- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദിലയെയും നൂറയെയും വേദനിപ്പിക്കാനുള്ള ഉദ്ദേശ്യം എനിക്കുണ്ടായിരുന്നില്ല; അവര്‍ക്കെതിരായ അനാവശ്യ വിമര്‍ശനങ്ങളും ഹേറ്റ് ക്യാംപെയ്നുകളും അവസാനിപ്പിക്കണം; തെറ്റിദ്ധാരണകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അതിന് ക്ഷമ ചോദിക്കുന്നു; തന്റെ വീടിന്റെ ഹൗസ് വാമിങ് ചടങ്ങുമായി ബന്ധപ്പെട്ട വിവാദത്തില്‍ വീണ്ടും വിശദീകരണവുമായി ഫൈസല്‍ മലബാര്‍
ക്ഷമ ചോദിച്ച് ഫൈസല്‍ മലബാര്‍
കൊച്ചി: മലബാര്‍ ഗ്രൂപ്പിന്റെ സഹസ്ഥാപകനും നിലവിലെ കോര്‍പ്പറേറ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടറുമാണ് എ. കെ. ഫൈസല്‍. അദ്ദേഹം തന്റെ മാതാപിതാക്കള്‍ക്കായി നിര്‍മ്മിച്ചു നല്‍കിയ വീടിന്റെ പാലുകാച്ചല്‍ കഴിഞ്ഞ ആഴ്ച വളരെ ആഘോഷപൂര്‍വ്വമാണ് നടത്തിയത്. മലയാളം സിനിമയിലെയും ടെലിവിഷന്‍ രംഗത്തെയും സോഷ്യല്‍ മീഡിയയിലെയും അടക്കം സമൂഹത്തിലെ മിക്ക സെലബ്രിറ്റികളെയും ക്ഷണിച്ചുകൊണ്ടാണ് പാലുകാച്ചല്‍ ചടങ്ങ് നടന്നത്.
പ്രമുഖര്‍ പാലുകാച്ചല്‍ ചടങ്ങിന് എത്തുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇതില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത് ബിഗ്‌ബോസ് റിയാലിറ്റി ഷോയിലെ സെലബ്രിറ്റി ലെസ്ബിയന്‍ ദമ്പതികളായ നൂറയും ആദിലയും എത്തിയതാണ്. ഇരുവരും എത്തിയപ്പോള്‍ സ്വീകരിച്ച ഫൈസല്‍ എകെ പിന്നീട് അവരെ തള്ളിപ്പറഞ്ഞ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത് വിവാദമായി. ആദിലയുടെയും നൂറയുടെയും ചിത്രങ്ങള്‍ പ്രചരിക്കുകയും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയരുകയും ചെയ്തതോടെ ഫൈസല്‍ വിശദീകരണ പോസ്റ്റുമായി രംഗത്തുവന്നിരുന്നു.
ഇവര്‍ വന്നത് തന്റെ അറിവോടെയല്ലെന്ന ഫൈസല്‍ എകെ മലബാറിന്റെ നിലപാട് ഇപ്പോള്‍ വിവാദമായിരിക്കുകയാണ്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം നിലപാടറിയിച്ചത്. ഗൃഹപ്രവേശന ചടങ്ങുകളില്‍ നിരവധി പ്രമുഖ വ്യക്തികള്‍ പങ്കെടുത്തെന്നും ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്ന തങ്ങളെ സംബന്ധിച്ച് സൗഹൃദങ്ങള്‍ കാത്തുസൂക്ഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം കുറിച്ചു. എന്നാല്‍, രണ്ട് പെണ്‍കുട്ടികള്‍ ഈ പരിപാടിയില്‍ പങ്കെടുത്തത് തന്റെ അറിവോടെയല്ല. പൊതു സമൂഹത്തിന്റെ സദാചാരമൂല്യങ്ങളെ വെല്ലുവിളിച്ചും മാതാപിതാക്കളെ ധിക്കരിച്ചും സമൂഹമധ്യത്തില്‍ താറടിച്ചും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന അവരെ സ്വീകരിച്ചതിലൂടെ പുതുതലമുറക്ക് തെറ്റായ സന്ദേശം നല്‍കി എന്ന ആരോപണത്തെ മുഖവിലക്കെടുക്കുകയാണ്. വിഷയത്തില്‍ ആത്മാര്‍ത്ഥമായ ഖേദം അറിയിക്കുകയും സമൂഹത്തോട് ക്ഷമ ചോദിക്കുകയും ചെയ്യുന്നു എന്നും അദ്ദേഹം കുറിച്ചു.
