തിരുവനന്തപുരം: വിവാദ നായകനായ എ.ഡി.ജി.പി എം.ആര്‍ അജിത് കുമാറിനെതിരെ സിവില്‍, ക്രിമിനല്‍ കേസുകള്‍ എടുക്കാമെന്ന് ഡി.ജി.പിയുടെ ശിപാര്‍ശ സര്‍ക്കാര്‍ അംഗീകരിക്കില്ല. പോലീസിനുള്ളിലെ ചേരി തിരിവാണ് ഇതിന് പിന്നിലെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇന്റലിജന്‍സ് മേധാവിയായ എ.ഡി.ജി.പി പി. വിജയനെതിരെ വ്യാജ മൊഴി നല്‍കിയ സംഭവത്തിലാണ് കേസെടുക്കാമെന്ന് ഡി.ജി.പി ഷെയ്ക്ക് ദര്‍വേഷ് സാഹിബ് റിപ്പോര്‍ട്ട് നല്‍കിയത്. കരിപ്പൂര്‍ കേന്ദ്രീകരിച്ചുള്ള സ്വര്‍ണക്കള്ളക്കടത്തില്‍ എ.ഡി.ജി.പി പി. വിജയന് പങ്കുണ്ടെന്ന് മലപ്പുറം എസ്.പി ആയിരുന്ന സുജിത് ദാസ് തന്നോട് പറഞ്ഞതായി അജിത് കുമാര്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍, താന്‍ ഇങ്ങനെ പറഞ്ഞിട്ടില്ലെന്നും ഇത് പൂര്‍ണമായും വ്യാജമാണെന്നും വ്യക്തമാക്കി സുജിത് ദാസ് രംഗത്തുവന്നു. തുടര്‍ന്ന് തനിക്കെതിരെ അപകീര്‍ത്തികരമായ വ്യാജമൊഴി നല്‍കിയതിന് അജിത് കുമാറിനെതിരെ കേസെടുക്കണമെന്ന് പി. വിജയന്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയാണ് ഡി.ജി.പി ഷെയ്ക്ക് ദര്‍വേഷ് സാഹിബ് അന്വേഷണം നടത്തി അജിത് കുമാറിനെതിരെ കേസെടുക്കാന്‍ ശിപാര്‍ശ നല്‍കിയത്. എന്നാല്‍ വിഷയത്തില്‍ പി വിജയന്‍ വേണമെങ്കില്‍ കോടതിയെ സമീപിക്കട്ടേ എന്നതാണ് സര്‍ക്കാര്‍ നിലപാട്. ഷെയ്ഖ് ദര്‍വേശ് സാഹിബിനെതിരെ നേരത്തെ ഭൂമി തട്ടിപ്പ് കേസുണ്ടായിരുന്നു. തിരുവനന്തപുരം കോടതി കേസെടുക്കാനും നിര്‍ദ്ദേശിച്ചു. ഇതിന് പിന്നില്‍ അജിത് കുമാറാണെന്ന നിഗമനം ഡിജിപിക്കുണ്ടെന്നും വിലയിരുത്തലും പ്രചരണവുമുണ്ടായിരുന്നു. ഇതെല്ലാം അജിത് കുമാറിനെതിരായ കേസെടുക്കല്‍ നിര്‍ദ്ദേശത്തിലും പ്രതിഫലിക്കുന്നുവെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റേയും വിലയിരുത്തല്‍.

മെയ് 30നാണ് നിലവിലെ സംസ്ഥാന പൊലീസ് മേധാവിയായ ഡി.ജി.പി ഷെയ്ഖ് ദര്‍വേഷ് സാഹിബ് വിരമിക്കുന്നത്. അദ്ദേഹത്തിന്റെ ഒഴിവിലേക്ക് നിലവില്‍ ആറ് പേരുകളാണ് പരിഗണനയില്‍ ഉള്ളത്. അതില്‍ ആറാമനാണ് എ.ഡി.ജി.പി. അജിത്ത് കുമാര്‍. അതിനിടെയാണ് കേസെടുക്കാമെന്ന് ഡി.ജി.പി റിപ്പോര്‍ട്ട് നല്‍കുന്നത്. അതേസമയം, ഡിജിപിയുടെ ശുപാര്‍ശയില്‍ സര്‍ക്കാര്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ല. കരിപ്പൂര്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പി.വി. അന്‍വര്‍ എം.എല്‍.എ.യുടെ പരാതിയില്‍ എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാര്‍ നല്‍കിയ മൊഴിക്കെതിരേയാണ് എ.ഡി.ജി.പി. പി. വിജയന്‍ പരാതി നല്‍കിയിരുന്നത്. കരിപ്പൂരിലെ സ്വര്‍ണക്കടത്തില്‍ വിജയന് ബന്ധമുണ്ടെന്ന് എസ്.പി. സുജിത് ദാസ് പറഞ്ഞിരുന്നതായാണ് അജിത്കുമാര്‍ മൊഴിനല്‍കിയിരുന്നത്. എന്നാല്‍, ഈ മൊഴി അസത്യമാണെന്നും അതിനാല്‍ ഇക്കാര്യങ്ങളെക്കുറിച്ച് സമഗ്രാന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് വിജയന്‍ പോലീസ് മേധാവിക്ക് കത്തുനല്‍കുകയായിരുന്നു. ഇതാണ് അന്വേഷണം ശുപാര്‍ശയ്ക്ക് കാരണമായത്. തനിക്ക് ബന്ധമുള്ള തിരുവനന്തപുരത്തെ വ്യവസായി മുജീബുമായി വിജയനും ബന്ധമുണ്ടെന്ന് അജിത്കുമാര്‍ മൊഴിയില്‍ വ്യക്തമാക്കിയിരുന്നു. കോവിഡ്കാലത്ത് വിജയന്‍ നേതൃത്വം നല്‍കിയ ഭക്ഷണവിതരണ പരിപാടിയില്‍ മുജീബും ബന്ധപ്പെട്ടിരുന്നു. മാമി തിരോധാനത്തില്‍ അന്വേഷണം ആവശ്യപ്പെട്ട ആഷിക്ക് എന്ന വ്യക്തിയുമായി മലപ്പുറത്തെ 'നന്മ' എന്ന സംഘടനവഴി വിജയനു ബന്ധമുണ്ടായിരുന്നെന്നും അജിത്കുമാറിന്റെ മൊഴിയിലുണ്ടെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. തന്നെ കുറ്റവാളിയാക്കാനുള്ള ശ്രമമാണ് അജിത്കുമാര്‍ നല്‍കിയ മൊഴിയെന്നു കാട്ടിയാണ് വിജയന്‍ പരാതിനല്‍കിയത്. ഇതെല്ലാം ഗുരുതര ആരോപണങ്ങളാണ്.

