- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആധാര്‍ സേവനങ്ങള്‍ക്ക് അപേക്ഷിക്കുന്നവരുടെ ഫോട്ടോയെടുക്കുമ്പോള്‍ ശിരോവസ്ത്രം പാടില്ല; ഫോട്ടോയില്‍ മുഖം വ്യക്തമാകാത്ത അപേക്ഷകള്‍ നിരസിക്കും; നിര്‍ദേശം ലംഘിച്ചാല്‍ ആധാര്‍ ഓപ്പറേറ്റര്‍ക്ക് ഒരുവര്‍ഷം സസ്‌പെന്‍ഷനും; സര്‍ക്കുലര്‍ എത്തിയത് വാട്സാപ്പിലൂടെ; വീണ്ടും 'ശിരോവസ്ത്ര' വിവാദം
ആലപ്പുഴ: ആധാര്‍ സേവനങ്ങള്‍ക്ക് അപേക്ഷിക്കുന്നവരുടെ ഫോട്ടോയെടുക്കുമ്പോള്‍ ശിരോവസ്ത്രം പാടില്ല. ഫോട്ടോയില്‍ മുഖം വ്യക്തമാകാത്ത അപേക്ഷകള്‍ നിരസിക്കാനാണ് തീരുമാനം. ആധാര്‍ അതോറിറ്റി (യു.ഐ.ഡി.എ.ഐ.)യുടേതാണ് തീരുമാനം. ഇത് വലിയ വിവാദങ്ങള്‍ക്ക് ഇട നല്‍കും.
അക്ഷയ സംരഭകര്‍ക്കാണ് നിര്‍ദ്ദേശമെത്തുന്നത്. നിര്‍ദേശം ലംഘിച്ചാല്‍ ആധാര്‍ ഓപ്പറേറ്റര്‍ക്ക് ഒരുവര്‍ഷം സസ്‌പെന്‍ഷനും പിഴയും ശിക്ഷ ലഭിക്കും. ആധാര്‍ അതോറിറ്റി സംസ്ഥാന അധികൃതര്‍ നല്‍കിയ നിര്‍ദേശം അക്ഷയ പ്രോജക്ട് അധികൃതരാണ് സംരംഭകര്‍ക്കു നല്‍കിയത്. ഇത് പുതിയ വിവാദങ്ങള്‍ക്ക് വഴിവഴയ്ക്കും. അപേക്ഷ നല്‍കാനെത്തുന്ന സ്ത്രീകളോട് ശിരോവസ്ത്രം മാറ്റാന്‍ എങ്ങനെ പറയാനാകുമെന്നാണ് അക്ഷയ സംരംഭകരുടെ ചോദ്യം.
ശിരോവസ്ത്രം ധരിക്കുന്ന സ്ത്രീകള്‍ ഫോട്ടോയെടുക്കുമ്പോള്‍ മുഖം മുഴുവന്‍ വ്യക്തമായാല്‍ മതിയെന്നും തലമറഞ്ഞിരിക്കാമെന്നുമായിരുന്നു ആധാര്‍ അതോറിറ്റിയുടെ വ്യവസ്ഥ. ഇതനുസരിച്ചായിരുന്നു ഇതുവരെ അക്ഷയ സെന്ററുകള്‍ ഇടപെടലുകള്‍ നടത്തിയത്. മത-പരമ്പരാഗത ആചാരങ്ങളുമായി ബന്ധപ്പെട്ട തലപ്പാവ്, തൊപ്പി എന്നിവ ഫോട്ടോയ്ക്ക് അനുവദനീയമാണെന്നും ആധാര്‍ ചട്ടങ്ങളില്‍ വ്യവസ്ഥ ചെയ്തിരുന്നു. ഇത്തരത്തില്‍ ഫോട്ടോയെടുത്തു നല്‍കിയ അപേക്ഷകള്‍ കൂടുതലായി നിരസിക്കപ്പെട്ടു.
മുഖത്തിനുപുറമേ ചെവിയും നെറ്റിയും കാണത്തക്കവിധം ഫോട്ടോയെടുക്കാന്‍ പിന്നീട് പരിശീലനം നല്‍കിയപ്പോള്‍ അധികൃതര്‍ വ്യക്തമാക്കി. എന്നിട്ടും നിരസിക്കപ്പെടുന്ന അപേക്ഷകള്‍ക്ക് കാര്യമായ കുറവുവന്നില്ല. ഈ സാഹചര്യത്തിലാണ് പുതിയ നിര്‍ദേശം. ആധാറുമായി ബന്ധപ്പെട്ട തട്ടിപ്പുതടയാനാണ് മുഖം വ്യക്തമാകാത്ത ഫോട്ടോയുള്ള അപേക്ഷ നിരസിക്കുന്നതെന്നതാണ് ആധാര്‍ അതോറിറ്റിയുടെ വിശദീകരണം.
ശിരോവസ്ത്രത്തിലെ പ്രശ്‌നം സംരംഭകരെ പ്രതിസന്ധിയിലാക്കുന്നുണ്ട്. വിഷയത്തിലെ അപ്രായോഗികതകള്‍ അക്ഷയ പ്രോജക്ട് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. വിഷയത്തില്‍ കൂടുതല്‍ വ്യക്തത വരുത്തണമെന്നതാണ് ആവശ്യം. പുതിയ നിര്‍ദേശം രേഖാമൂലം സര്‍ക്കുലറായി ഇറക്കാതെ ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പിലൂടെ മാത്രം നല്‍കിയതും സംരഭകര്‍ക്ക് പ്രതിസന്ധി കൂട്ടി.