരുന്നു. അജിത് കുമാറിന് ഡി.ജി.പിയായി സ്ഥാനക്കയറ്റം നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചിരുന്നു. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സ്‌ക്രീനിങ് കമ്മിറ്റിയുടെ ശിപാര്‍ശയാണ് മന്ത്രിസഭാ യോഗം അംഗീകരിച്ചത്. ഇപ്പോഴത്തെ പൊലീസ് മേധാവി എസ്.ദര്‍വേശ് സാഹിബ് 2025 ജൂലൈ 1ന് സര്‍വീസില്‍നിന്ന് വിരമിക്കുന്ന ഒഴിവില്‍ അജിത്കുമാറിന് സ്ഥാനക്കയറ്റം കിട്ടാന്‍ സാധ്യത ഏറെയാണ്. ചീഫ് സെക്രട്ടറിയും ഡി.ജി.പിയും ആഭ്യന്തര സെക്രട്ടറിയും വിജിലന്‍സ് ഡയറക്ടറുമടങ്ങുന്ന സ്‌ക്രീനിങ് കമ്മിറ്റിയാണ് സ്ഥാനക്കയറ്റം ശിപാര്‍ശ ചെയ്തത്. ഇത് മന്ത്രിസഭ അംഗീകരിക്കുകയും ചെയ്തു.
അന്‍വര്‍ എം.ആര്‍. അജിത്കുമാര്‍, എസ്.പി. സുജിത്ദാസ് ഉള്‍പ്പടെയുള്ള പോലീസ് ഉദ്യോഗസ്ഥരുടെപേരില്‍ മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. അതിനുപിന്നാലെ അദ്ദേഹം പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെയുള്ളവര്‍ക്കുനേരേ ഗുരുതര ആരോപണങ്ങളും ഉന്നയിച്ചു. തനിക്കെതിരേ ആരോപണങ്ങള്‍ വന്നതോടെ അജിത്കുമാര്‍ മുഖ്യമന്ത്രിക്ക് വിശദീകരണകത്ത് നല്‍കി. പിന്നീട് പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ പ്രത്യക സംഘത്തിന്റെ അന്വേഷണം പ്രഖ്യാപിച്ച് ഉത്തരവുമിറങ്ങി. അജിത് കുമാറിനെ മാറ്റിനിര്‍ത്തണമെന്ന് പോലീസ് മേധാവി ശുപാര്‍ശചെയ്തു. പിന്നീട് മാറ്റുകയും ചെയ്തു. പോലീസ് മേധാവി അന്വേഷണം ആരംഭിച്ചതിനുപിന്നാലെ തൃശ്ശൂര്‍ ഡി.ഐ.ജി. തോംസണ്‍ ജോസ് പി.വി. അന്‍വറില്‍നിന്ന് മൊഴിയെടുത്തിരുന്നു. തുടര്‍ന്നാണ് വിജിലന്‍സ് അന്വേഷണത്തിന്റ സാധ്യത ചൂണ്ടിക്കാട്ടി പോലീസ് മേധാവി ആഭ്യന്തരവകുപ്പിന് ശുപാര്‍ശ നല്‍കിയത്.
ഈ ശുപാര്‍ശയ്ക്കുശേഷമാണ് എം.ആര്‍. അജിത് കുമാറില്‍നിന്ന് പോലീസ് മേധാവി മൊഴിയെടുത്തത്. പോലീസ് മേധാവിയുടെ ശുപാര്‍ശവന്നിട്ട് രണ്ടാഴ്ചവരെ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇക്കാര്യത്തില്‍ ഒരു തീരുമാനവുമുണ്ടായില്ല. വീണ്ടും ഇടതുമുന്നണിയിലെ ഘടകകക്ഷികള്‍ രംഗത്തുവന്നതോടെയാണ് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച് ഉത്തരവിറക്കിയത്.