തൃശൂര്‍ പൂരം കലക്കല്‍, ആര്‍.എസ്.എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച, അനധികൃത സ്വത്ത് സമ്പാദനം, എ.ഡി.ജി.പി പി. വിജയനെതിരായ വ്യാജമൊഴി എന്നീ വിഷയങ്ങളില്‍ എം.ആര്‍ അജിത്കുമാര്‍ അന്വേഷണം നേരിടുന്നതിനിടെ ഡി.ജി.പിയായി സ്ഥാനക്കയറ്റം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.ചീഫ് സെക്രട്ടറി, ഡിജിപി, ആഭ്യന്തര സെക്രട്ടറി, വിജിലന്‍സ് ഡയറക്ടര്‍ എന്നിവരടങ്ങിയ ഐ.പി.എസ് സ്‌ക്രീനിങ് കമ്മിറ്റിയാണ് സ്ഥാനക്കയറ്റത്തിന് അനുമതി നല്‍കിയത്. നിലവില്‍ ഈ വിഷയങ്ങളില്‍ അജിത്കുമാറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. നടക്കുന്നത് പ്രാഥമിക അന്വേഷണങ്ങള്‍ മാത്രമാണ്. ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റിയെങ്കിലും സസ്പെന്‍ഷന്‍ അടക്കമുള്ള നടപടികള്‍ അജിത്കുമാര്‍ നേരിട്ടിട്ടില്ല. കൂടാതെ, അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അജിത്ത് കുമാറിന് വിജിലന്‍സ് ക്ലീന്‍ ചീറ്റ് നല്‍കുകയും ചെയ്തിരുന്നു. പി.വി. അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ വിജിലന്‍സ് ഡയറക്ടര്‍ നടത്തിയ അന്വേഷണത്തിലാണ് എ.ഡി.ജി.പി അജിത്ത് കുമാറിന് ക്ലീന്‍ ചീറ്റ് ലഭിച്ചത്. വിജിലന്‍സിന്റെ അന്വേഷണത്തില്‍ എം.ആര്‍ അജിത്ത് കുമാര്‍ അഴിമതി നടത്തിയില്ലെന്ന് കണ്ടെത്തുകയായിരുന്നു. ഈ സാഹചര്യത്തില്‍ മൊഴി വിവാദത്തിലും അന്വേഷണം ഉണ്ടാകില്ല.

കവടിയാറിലെ അജിത്ത് കുമാറിന്റെ വീട് നിര്‍മാണം, ഫ്ളാറ്റ് വാങ്ങല്‍, സ്വര്‍ണം കടത്തിലെ ബന്ധം എന്നീ വിഷയങ്ങളിലാണ് വിജിലന്‍സ് അന്വേഷണം നടത്തിയത്. ആദ്യം ഡി.ജി.പി ആയിരുന്നു അന്വേഷണം നടത്തിയത്. ഇത് പിന്നീട് വിജിലന്‍സിന് കൈമാറുകായായിരുന്നു. അജിത്ത് കുമാറിന്റെ വീട് നിര്‍മാണം വായ്പ എടുത്താണ് നടത്തിയതെന്നും ഫ്ളാറ്റ് വില്‍പ്പന നടത്തിയതില്‍ കൃത്രിമത്വം നടത്തിയിട്ടില്ലെന്നും വിജിലന്‍സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വത്ത് സമ്പാദനം സംബന്ധിച്ച് സര്‍ക്കാറിന് വര്‍ഷാവര്‍ഷം അജിത്ത് കുമാര്‍ റിപ്പോര്‍ട്ട് നല്‍കാറുണ്ട്.