എ. കെ. ഫൈസലിന്റെ നിലപാട് മാറ്റത്തെ വിമര്‍ശിച്ച് നിരവധി പോസ്റ്റുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. അതിനൊപ്പം ആദിലയ്ക്കും നൂറയ്ക്കും എതിരെ സൈബറാക്രണവും ഉണ്ടായി ഇതോടെ, ഈ വിഷയത്തില്‍ ക്ഷമ ചോദിച്ച് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് എ കെ ഫൈസല്‍ മലബാര്‍.
ഏതൊരു മതത്തില്‍ വിശ്വസിക്കുന്നവരായാലും, മനുഷ്യന്റെ സ്വാതന്ത്ര്യത്തെയും വ്യക്തിനിയമത്തിന്റെയും ബഹുമാനം ഏതൊരു മതപരിധിക്കും അതീതമായ ഒരു അടിസ്ഥാന മനുഷ്യനന്മയാണെന്ന് താന്‍ വിശ്വസിക്കുന്നു. തന്റെ ഹൗസ്വാമിംഗ് ചടങ്ങുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ഉണ്ടായ തെറ്റിദ്ധാരണകളും വിവാദങ്ങളും ഒരിക്കലും തന്റെ ഉദ്ദേശ്യത്തിലുണ്ടായിരുന്നില്ല. അത് പ്രതീക്ഷിച്ചതിനുമപ്പുറം ചില നെഗറ്റീവ് പ്രതികരണങ്ങളും ഹരാസ്‌മെന്റും ഉയര്‍ന്നുവെന്നും, അത് അവര്‍ക്ക് മാനസികമായി ബുദ്ധിമുട്ടുണ്ടാക്കിയെന്നും താന്‍ മനസ്സിലാക്കിയിട്ടുണ്ട്. തെറ്റിദ്ധാരണകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അതിനുള്ള ക്ഷമ താന്‍ ചോദിക്കുന്നു.
ആദിലയെയും നൂറയെയും വേദനിപ്പിക്കാനുള്ള ഉദ്ദേശം തനിക്കുണ്ടായിരുന്നില്ല. അവരുടെ വ്യക്തിസ്വാതന്ത്ര്യവും അവകാശവും താന്‍ പൂര്‍ണ്ണമായി ബഹുമാനിക്കുന്നു. വര്‍ക്കെതിരായ അനാവശ്യ വിമര്‍ശനങ്ങളും ഹേറ്റ് ക്യാംപെയ്ന്‍കളും അവസാനിക്കണമെന്ന് താന്‍ ഹൃദയപൂര്‍വ്വം ആഗ്രഹിക്കുന്നു. അവര്‍ സമാധാനത്തോടെ, ആരുടെയും ഭീഷണിയോ സമ്മര്‍ദ്ദമോ കൂടാതെ, സ്വന്തം ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ അവസരം ലഭിക്കണമെന്നും ഫൈസല്‍ കുറിച്ചു.
എ കെ ഫൈസല്‍ മലബാറിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം:
ആദിലയും നൂറയും സംബന്ധിച്ച വിഷയത്തില്‍ എന്റെ നിലപാട് വളരെ വ്യക്തമാണ്. കോടതിയും ഗവണ്‍മെന്റും അനുവദിച്ചിട്ടുള്ള അവരുടെ സ്വാതന്ത്ര്യം പൂര്‍ണ്ണമായും ബഹുമാനിക്കപ്പെടണമെന്നും അവര്‍ക്ക് തങ്ങളുടെ ഇഷ്ടപ്രകാരം ജീവിതം നയിക്കാനുള്ള അവകാശം ഉണ്ടായിരിക്കണമെന്നും ഞാന്‍ ഹൃദയപൂര്‍വ്വം വിശ്വസിക്കുന്നു.
അതിനാല്‍, അവര്‍ക്ക് തങ്ങളുടെ ഇഷ്ടപ്രകാരം സ്വതന്ത്രമായി ജീവിക്കാനുള്ള അവകാശം നിഷേധിക്കാതെ, അവരെ തടസ്സപ്പെടുത്തുകയോ വിമര്‍ശിക്കുകയോ, അവരുടെ വ്യക്തിപരമായ തീരുമാനങ്ങളെ വിമര്‍ശിച്ച് ഹരാസ്‌മെന്റ് നടത്തുകയോ ചെയ്യുന്നത് ശരിയല്ല. ഏതൊരു മതത്തില്‍ വിശ്വസിക്കുന്നവരായാലും, മനുഷ്യന്റെ സ്വാതന്ത്ര്യത്തെയും വ്യക്തിനിയമത്തിന്റെയും ബഹുമാനം ഏതൊരു മതപരിധിക്കും അതീതമായ ഒരു അടിസ്ഥാന മനുഷ്യനന്മയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.
എന്റെ ഹൗസ്വാര്‍മിംഗ് ചടങ്ങുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ഉണ്ടായ തെറ്റിദ്ധാരണകളും വിവാദങ്ങളും ഒരിക്കലും എന്റെ ഉദ്ദേശ്യത്തിലുണ്ടായിരുന്നില്ല.
അത് പ്രതീക്ഷിച്ചതിനുമപ്പുറം ചില നെഗറ്റീവ് പ്രതികരണങ്ങളും ഹരാസ്‌മെന്റും ഉയര്‍ന്നുവെന്നും, അത് ഇവര്‍ക്ക് മാനസികമായി ബുദ്ധിമുട്ടുണ്ടാക്കിയെന്നും ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്.
അതുകൊണ്ടാണ് ഞാന്‍ വ്യക്തമായി പറയുന്നത്:
* അവരെ വേദനിപ്പിക്കാനുള്ള ഉദ്ദേശം എനിക്കൊന്നുമുണ്ടായിരുന്നില്ല
* അവരുടെ വ്യക്തിസ്വാതന്ത്ര്യവും അവകാശവും ഞാന്‍ പൂര്‍ണ്ണമായി ബഹുമാനിക്കുന്നു
* അവര്‍ക്കെതിരായ അനാവശ്യ വിമര്‍ശനങ്ങളും ഹേറ്റ് ക്യാംപെയ്ന്‍കളും അവസാനിക്കണമെന്ന് ഞാന്‍ ഹൃദയപൂര്‍വ്വം ആഗ്രഹിക്കുന്നു
* അവര്‍ സമാധാനത്തോടെ, ആരുടെയും ഭീഷണിയോ സമ്മര്‍ദ്ദമോ കൂടാതെ, സ്വന്തം ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ അവസരം ലഭിക്കണം
ഒരു മനുഷ്യനെന്ന നിലയില്‍, മനുഷ്യരുടെ സ്വാതന്ത്ര്യത്തെയും സുരക്ഷയെയും ബഹുമാനിക്കുക എന്നതാണ് ഏറ്റവും പ്രഥമമായ മൂല്യം.
ഈ വിഷയത്തെക്കുറിച്ച് എന്നോടു സംസാരിച്ച, കാര്യങ്ങള്‍ മനസ്സിലാക്കിയ, പിന്തുണച്ച എല്ലാ സുഹൃത്തുക്കള്‍ക്കും ഹൃദയപൂര്‍വം നന്ദി പറയുന്നു. തെറ്റിദ്ധാരണകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അതിനുള്ള ക്ഷമയും ഞാന്‍ വിനീതമായി അപേക്ഷിക്കുന്നു.




